മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് നേരെ കഴിഞ്ഞദിവസം നടന്ന സംഭവം വലിയ വാര്‍ത്തയായിരുന്നു. എറണാകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ താരത്തിന് ചുറ്റും മാധ്യമപ്രവര്‍ത്തകര്‍ അണിനിരക്കുകയും താരം അതില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. എന്നാല്‍ തള്ളിക്കയറിയ ഒരു മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ കൊണ്ടത് വലിയ വാര്‍ത്തയായി.
എന്നാല്‍ താരം ഇതില്‍ പ്രകോപിതനാകാതെ സാഹചര്യത്തെ കൈകാര്യം ചെയ്യുകയായിരുന്നു. മോഹന്‍ലാലിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചും മാധ്യമപ്രവര്‍ത്തകനെ വലിയ രീതിയില്‍ വിമര്‍ശിച്ചും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. മോഹന്‍ലാലിന്റെ സ്ഥാനത്ത് മറ്റേതെങ്കിലും നടനായിരുന്നെങ്കില്‍ മൈക്ക് ഒടിച്ചുകളഞ്ഞേനെയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സംസാരിക്കാന്‍ താത്പര്യമില്ലാത്ത സെലിബ്രിറ്റികളുടെ അടുത്തേക്ക് മൈക്കുമായി തള്ളിക്കയറുന്ന മാധ്യമങ്ങള്‍ മര്യാദ പാലിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ മോഹന്‍ലാലും മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അത്രയും വലിയ തിരക്കിനിടയില്‍ തനിക്ക് സംഭവിച്ച അബദ്ധമായിരുന്നു അതെന്ന് മാധ്യമപ്രവര്‍ത്തകന്‍ മോഹന്‍ലാലിനോട് പറഞ്ഞു.
അതില്‍ കുഴപ്പമില്ലെന്ന് പറഞ്ഞ താരം, ആ സംഭവം ഇത്രയും വലിയ വാര്‍ത്തയാകുമെന്ന് താന്‍ കരുതിയില്ലെന്നും പറയുന്നുണ്ട്. ആളുകള്‍ക്ക് കുറ്റം പറയാന്‍ ആരെയെങ്കിലും കിട്ടണമെന്നും ഇത്തവണ അത് താങ്കളാണെന്നും മോഹന്‍ലാല്‍ റിപ്പോര്‍ട്ടറോട് തമാശരൂപത്തില്‍ പറഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നപ്പോള്‍ അങ്ങനെ സംഭവിക്കുമെന്ന് താന്‍ കരുതിയില്ലെന്നും ക്ഷമിക്കണമെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു.
തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞ മോഹന്‍ലാല്‍ ‘പുരികത്ത് കൊള്ളേണ്ടത് കണ്ണിന് കൊണ്ടു, അതില്‍ കുഴപ്പമില്ല, പക്ഷേ, നിന്നെ ഞാന്‍ നോക്കി വെച്ചിട്ടുണ്ട്’ എന്ന് ചിരിച്ചുകൊണ്ട് പറയുന്നതും സംഭാഷണത്തില്‍ കേള്‍ക്കാന്‍ സാധിക്കും. മോഹന്‍ലാലിന്റെ ഫാന്‍സ് പേജാണ് ഈ ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ കൂടുതലായി പ്രചരിപ്പിക്കുന്നത്.
വളരെ സെന്‍സിറ്റീവായേക്കാവുന്ന വിഷയത്തെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത മോഹന്‍ലാലിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് പല പോസ്റ്റുകളും വരുന്നുണ്ട്. ബാന്‍ഡേജിട്ട കൈയുമായി ദേവാസുരത്തിന്റെ ക്ലൈമാക്‌സിന് വന്നപ്പോള്‍ നാട്ടുകാരിലൊരാള്‍ കൈപിടിച്ച് വലിക്കുകയും ആ സമയത്ത് ചിരിച്ചുകൊണ്ട് നടന്ന മോഹന്‍ലാലിന് ഇതൊന്നും പുതിയ കാര്യമല്ലെന്ന് സനല്‍കുമാര്‍ പത്മനാഭന്‍ എന്നയാള്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
Content Highlight: Mohanlal’s phone call with Reporter viral in social media