17ാം വയസിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മഞ്ജു വാര്യർ. പിന്നീട് സല്ലാപം എന്ന ചിത്രത്തിലെ നായികാകഥാപാത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം മൂന്ന് വർഷത്തെ കാലയളവിൽ ഏകദേശം 20 ഓളം മലയാള സിനിമകളിൽ വ്യത്യസ്തമായ ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
ഈ പുഴയും കടന്ന് എന്ന ചിത്രത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്, കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശം എന്നിവ ലഭിച്ചിട്ടുണ്ട്. 1999ൽ അഭിനയം നിർത്തിയെങ്കിലും 2014ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി. മോഹൻലാലിനൊപ്പം നിരവധി സിനിമകളിലൊന്നിച്ച മഞ്ജു ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുകയാണ്.
ഭൂമിയിൽത്തന്നെ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമാണ് മോഹൻലാലെന്നും താനിപ്പോഴും പരിഭ്രമത്തോട് കൂടിയാണ് അദ്ദേഹത്തിൻ്റെ മുന്നിൽ നിൽക്കുകയുള്ളു എന്നും മഞ്ജു പറയുന്നു. എന്നാൽ ആ വലിപ്പമൊക്കെ നമ്മുടെ മനസിലാണെന്നും മോഹൻലാൽ അതൊന്നും കാണിക്കില്ലെന്നും നടി പറഞ്ഞു. സാധാരണക്കാരിൽ സാധാരണക്കാരൻ ആണ് അദ്ദേഹമെന്നും എല്ലാവരോടും അങ്ങനെത്തന്നെയാണെന്നും അവർ കൂട്ടിച്ചേർത്തു.
മോഹൻലാൽ അഭിനയിക്കുന്നത് കാണാൻ സാധിക്കില്ലെന്നും എന്നാൽ സ്ക്രീനിൽ കാണാമെന്നും അവർ പറയുന്നു. ആറാം തമ്പുരാനിൽ ഒന്നിച്ച് പ്രവർത്തിച്ചപ്പോൾ താൻ അദ്ദേഹത്തിൻ്റെ മുഖത്ത് അഭിനയമൊന്നും കണ്ടില്ലെന്നും തന്നെ ഇഷ്ടപ്പെടാത്തത് ആണോ എന്നോർത്ത് തനിക്ക് ടെൻഷൻ ആയെന്നും മഞ്ജു പറഞ്ഞു.
എന്നാൽ ഡബ്ബിങ് തിയേറ്ററിൽ കണ്ടപ്പോൾ പതിനായിരം ഭാവം മുഖത്തുണ്ടായിരുന്നെന്നും അതാണ് മാജിക്കെന്നും നടി കൂട്ടിച്ചേർത്തു.
‘നമ്മൾ ലാലേട്ടൻ്റെ സ്വന്തം ആളാണ് എന്നേ തോന്നു. ഭൂമിയിൽത്തന്നെ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമാണ് ലാലേട്ടൻ. ചെറുതായി നെർവസ് ആയി, പരിഭ്രമത്തോട് കൂടിയേ ഞാനിപ്പോഴും മുന്നിൽ നിൽക്കാറുള്ളൂ. പക്ഷേ ആ വലിപ്പമൊക്കെ നമ്മുടെ മനസിലാണ്. ലാലേട്ടനതൊന്നും കാണിക്കില്ല. സാധാരണക്കാരിൽ സാധാരണക്കാരൻ. അങ്ങനെയാണ് എല്ലാവരോടും.
കാണാൻ പറ്റില്ല ലാലേട്ടൻ അഭിനയിക്കുന്നത്. പക്ഷേ സ്ക്രീനിൽ കാണാം ആ മാജിക്. ആറാം തമ്പുരാനിൽ ഒന്നിച്ചുണ്ടായല്ലോ. കുട്ടിക്കാലം മുതൽ കണ്ടുവളർന്ന മുഖം. ഞാനിങ്ങനെ പ്രതീക്ഷിച്ചിരിക്കുയാണ്, ഇപ്പോ കാണാം ആ ഭാവങ്ങളൊക്കെ എന്ന്. പക്ഷേ മുന്നിൽ നിന്നപ്പോൾ ഒന്നുമില്ല. ഒരു അഭിനയവുമില്ല.
എനിക്ക് ടെൻഷനായി. എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ ഇനി എന്ന് ചിന്തിച്ചു. പക്ഷേ ഡബ്ബിങ് തിയേറ്ററിൽ കണ്ടപ്പോൾ ഒരു പതിനായിരം ഭാവം മുഖത്ത്! ഞാൻ അന്തം വിട്ടു. എൻ്റെ മുന്നിൽ നിന്ന് അഭിനയിച്ചതാണല്ലോ, അപ്പോ ഒന്നും കണ്ടില്ലല്ലോ. പറഞ്ഞില്ലേ, അതാണ് ആ മാജിക്,’ മഞ്ജു പറയുന്നു.
Content Highlight: Mohanlal Talking about Mohanlal