| Monday, 28th April 2025, 5:23 pm

ഞാന്‍ ആ കാരവനില്‍ പെട്ടുപോയി; എന്നേയും കാത്ത് ലാല്‍ സാര്‍ മഴയത്ത്; ഷോട്ടിന് തൊട്ട് മുന്‍പ് അദ്ദേഹം ഒരു കാര്യം പറഞ്ഞു: ഷൈജു അടിമാലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും സിനിമാ സെറ്റിലെ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ഷൈജു അടിമാലി.

ഒരു തെറ്റിദ്ധാരണ കാരണം ലൊക്കേഷനിലെ കാരവനില്‍ പെട്ടുപോവുകയും ആറ് കിലോമീറ്റര്‍ അകലെ തന്നെയും കാത്ത് നടന്‍ മോഹന്‍ലാലിന് മഴയത്ത് നില്‍ക്കേണ്ടി വന്നതിനെ കുറിച്ചുമാണ് ഷൈജു വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മോഹന്‍ലാല്‍ എന്ന ലെജന്റ് യഥാര്‍ത്ഥത്തില്‍ ആരാണെന്ന് താന്‍ മനസിലാക്കിയ നിമിഷമായിരുന്നു അതെന്ന് ഷൈജു പറയുന്നു.

‘ അതിശയോക്തിയായോ മഹത്തരമായ കാര്യമായോ ഒന്നും പറയുന്നതല്ല. ഒരു കലാകാരന്‍ മനസിലാക്കേണ്ട കാര്യമെന്ന നിലയ്ക്ക് പറയുകയാണ്.

ലാല്‍സാറുമായുള്ള സീന്‍ എടുക്കുന്ന ദിവസമാണ്. ഞാനും ലാല്‍ സാറും ബൈക്കില്‍ പോകുന്ന ഒരു സീന്‍ ഉണ്ടല്ലോ. അന്ന് ഒരു ചാറ്റല്‍ മഴയുണ്ട്. അപ്പോള്‍ നമ്മുടെ ഷര്‍ട്ടൊക്കെ നനഞ്ഞു കഴിഞ്ഞാല്‍ അതൊരു പ്രശ്‌നമാണല്ലോ.

നമുക്ക് അവിടെ കാരവനൊക്കെ ഉണ്ട്. നമ്മള്‍ പക്ഷേ പുറത്താണ് ഇരിക്കാറ്. നമുക്ക് എല്ലാവരുമായി വര്‍ത്തമാനം പറഞ്ഞ് ഇരിക്കാമല്ലോ. ഇങ്ങനെ ഒരു സെറ്റ് നമുക്ക് അഭിനയിക്കാന്‍ കിട്ടുകയാണല്ലോ.

കാരവനില്‍ ഇരുന്നാല്‍ ആ സുഖം കിട്ടില്ല. ഇത് വരുന്നവരെയെല്ലാം കാണാം. ലാല്‍ സാറിനെ, ശോഭനാ മാമിനെ പിന്നെ തരുണ്‍ സാറിന്റെ ഡയരക്ഷന്‍ തന്നെ കണ്ടു നില്‍ക്കാന്‍ നല്ല രസമാണ്.

നമ്മുടെ കൂടെ ചെയ്ത ആള്‍ക്കാരോടൊപ്പമെല്ലാം കമ്പനിയായി പുറത്ത് വര്‍ത്താനം പറഞ്ഞ് ഇരിക്കും. അങ്ങനെ ഈ സീന്‍ എടുക്കാന്‍ നേരം ഞാനും സാറുമാണ് വേണ്ടത്. മറ്റുള്ളവര്‍ കാറിലാണ്. അവിടെ ചാറ്റല്‍ മഴ വന്നപ്പോള്‍ ഷൈജു നനയണ്ട, കാരവനില്‍ കയറി ഇരുന്നോ എന്ന് പറഞ്ഞു.

ഞാന്‍ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും എന്നെ ആരും വിളിക്കുന്നില്ല. ഞാന്‍ കാരവാന്‍ തുറന്ന് നോക്കുമ്പോള്‍ അവിടെ ആരുമില്ല. വണ്ടികളും ഒന്നുമില്ല. നമ്മളെ കൊണ്ടുപോകുന്ന വണ്ടിയുണ്ട്. അത് മറ്റെന്തോ ആവശ്യത്തിന് എടുക്കേണ്ടി വന്നപ്പോള്‍ എന്നോട് കാരവനിലേക്ക് ഇരിക്കാന്‍ പറഞ്ഞതാണ്.

ഞാന്‍ ആ വണ്ടിയില്‍ ഉണ്ടാകും എന്ന് മറ്റുള്ളവര്‍ പ്രതീക്ഷിച്ചു കാണും. ഞാന്‍ ഉടനെ എന്റെ ഫോണ്‍ നോക്കി. സയലന്റ് ആണ്. നോക്കുമ്പോള്‍ ഡിക്‌സണ്‍ ചേട്ടന്റെ കോള്‍ വരുന്നു. എവിടെയുണ്ട് ഷൈജു? എന്ന് ചോദിച്ചു. ഞാന്‍ കാരവനില്‍. എന്നെ ഇവിടെ കൊണ്ടിരുത്തിയതാണ് എന്ന് പറഞ്ഞു.

