കൊച്ചി: അനുശ്രീ പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രം “ഓട്ടര്‍ഷ”യുടെ ട്രെയ്ലര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക് പേജിലൂടെ വൈകിട്ട് ആറരയോടെയാണ് ട്രെയ്ലര്‍ പോസ്റ്റ് ചെയ്തത്. “നവംബര്‍ 23 മുതല്‍ ഓട്ടര്‍ഷയുമായി നമ്മളെ കൂട്ടുവാന്‍ അവള്‍ വരുന്നു… നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ “സുധി”യും കാത്തിരിക്കുന്നു അനിതയുടെ ഓട്ടോ സവാരിക്ക്” എന്ന ക്യാപ്ഷനോടുകൂടിയാണ് മോഹന്‍ലാല്‍ വീഡിയോ പുറത്തുവിട്ടത്. താന്‍ പണ്ട് അവതരിപ്പിച്ച “ഏയ് ഓട്ടോയിലെ” സുധിയെ കുറിച്ച് ആരാധകരെ ഓര്‍മ്മപെടുത്തിക്കൊണ്ടാണ് മോഹന്‍ലാലിന്റെ പോസ്റ്റ്.
ചിത്രത്തില്‍ കണ്ണൂരിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷമാണ് അനുശ്രീക്ക്. ഛായാഗ്രാഹകനില്‍ നിന്നും സംവിധായകനിലേക്ക് വേഷംമാറിയ സുജിത്ത് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രിത്വിരാജ് നായകനായ “ജെയിംസ് ആന്‍ഡ് ആലിസ്” ആണ് സുജിത്തിന്റെ ആദ്യ ചിത്രം.
മറിമായം ഫെയിം ജയരാജ് മിത്ര വേഷമിടുന്ന ചിത്രത്തില്‍ നിരവധി പുതുമുഖ താരങ്ങള്‍ അണിനിരക്കുന്നു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരുടെ കഥപറയുന്ന ചിത്രം ഒരു സെമി റിയലിസ്റ്റിക് ശൈലിയാണ് സ്വീകരിച്ചിരിക്കുന്നതെന്നു സംവിധായകന്‍ പറയുന്നു. നര്‍മ്മവും ഡ്രാമയും ഒരേ രീതിയില്‍ കൂട്ടിയിണക്കിയ രൂപത്തിലാവും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. സംവിധായകന്‍ പറയുന്നു.
Also Read സാമ്പത്തിക തട്ടിപ്പ് കേസ്; പി. വി. അൻവർ എം. എൽ.എയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
ഏറിയ പങ്കും ഓട്ടോറിക്ഷയില്‍ ചിത്രീകരിച്ച “ഓട്ടര്‍ഷ”യുടെ കഥാപശ്ചാത്തലം കണ്ണൂരാണ്. എപ്പോഴും വ്യത്യസ്ത കഥാപാത്രങ്ങളെ തേടുന്ന അനുശ്രീക്ക് ലഭിച്ച ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നായാണ് തുടക്കം മുതലേ ചിത്രത്തിലെ വനിതാ ഓട്ടോ ഡ്രൈവറുടെ വേഷം വിലയിരുത്തപ്പെടുന്നത്.
മൂന്നും നാലും ക്യാമറകള്‍ ഓട്ടോറിക്ഷയില്‍ ഘടിപ്പിച്ച് വ്യത്യസ്ത ആംഗിളുകളില്‍ നിന്നും അതിസാഹസികമായാണ് പടം ചിത്രീകരിച്ചിരിക്കുന്നത്. നവംബര്‍ 23നാണു ചിത്രം പുറത്തിറങ്ങുക. ലാല്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള എല്‍.ജെ. ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുക. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന “ലൂസിഫറിന്റെ” ഛായാഗ്രഹണജോലികളില്‍ വ്യാപൃതനാണ് സുജിത്ത് വാസുദേവ് ഇപ്പോള്‍.