കോഴിക്കോട്: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഫസ്റ്റലൂക്ക് പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.
മോഹന്‍ലാലിന്റെ സഹോദരനായി ടൊവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും കൈകാര്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനപ്പെട്ട സ്ത്രീ കഥാപാത്ര വേഷങ്ങളില്‍ മഞ്ജു വാരിയര്‍, മംമ്ത മോഹന്‍ദാസ്, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് എത്തുന്നത്. വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് ലൂസിഫറില്‍ വില്ലന്‍. അദ്ദേഹത്തിന്റെ മലയാള അരങ്ങേറ്റം കൂടിയാണിത്. 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് മോഹന്‍ലാലും വിവേകും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത 2002 ല്‍ പുറത്തിറങ്ങിയ കമ്പനിയില്‍ വിവേക് അഭിനയിച്ചിരുന്നു. ബോളിവുഡിലെ വിവേകിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.
സിനിമയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. ആദ്യ ഷെഡ്യൂള്‍ കുട്ടിക്കാനം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലാണ് നടന്നു കൊണ്ടിരിക്കുന്നത്. അതിന് ശേഷം തിരുവനന്തപുരത്ത് ഏകദേശം ഒരു മാസം നീണ്ടു നില്‍ക്കുന്ന ചിത്രീകരണവും ഉണ്ടായിരിക്കും
ട്രാഫിക്കിലൂടെ മലയാള സിനിമയുടെ ഗതിമാറ്റിയ സംവിധായകന്‍ രാജേഷ് പിള്ളയുടെ സ്വപ്ന ചിത്രമായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിനുള്ള ആദരമായിരിക്കും ചിത്രം എന്ന് പറഞ്ഞതോടെ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ലൂസിഫര്‍ കാത്തിരുന്നത്.
എന്നാല്‍ രാജേഷ് പിള്ളയുടെ മരണത്തോടെ ചിത്രം പൃഥ്വിരാജ് ഏറ്റെടുക്കുകയായിരുന്നു. മോഹന്‍ലാലിന്റെ താരമൂല്യത്തെക്കുറിച്ച് ബോധ്യമുണ്ടന്നും എന്നാല്‍ അതിന്റെ പേരില്‍ ചിത്രത്തിന്റെ ഉള്ളടക്കത്തിലും നിലവാരത്തിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മുരളിഗോപി മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.