| Thursday, 6th March 2025, 5:54 pm

അതൊരു കള്‍ട്ട് ചിത്രം; ഒരു നടന്റെ ജീവിതത്തില്‍ ഇത്തരം സിനിമ ഒരിക്കല്‍ മാത്രം: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൂവാനത്തുമ്പികള്‍ എന്ന സിനിമയൊരു കള്‍ട്ടാണെന്നും ഒരു നടന്റെ ജീവിതത്തില്‍ ഇത്തരം സിനിമ ഒരുപക്ഷെ ഒരിക്കല്‍ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും പറയുകയാണ് മോഹന്‍ലാല്‍.

ഇന്നും ആ സിനിമയെ കുറിച്ച് ചുറ്റുമുള്ള ആളുകള്‍ പറയുന്നത് കേള്‍ക്കാമെന്നും അങ്ങനെ പറയുന്നുണ്ടെങ്കില്‍ അത് താന്‍ കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജയകൃഷ്ണന്‍ എന്ന കഥാപാത്രം കാരണമാണെന്നും ആ കഥാപാത്രമാണ് സിനിമയുടെ വിജയത്തിന് കാരണമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ പവര്‍ഫുള്ളായ ഒരു സ്‌ക്രിപ്റ്റാണ് തൂവാനത്തുമ്പികളുടേതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

‘അഞ്ഞൂറില്‍ കൂടുതല്‍ തവണ തൂവാനത്തുമ്പികള്‍ എന്ന എന്റെ സിനിമ കണ്ടിട്ടുള്ള ആളുകളെ എനിക്കറിയാം. ഓരോ തവണയും അവര്‍ ആ സിനിമ മുഴുവനായും കാണുന്നു. ഒപ്പം വീണ്ടും വീണ്ടും കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം. കാരണം അത്തരത്തിലൊരു മാജിക്ക് ആ സിനിമക്കുണ്ട്.

പറഞ്ഞു വരുമ്പോള്‍ തൂവാനത്തുമ്പികള്‍ക്ക് മറ്റൊരു പ്രത്യേകതയുമുണ്ട്. ഈ സിനിമയില്‍ പ്രണയത്തിന് പുറമെ അസൂയയും ദേഷ്യവുമൊക്കെ കാണാനാകും. തൂവാനത്തുമ്പികള്‍ എന്ന ഈ സിനിമ ഒരു കള്‍ട്ടാണ്. ഒരു നടന്റെ ജീവിതത്തില്‍ ഇത്തരം സിനിമ ഒരുപക്ഷെ ഒരിക്കല്‍ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇന്നും ഈ സിനിമയെ കുറിച്ച് ചുറ്റുമുള്ള ആളുകള്‍ പറയുന്നത് കേള്‍ക്കാം. അങ്ങനെ പറയുന്നുണ്ടെങ്കില്‍ അത് മോഹന്‍ലാല്‍ കാരണമല്ല. പകരം ഈ കഥാപാത്രം കാരണമാണ്. ജയകൃഷ്ണന്‍ എന്ന കഥാപാത്രമാണ് ഈ സിനിമയുടെ വിജയത്തിന് കാരണം. അത്രയേറെ പവര്‍ഫുള്ളായ ഒരു സ്‌ക്രിപ്റ്റാണ് ഈ സിനിമയുടേത്,’ മോഹന്‍ലാല്‍ പറയുന്നു.

തൂവാനത്തുമ്പികള്‍:

പത്മരാജന്‍ സംവിധാനം ചെയ്ത് 1987ല്‍ റിലീസായ ചിത്രമാണ് തൂവാനത്തുമ്പികള്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളായി പരിഗണിക്കുന്ന സിനിമകളിലൊന്നാണ് ഇത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.

അദ്ദേഹത്തിന് പുറമെ സുമലത, പാര്‍വതി എന്നിവരായിരുന്നു ആ സിനിമക്കായി ഒന്നിച്ചത്. ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയം ഇന്നും മലയാളികള്‍ നെഞ്ചിലേറ്റുന്ന ഒന്നാണ്. എന്നാല്‍ റിലീസ് ചെയ്ത സമയത്ത് പരാജയം ഏറ്റുവാങ്ങിയ ചിത്രമാണ് ഇത്.

Content Highlight: Mohanlal Says Thoovanathumbikal Movie Is a Cult

Latest Stories

We use cookies to give you the best possible experience. Learn more