| Sunday, 14th February 2021, 5:21 pm

അവിടെ ചെന്നിറങ്ങിയപ്പോള്‍ കണ്ട ആ മുഖങ്ങള്‍, കൊവിഡ് കാലം എനിക്കു തന്ന ഏറ്റവും വലിയ സമ്മാനം; മോഹന്‍ലാല്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡ് ലോക്ക്ഡൗണ്‍ കാലത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മോഹന്‍ലാല്‍. കൊവിഡ് കാലത്ത് തന്റെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ സന്തോഷനിമിഷത്തെക്കുറിച്ചാണ് മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ തുറന്നു പറയുന്നത്.

‘ദൃശ്യം 2ന്റെ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം ലൊക്കേഷനില്‍ ചെന്നിറങ്ങിയപ്പോള്‍ കണ്ട മുഖങ്ങളിലെ സന്തോഷമാണ് കൊവിഡ് കാലത്ത് തനിക്ക് കിട്ടിയ ഏറ്റവും വലിയ സന്തോഷമെന്ന് മോഹന്‍ലാല്‍ പറയുന്നു. ഡ്രൈവര്‍മാര്‍, ലൈറ്റ് ബോയ്‌സ്, ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ്, കോസ്റ്റ്യൂമര്‍മാര്‍, ഭക്ഷണം നല്‍കുന്നവര്‍, ക്യാമറ തയ്യാറാക്കുന്നവര്‍ അങ്ങനെ ഓരോരുത്തരുടെയും മുഖം ഞങ്ങളോട് പറഞ്ഞത് ഭാഷ കൊണ്ട് പറഞ്ഞു തരാനാകാത്ത സന്തോഷമായിരുന്നു’, മോഹന്‍ലാല്‍ പറയുന്നു.

ഒമ്പതുമാസത്തോളം വീട്ടിലിരുന്ന ശേഷം ക്യാമറക്ക് മുന്നില്‍ ആക്ഷന്‍ എന്ന ശബ്ദം കേട്ടതും ഞാന്‍ പഴയതെല്ലാം മറന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കൊവിഡ് വന്നില്ലായിരുന്നുവെങ്കില്‍ ദൃശ്യം 2 ഇത്രയും പെട്ടെന്ന് ചെയ്യില്ലായിരുന്നുവെന്നും ലോക്ക്ഡൗണ്‍ സമയത്ത് വര്‍ക്കൊന്നുമില്ലാതിരുന്നപ്പോള്‍ എവിടെ തുടങ്ങണം എന്നാലോചിച്ചപ്പോളാണ് ദൃശ്യം തുടങ്ങാന്‍ തീരുമാനിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു.

കൊവിഡ്കാലത്ത് തനിക്ക് പിരിമുറുക്കങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ലെന്നും ജോലിയില്‍നിന്നു വിട്ടു നമ്മള്‍ മാത്രമാകുന്ന ഒരു കാലം ജീവിതത്തില്‍ ഉണ്ടാകുമെന്ന് തനിക്കറിയാമായിരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു.

‘എനിക്ക് തനിച്ചിരിക്കാന്‍ പ്രയാസമില്ല. ഒരു ദിവസം ഞാനും തനിച്ചായിപ്പോയേക്കും. വീട്ടിലിരുന്നു പോകുന്നു എന്നതൊരു ഞെട്ടലല്ല. ഞാന്‍ എന്റെ കൂടെ ജോലി ചെയ്ത ഒരുപാടുപേരെ വിളിക്കുകയും മനസ്സു നിറയ്ക്കുകയും ചെയ്തു’, മോഹന്‍ലാല്‍ പറഞ്ഞു.

ദൃശ്യത്തിലെ ജോര്‍ജുകുട്ടിയെന്ന കഥാപാത്രം തനിക്കും ദുരൂഹമാണെന്ന് മോഹന്‍ലാല്‍ നേരത്തേ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഏഴ് വര്‍ഷത്തിന് ശേഷമാണ് ‘ദൃശ്യത്തിന്റെ ലോക’ത്തിലേക്ക് ഞാന്‍ മടങ്ങുന്നത്. ഈ നിമിഷം ജോര്‍ജുകുട്ടി എനിക്ക് ദുരൂഹമാണ്. ഒരേസമയം എനിക്ക് അയാളെ അറിയാനും അറിയാതിരിക്കാനും പറ്റുന്നുണ്ട്- മോഹന്‍ലാല്‍ പറയുന്നു.

ജോര്‍ജുകുട്ടി ആരാണ് എന്നതില്‍ തന്റെയുള്ളിലും സംവാദം നടക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

‘ജോര്‍ജുകുട്ടിയ്ക്ക് കുടുംബവുമായി ദൃഢമായ ബന്ധമാണുള്ളത്. എന്തെങ്കിലും സംഭവിച്ചേക്കാം എന്ന ചിന്തയിലാണ് അയാള്‍ ജീവിക്കുന്നത്’, മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mohanlal says about shooting after covid

Latest Stories

We use cookies to give you the best possible experience. Learn more