| Saturday, 12th April 2025, 4:02 pm

എന്റെ അമ്മക്ക് അസുഖമായിരുന്നപ്പോള്‍ ആശുപ്രതിയില്‍ വന്ന് ആശ്വസിപ്പിക്കാന്‍ ആ നടനുണ്ടായിരുന്നു: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയുടെ അഭിമാനമാണ് മമ്മൂട്ടി. മൂന്ന് പതിറ്റാണ്ടുകളിലേറെയായി സജീവമായി അഭിനയ രംഗത്തുള്ള മമ്മൂട്ടി മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ ആറ് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 15 തവണ ഫിലിംഫെയര്‍ പുരസ്‌കാരവുംഅദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. വ്യക്തിപരമായ എല്ലാ സുഖദുഃഖങ്ങളിലും മമ്മൂട്ടിയും അദ്ദേഹത്തിന്റെ കുടുംബവും തനിക്കൊപ്പമുണ്ടായിരുന്നെന്ന് മോഹന്‍ലാല്‍ പറയുന്നു. തന്റെ മകന്‍ പ്രണവ് ആദ്യമായി അഭിനയിക്കാന്‍ തുടങ്ങിയത് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണെന്നും തന്റെ അമ്മക്ക് സുഖമില്ലാതെ കിടന്നപ്പോള്‍ മമ്മൂട്ടി ഹോസ്പിറ്റലില്‍ വന്നെന്നും അദ്ദേഹം പറഞ്ഞു.

‘വ്യക്തിപരമായ എല്ലാ സുഖദുഃഖങ്ങളിലും മമ്മൂട്ടിയും അദ്ദേഹത്തിന്റെ കുടുംബവും ഒരു സ്‌നേഹസാന്നിധ്യമായി എനിക്കും കുടുംബത്തിനുമൊപ്പമുണ്ടായിരുന്നു. എന്റെ മകന്‍ ആദ്യ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയാണ്. എന്റെ അമ്മക്ക് അസുഖമായിരുന്നപ്പോള്‍ ആശുപ്രതിയില്‍ വന്ന് ആശ്വസിപ്പിക്കാന്‍ മമ്മൂട്ടിയുണ്ടായിരുന്നു.

എന്റെ മകള്‍ വിസ്മയയുടെ കാവ്യപുസ്തകം ഇറങ്ങിയപ്പോള്‍ അതേക്കുറിച്ച് മമ്മൂട്ടിയുടെ മകന്‍ എഴുതിയ കുറിപ്പ് ഏറെ സന്തോഷത്തോടെയാണ് ഞങ്ങള്‍ വായിച്ചത്. ‘ചാലുച്ചേട്ടന്‍’ എന്ന് പറഞ്ഞാണ് ദുല്‍ഖര്‍ ആ കുറിപ്പ് അവസാനിപ്പിക്കുന്നത് എന്നാണ് എന്റെ ഓര്‍മ. ഇതില്‍ക്കൂടുതല്‍ എന്താണ് തലമുറകളിലേയ്ക്ക് പ്രവഹിക്കുന്ന സ്‌നേഹബന്ധത്തിന് തെളിവായി വേണ്ടത്?

എല്ലാകാലവും മമ്മൂട്ടി ഇതേപോലെ സുന്ദരനും സ്‌നേഹസമ്പന്നനുമായി ഇവിടെയുണ്ടാവട്ടെ. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ലഭിക്കട്ടെ. അത് കണ്ട് അഭിമാനിക്കാന്‍ നമുക്ക് ഭാഗ്യമുണ്ടാവട്ടെ,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal Talks About Mammootty

We use cookies to give you the best possible experience. Learn more