| Wednesday, 26th March 2025, 9:56 pm

ആ മൂന്ന് സിനിമയിലും പകുതിയോടടുക്കുമ്പോഴാണ് എന്റെ കഥാപാത്രം വന്നത്, അതെല്ലാം സൂപ്പര്‍ഹിറ്റായി, എമ്പുരാനിലും അതുപോലെ തന്നെയാകും: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ എല്ലാകാലവും ആഘോഷിക്കുന്ന നടനാണ് മോഹന്‍ലാല്‍. 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന നടന്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച മോഹന്‍ലാല്‍ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായവും അണിഞ്ഞു.

എമ്പുരാനിലും ലൂസിഫറിലും 40 മിനിറ്റിനടുത്ത് മാത്രമേ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് സ്‌ക്രീന്‍ സ്‌പെയ്‌സ് ഉള്ളൂവെന്ന് സംവിധായകന്‍ പൃഥ്വിരാജ് അടുത്തിടെ പറഞ്ഞിരുന്നു. അത്രയും ചെറിയ സ്‌ക്രീന്‍ സ്‌പെയ്‌സില്‍ എങ്ങനെ ഒരു നായക കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മോഹന്‍ലാല്‍.

തന്നെ സംബന്ധിച്ച് സിനിമകളില്‍ തന്റെ കഥാപാത്രത്തിന് എത്രനേരം സ്‌ക്രീന്‍ സ്‌പെയ്‌സ് ഉണ്ടെന്നുള്ളത് വലിയ കാര്യമല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തന്റെ ആദ്യചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ഇന്റര്‍വെല്ലിനോടടുക്കുമ്പോഴാണ് തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതെന്നും ആ കഥാപാത്രത്തെ എല്ലാവര്‍ക്കും ഇഷ്ടമായെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

അതുപോലെ നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് വളരെ കുറച്ച് സ്‌ക്രീന്‍ സ്‌പെയ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ആ ചിത്രവും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്നും മോഹന്‍ലാല്‍ പറയുന്നു. താനും ഫാസിലും വീണ്ടുമൊന്നിച്ച മണിച്ചിത്രത്താഴിലും തന്റെ കഥാപാത്രം വരുന്ന പോയിന്റാണ് ഇന്റര്‍വെല്ലെന്നും ആ സിനിമ ഇന്നും പലര്‍ക്കും പ്രിയപ്പെട്ടതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മൂന്ന് സിനിമകളുടെയും സംവിധായകന്‍ ഫാസിലാണെന്നും അദ്ദേഹത്തിന്റെ കഴിവാണ് ആ മൂന്ന് കഥാപാത്രങ്ങളും ഇന്നും ഓര്‍മിക്കപ്പെടാന്‍ കാരണമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എത്ര ചെറിയ കഥാപാത്രമാണെങ്കിലും അതിനെ പ്രേക്ഷകര്‍ക്ക് രജിസ്റ്ററാകുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ കഴിവുള്ള സംവിധായകരുണ്ടെങ്കില്‍ പേടിക്കേണ്ട ആവശ്യമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. പിങ്ക്‌വില്ലയോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘എന്നെ സംബന്ധിച്ച് എന്റെ കഥാപാത്രം സിനിമയില്‍ എത്രനേരം ഉണ്ട് എന്നൊന്നും വലിയ കാര്യമായി കാണുന്നില്ല. അത് എന്നെ ബാധിക്കുന്ന കാര്യമല്ല. എന്റെ ആദ്യചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ഇന്റര്‍വെല്ലിനോടടുത്താണ് ഞാന്‍ വരുന്നത്. ആ കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു.

അതുപോലെ നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമ. അതില്‍ വളരെ കുറച്ച് നേരമേ എന്റെ ക്യാരക്ടറിനെ കാണിക്കുന്നുള്ളൂ. ആ സിനിമയും ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നു. ഞാനും ഫാസിലും മൂന്നാമത് കൈകോര്‍ത്ത മണിച്ചിത്രത്താഴിലും അതുപോലെ തന്നെയാണ്. എന്റെ ക്യാരക്ടര്‍ വരുന്ന പോയിന്റാണ് സിനിമയുടെ ഇന്റര്‍വെല്‍. ഇന്നും ആ സിനിമ പലരുടെയും ഫേവറെറ്റാണ്.

ഈ മൂന്ന് സിനിമകളും സംവിധാനം ചെയ്തത് ഫാസിലാണ്. അദ്ദേഹത്തിന്റെ കഴിവാണ് ഈ മൂന്ന് ക്യാരക്ടറും ഇന്നും ഓര്‍മിക്കപ്പെടാന്‍ കാരണം. എത്ര ചെറിയ കഥാപാത്രമാണെങ്കിലും അത് പ്രേക്ഷകരില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന തരത്തില്‍ അവതരിപ്പിക്കുന്നത് സംവിധായകന്റെ ടാലന്റാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal saying the screen time of his character doesn’t bother him

We use cookies to give you the best possible experience. Learn more