തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് തുടരും. മോഹൻലാൽ, ശോഭന എന്നിവർ പ്രധാനകഥാപാത്രമായി എത്തിയ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചത് കെ. ആർ. സുനിൽ, തരുൺ മൂർത്തി എന്നിവർ ചേർന്നാണ്. എം. രഞ്ജിത്താണ് ചിത്രം നിർമിച്ചത്.
15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയോട് കൂടിയാണ് ആദ്യം മുതൽ ശ്രദ്ധിക്കപ്പെട്ടത്. പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ ചിത്രം തിയേറ്ററിലെത്തിയപ്പോൾ സിനിമ വൻഹിറ്റായി മാറി. ഷൺമുഖത്തിനെയും ലളിതയെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. തുടരും സിനിമയില്‍ ശോഭനയെ കാസ്റ്റ് ചെയ്തത് അറിഞ്ഞപ്പോള്‍ മോഹന്‍ലാലിന്റെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് രജപുത്ര രഞ്ജിത്ത്.
നായിക ആരാണെന്ന് ചോദിച്ച് മോഹന്‍ലാല്‍ എപ്പോഴും തന്നെ വിളിക്കുമായിരുന്നുന്നെന്നും അപ്പോള്‍ താന്‍ ഓരോ നടിമാരുടെ കാര്യം പറയുമായിരുന്നു എന്നും രഞ്ജിത്ത് പറയുന്നു.
ശോഭന സിനിമയില്‍ കമ്മിറ്റ് ചെയ്തിട്ടാണ് താന്‍ മോഹന്‍ലാലിനോട് ഇക്കാര്യം പറഞ്ഞതെന്നും നല്ല കാസ്റ്റിങ് ആണ് അതെന്നാണ് അപ്പോൾ മോഹൻലാൽ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ ശോഭനയെയാണ് കാസ്റ്റ് ചെയ്തത് എന്നറിഞ്ഞപ്പോള്‍ തന്നെ ഈ വാർത്ത കേരളം ആഘോഷിച്ചുവെന്നും രഞ്ജിത്ത് അഭിപ്രായപ്പെട്ടു.
വര്‍ഷങ്ങളായിട്ട് കണ്ട് ഇഷ്ടപ്പെട്ട ആളുകളാണ് ശോഭനയും മോഹൻലാലുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു രജപുത്ര രഞ്ജിത്ത്.
‘നായിക ആരാണെന്ന് ചോദിച്ച് ഓരോ ദിവസവും ചേട്ടന്‍ വിളിക്കുമായിരുന്നു. എവിടെയാണെങ്കിലും വിളിച്ച് എന്നോട് ചോദിക്കും എന്തായി നമ്മുടെ നായിക എന്ന്. അപ്പോള്‍ ഓരോരുത്തരുടെ കാര്യവും ഞാന്‍ ഇങ്ങനെ പറയുമ്പോള്‍ ‘നമുക്ക് നോക്കാം’ എന്ന് പറയും ചേട്ടന്‍.
ഒരിക്കലും ശോഭനയെ അഭിനയിക്കാന്‍ കിട്ടുമെന്ന് ചേട്ടന്‍ അറിയുന്നില്ല. ഞാന്‍ ശോഭന കമ്മിറ്റ് ചെയ്തിട്ടാണ് പറഞ്ഞത്. ചേട്ടാ ശോഭന ഓക്കെയായിട്ടുണ്ട്. ‘ദൈവമേ ഇവര്‍ എങ്ങനെ സമ്മതിച്ചു, എല്ലാ സിനിമക്കും വിളിച്ച് നോക്കുന്നതാണ്. വരില്ല’ എന്ന് പറഞ്ഞു. എന്നിട്ട് ചേട്ടന്‍ ശോഭനയുടെ ഡാന്‍സ് ക്ലാസ് ഒക്കെയോ എന്ന് ചോദിച്ചു.
അപ്പോള്‍ അതെല്ലാം മാനേജ് ചെയ്യാമെന്നാണ് ഞാന്‍ പറഞ്ഞത്. ‘അയ്യോ നല്ല കാസ്റ്റിങ്ങാണ്. ഇനി ഒന്നും ആലോചിക്കേണ്ട’ എന്ന് പറഞ്ഞു ചേട്ടന്‍. നമ്മള്‍ കാസ്റ്റ് ചെയ്തു എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ ഈ കേരളം ആഘോഷിച്ചു. കാരണം ഇതൊരു വലിയ കോമ്പിനേഷന്‍ ആണ്.
നമ്മളൊക്കെ വര്‍ഷങ്ങളായിട്ട് കണ്ട് ഇഷ്ടപ്പെട്ട ആളുകളല്ലേ ഇവര്‍ രണ്ടുപേരും. അതുകൊണ്ട് അത് വലിയ വാര്‍ത്ത തന്നെയായിരുന്നു. ആ സിനിമയുടെ ആദ്യത്തെ ഭാഗ്യമുള്ള വാര്‍ത്ത അതായിരുന്നു,’ രജപുത്ര രഞ്ജിത്ത് പറയുന്നു.
Content Highlight: Mohanlal’s Reaction that After he knows Shobhana was the heroin in Thudarum Movie