നാല് പതിറ്റാണ്ടുകളായി സിനിമാരംഗത്ത് സജീവമാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തൻ്റെ പങ്കാളിയെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.
സമ്മാനങ്ങൾ കൊടുക്കാൻ ഒരുപാട് ഇഷ്ടമുള്ള ആളാണ് താനെന്നും സമ്മാനം എന്നുപറയുന്നത് തന്നെ രസമാണെന്നും മോഹൻലാൽ പറയുന്നു. നല്ല ഇഷ്ടങ്ങളിലാണ് നല്ല സമ്മാനങ്ങളും സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
താനൊരിക്കൽ വിവാഹവാർഷികം മറന്നുപോയെന്നും അത് സുചിത്രക്കും മനസിലായെന്നും എങ്കിലും തൻ്റെ പങ്കാളി തനിക്ക് സമ്മാനം തന്നെന്നും മോഹൻലാൽ പറഞ്ഞു.
അങ്ങനെ മറന്നുപോകുന്നത് നല്ല കാര്യമല്ലെന്നും എന്നിട്ടും ആ സന്ദർഭം സുചിത്ര ഈസിയായി കൈകാര്യം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സമ്മാനങ്ങൾ കൊടുക്കാൻ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ. സമ്മാനം എന്നുപറയുന്നത് തന്നെ ഭയങ്കര രസമുള്ള കാര്യമല്ലേ? ആരു തരുന്നു, എന്താണ് സമ്മാനം, എങ്ങനെ തരുന്നു, എവിടെ വെച്ചു തരുന്നു എന്നൊക്കെ പ്രധാനമാണ്. നല്ല നല്ല ഇഷ്‌ടങ്ങളിലല്ലേ നല്ല നല്ല സമ്മാനങ്ങളും സംഭവിക്കുന്നത്.
പ്രണയസമ്മാനങ്ങൾ കൊടുക്കാൻ താത്പര്യമുള്ളവർ ഇനിയും പ്രണയിക്കട്ടെ. ഒരിക്കൽ വിവാഹവാർഷികത്തിന് സുചി എനിക്കൊരു സമ്മാനം തന്നു. വിവാഹവാർഷികമാണെന്നു ഞാൻ മറന്നു പോയിരുന്നു. അതു സൂചിക്കും മനസിലായി. അതത്ര നല്ല കാര്യമൊന്നുമല്ല, എന്നിട്ടും വളരെ ഈസിയായി സുചി കൈകാര്യം ചെയ്‌തു.
വൈകുന്നേരമായപ്പോൾ എന്നെ വിളിച്ചു പറഞ്ഞു. ‘ബാഗിലൊരു സാധനം വച്ചിട്ടുണ്ട്. ഒന്നു തുറന്നു നോക്കൂ ‘ഞാൻ നോക്കിയപ്പോൾ ഒരു സമ്മാനവും ഒപ്പമൊരു കുറിപ്പും. അതിൽ എഴുതിയിട്ടുണ്ട്. ‘ഇന്നു നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ്. ഈ ദിവസം മറക്കാതിരിക്കുക’ എന്ന്,’ മോഹൻലാൽ പറയുന്നു
Content Highlight: Mohanlal Talking about His Partner and Love