അയ്യോ ലൊക്കേഷനില്‍ വരണ്ടേ എന്ന് ചോദിച്ചു.. ശ്ശേ.. പിന്നെ അവിടെ കുറേപ്പേരുടെ വര്‍ത്താനം കേള്‍ക്കാം. ഞാന്‍ ഇങ്ങനെ ഇരിക്കുകയാണ്. അഞ്ചോ ആറോ കിലോമീറ്റര്‍ അപ്പുറത്താണ് ഷൂട്ട് നടക്കുന്നത്.

ഞാന്‍ നോക്കുമ്പോള്‍ ഒരു വണ്ടി വിട്ടുവരുന്നുണ്ട്. അവിടെയിട്ട് തിരിച്ച് ചേട്ടാ എവിടെയായിരുന്നു, എന്ന് ചോദിച്ചു. എന്നെ ഇതിനകത്ത് കയറ്റി ഇരുത്തിയായിരുന്നു. എന്നെ വിളിക്കുമല്ലോ എന്ന് കരുതിയെന്ന്പറഞ്ഞു.

ഞാന്‍ മറ്റേ വണ്ടിയില്‍ ഉണ്ടെന്ന് അവര്‍ പ്രതീക്ഷിച്ചു. ആരുടേയും തെറ്റല്ല. സ്വാഭാവികമായി സംഭവിച്ചതാണ്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ കാണുന്നത് സാര്‍ റെഡിയായിട്ട് ഈ ബൈക്കില്‍ ചാരി നില്‍ക്കുന്നു.

സാറിന് കുടചൂടി പ്രൊഡ്യൂസര്‍ രഞ്ജിത് സാര്‍ വര്‍ത്തമാനം പറഞ്ഞ് നില്‍ക്കുകയാണ്. സാറിനോട് ആള്‍ വന്നിട്ടില്ലെന്നും കാരവാനില്‍ കുടുങ്ങിയെന്നും പറഞ്ഞപ്പോള്‍ കുഴപ്പമില്ല ആള് വരട്ടെയെന്ന് ലാല്‍ സാര്‍ പറഞ്ഞു.

ആ ചാറ്റല്‍ മഴയില്‍ ആ കുടയും ചൂടി വര്‍ത്തമാനം പറഞ്ഞ് ഞാന്‍ വരുന്ന അത്രയും സമയം അദ്ദേഹം അവിടെ നിന്നെങ്കില്‍, അതായത് എമ്പുരാന്‍ ഉള്‍പ്പെടെയുള്ള ഷൂട്ടും തിരക്കുമായി നടക്കുന്ന വലിയൊരു ലെജന്റായുള്ള മനുഷ്യന്‍ നമുക്ക് വേണ്ടി, കാരണം എന്റേതല്ലെങ്കില്‍ പോലും അത്രയും നേരം കാത്തു നിന്നെങ്കില്‍ ഒന്ന് ആലോചിച്ചു നോക്കൂ.

ഒരു കാല് ബൈക്കില്‍ കുത്തിവെച്ച് മറ്റേ കാല്‍ കയറ്റിയും വെച്ച് അവിടെ നിന്ന് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത് ഒന്ന് ചിന്തിച്ചു നോക്കിക്കേ.. പിന്നെ ആ ബൈക്കില്‍ കയറി ഞാന്‍ ഇരിക്കുകയും ചെയ്യണം.

ആ ബൈക്ക് എടുക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ മുഖം ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ താമസിച്ചു വന്നതില്‍ ഇദ്ദേഹത്തിന് ഇഷ്ടക്കുറവുണ്ടോ എന്ന് ഞാന്‍ കണ്ണാടിയിലൂടെ നോക്കുന്നുണ്ട്.

വണ്ടി എടുക്കാന്‍ നേരം അദ്ദേഹം ‘പിടിച്ചിരുന്നോ പിടിച്ചിരുന്നോ നമ്മള്‍ നൂറേലാണ് ‘എന്നൊക്കെ പറഞ്ഞ് നമ്മളെ ചിരിപ്പിച്ച് ഭയങ്കരമായി ജോളിയായി ആ സീന്‍ അങ്ങ് ചെയ്തു. അത്ര നല്ല ലൊക്കേഷനും അത്രയും നല്ല അനുഭവവും ആണ് എനിക്കുണ്ടായത്,’ ഷൈജു അടിമാലി പറഞ്ഞു.

Content Highlight: Mohanlal Sir waiting for me to come he said one thing Says Shyju Adimali

Latest Stories

We use cookies to give you the best possible experience. Learn more