| Monday, 24th March 2025, 7:41 pm

ഇച്ചാക്ക എന്റെ സുഹൃത്തും സഹോദരനും; വഴിപാടിന്റെ രസീത് അന്ന് ആരോ ലീക്ക് ആക്കിയതാണ്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയിടെ മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനിടെ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. മമ്മൂട്ടിക്കായി ഉഷപൂജ വഴിപാടായിരുന്നു മോഹന്‍ലാല്‍ നടത്തിയത്.

മുഹമ്മദ് കുട്ടി എന്ന പേരില്‍ വിശാഖം നക്ഷത്രത്തില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയതിന്റെ രസീത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍.

മമ്മൂട്ടി തന്റെ സുഹൃത്താണെന്നും തന്റെ ഒരു സഹോദരനാണെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മള്‍ എന്തിനാണ് അത് മറ്റുള്ളവരോട് പറയുന്നതെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.

അന്ന് താന്‍ ശബരിമലയില്‍ പോയപ്പോള്‍ മമ്മൂട്ടിക്ക് വേണ്ടി പൂജ ചെയ്തതിരുന്നുവെന്നും ദേവസ്വം ബോര്‍ഡിലെ ആരോ അതിന്റെ രസീത് പ്രസിന് ലീക്ക് ആക്കിയതാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ ഭാഗമായി ചെന്നൈയില്‍ നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മറ്റൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മള്‍ എന്തിനാണ് അത് പറയുന്നത്. ഞാന്‍ അന്ന് ശബരിമലയില്‍ പോയപ്പോള്‍ അദ്ദേഹത്തിന് വേണ്ടി പൂജ ചെയ്തതാണ്.

ദേവസ്വം ബോര്‍ഡിലെ ആരോ അതിന്റെ രസീത് അന്ന് പ്രസിന് ലീക്ക് ആക്കിയതാണ്. ആളുകളോട് എന്തിനാണ് ഞാന്‍ പൂജ ചെയ്ത കാര്യം പറയുന്നത്. അത് വളരെ പേഴ്‌സണലായ കാര്യമല്ലേ.

ഒരുപാട് ആളുകള്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് പറയാറുണ്ട്. എന്നിട്ട് വേറെ എന്തെങ്കിലും സംസാരിച്ചിരിക്കും.

മറ്റൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ തീര്‍ച്ചയായും പ്രാര്‍ത്ഥിക്കണം. അദ്ദേഹം എന്റെ സുഹൃത്താണ്. എന്റെ ഒരു സഹോദരനാണ്. അതുകൊണ്ട് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചതില്‍ ഒരു തെറ്റുമില്ല,’ മോഹന്‍ലാല്‍ പറയുന്നു.

Content highlight: Mohanlal Talks About Mammootty And Shabarimala Offering

We use cookies to give you the best possible experience. Learn more