| Sunday, 15th June 2025, 8:16 am

ഞാന്‍ വില്ലന്‍, ആ നടന്‍ നായകന്‍, അങ്ങനെയൊരു സിനിമ ചെയ്യാന്‍ മോഹമുണ്ട്; ആദ്യ സീനില്‍ തന്നെ അദ്ദേഹത്തെ വെടിവെച്ചു കൊല്ലണം: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്ക് സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍ ബാബു. 1975ല്‍ ദാസരി നാരായണ റാവു സംവിധാനം ചെയ്ത സ്വര്‍ഗ്ഗം നരകം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ ബാബുവിന്റെ നടനെന്ന നിലയില്‍ ആദ്യത്തെ വഴിത്തിരിവ് ഉണ്ടായത്. പിന്നീട് ഒന്നിന് പുറകെ ഒന്നായി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സിനിമയ്ക്കും വിദ്യാഭ്യാസ മേഖലയ്ക്കും നല്‍കിയ സംഭാവനകള്‍ക്ക് മോഹന്‍ ബാബുവിന് ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.

ശ്രീ ലക്ഷ്മി പ്രസന്ന പിക്ചേഴ്സ്, 24 ഫ്രെയിംസ് ഫാക്ടറി, മഞ്ചു എന്റര്‍ടൈന്‍മെന്റ് തുടങ്ങിയ നിര്‍മാണ കമ്പനികളുടെ സഹ ഉടമയാണ് അദ്ദേഹം. മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മോഹന്‍ ബാബു 500 ലധികം ചിത്രങ്ങളില്‍ നായകനായും, സഹനടനായും വ്യത്യസ്തമായ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മോഹന്‍ ബാബു അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് കണ്ണപ്പ. ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇപ്പോള്‍ മോഹന്‍ ബാബുവിനെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. കണ്ണപ്പയുടെ ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാലിനോട് ഒരു സിനിമ തരുമോയെന്ന് മോഹന്‍ ബാബു ചോദിച്ചിരുന്നു. 560 സിനിമകള്‍ ചെയ്ത ആളാണ് തന്നോട് ഒരു സിനിമ തരുമോന്ന് ചോദിക്കുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ ബാബു നായകനായി താന്‍ വില്ലനായ ഒരു സിനിമ വരണമെന്ന് ആഗ്രഹമുണ്ടെന്നും അത് നടത്താന്‍ മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂരിനോട് പറയുകയും ചെയ്യുന്നുണ്ട്.

‘560 സിനിമകള്‍ ചെയ്ത ആളാണ് എന്നോട് ഒരു സിനിമ തരുമോന്ന് ചോദിക്കുന്നത്. അതും വില്ലനായിട്ട് അഭിനയിക്കാന്‍. സാര്‍, അങ്ങ് നായകനായി ഞാന്‍ വില്ലനായി വരുന്ന ഒരു സിനിമയുണ്ടാകട്ടെ. എനിക്ക് അതിനുള്ള ഭാഗ്യമുണ്ടാകട്ടെ.

നമുക്ക് അടുത്ത് തന്നെ ഏതെങ്കിലും ഒരു സിനിമയില്‍ വില്ലനായും നായകനായും അഭിനയിക്കാന്‍ കഴിയട്ടെ. തീര്‍ച്ചയായും അത് സംഭവിക്കട്ടെ. ആന്റണി… അത് നോക്കിക്കോണം. എന്നിട്ട് ആദ്യ സീനില്‍ തന്നെ ഞാന്‍ വെടിവെച്ച് കൊല്ലും,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal Talks About Mohan Babu

We use cookies to give you the best possible experience. Learn more