വർഷങ്ങൾക്ക് ശേഷം വീണ്ടും പൊലീസ് വേഷത്തിൽ പ്രക്ഷകരുടെ മുന്നിലേക്ക് എത്താനൊരുങ്ങി മോഹൻലാൽ. തല്ലുമാല, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ നടനായും, അഞ്ചാംപാതിര സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ച ഓസ്റ്റിൻ ഡാൻ തോമസാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്‍സ് നിർമിക്കുന്ന പടത്തിന് എൽ365 എന്നാണ് താത്കാലികമായി ഇട്ടിരിക്കുന്ന പേര്.
ചിത്രത്തിൽ എസ്. ഐയുടെ വേഷത്തിലായിരിക്കും മോഹൻലാൽ എത്തുകയെന്നാണ് വിവരം. കോമഡി ത്രില്ലർ ചിത്രമായിരിക്കും ഇത്. ചിത്രത്തിൻ്റെ മറ്റുവിവരങ്ങൾ ലഭ്യമല്ല. മോഹൻലാൽ തന്നെയാണ് ചിത്രത്തിൻ്റെ പോസ്റ്റർ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ചത്.
ട്വൽത്ത് മാനിന് ശേഷം മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. മോഹൻലാലിൻ്റേതായി അവസാനം ഇറങ്ങിയ പടം തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ആണ്. ചിത്രം തിയേറ്ററിൽ വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിലെ മോഹൻലാലിൻ്റെ പ്രകടനം നിറയേ കയ്യടികൾ ഏറ്റുവാങ്ങിയിരുന്നു. രജപുത്ര രഞ്ജിത്താണ് ചിത്രം നിർമിച്ചത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവ്വം ആണ് അദ്ദേഹത്തിൻ്റെ വരാനിരിക്കുന്ന സിനിമ. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് സിനിമ നിർമിക്കുന്നത്. എമ്പുരാന് ശേഷം ആശിർവാദ് സിനിമാസിനെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രമാണിത്.
സത്യൻ അന്തിക്കാടിൻ്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിൻ്റെ കഥ അഖിൽ സത്യൻ നിർവഹിക്കുമ്പോൾ അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയാണ് പ്രവർത്തിക്കുന്നത്.
Content Highlight: Mohanlal’s New Movie is Coming soon, Directed by Austin Dan Thomas