എത്ര 'വിസ്മയം' ഈ സിനിമ
D-Review
എത്ര 'വിസ്മയം' ഈ സിനിമ
നാസിര്‍ കെ.സി.
Saturday, 13th August 2016, 5:28 pm

വിസ്മയം എന്ന സിനിമയ്ക്ക് ആരെങ്കിലും ടിക്കറ്റെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി മോഹന്‍ലാലാണ്. മോഹന്‍ലാലിന്റെ സാന്നിധ്യം നല്‍കുന്ന മിനിമം ഗ്യാരന്റിയുടെ ഉറപ്പിലാണ് ആളുകള്‍ സിനിമയ്ക്ക് ടിക്കറ്റെടുത്തിരിക്കുക. ഒരു കംപ്ലീറ്റ് ആക്ടറുടെ വിശ്വരൂപമൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും ശരാശരിയോട് അടുത്ത് നില്‍ക്കുന്ന അഭിനയവും യുക്തിക്ക് നിരക്കുന്ന ഒരു കഥയും അവരുടെ മിനിമം പ്രതീക്ഷകളല്ലേ?


FILM INN


nazar-kc| ഫിലിം റിവ്യൂ | നാസിര്‍ കെ.സി |


 

ഉറുമ്പിന് പണി കൊടുക്കാന്‍ വേണ്ടി മുളക് പൊടി ഇട്ടു വച്ച പാത്രത്തിന് മുകളില്‍ ആരോ  പഞ്ചസാര എന്ന് എഴുതിവച്ചത്രെ. വിസ്മയം എന്ന സിനിമയുടെ പോസ്റ്ററില്‍ “മോഹന്‍ലാല്‍ എ കംപ്ലീറ്റ് ആക്റ്റര്‍” എന്ന് കണ്ടപ്പോള്‍ ഈ കഥയാണ് ഓര്‍മ്മ വന്നത്.

പഞ്ചസാരയാണെന്ന് കരുതി മുളക് പൊടി തിന്ന ഉറുമ്പിന്റെ അവസഥയിലായിരുന്നു വിസ്മയം എന്ന മോഹന്‍ലാല്‍ സിനിമ കാണാന്‍ കയറിയ പ്രേക്ഷകര്‍.  അവരുടെ ശരീരം മാത്രമല്ല ആത്മാവും പൊള്ളിപ്പോയിട്ടുണ്ടാകണം.

വിസ്മയം എന്ന സിനിമയ്ക്ക് ആരെങ്കിലും ടിക്കറ്റെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി മോഹന്‍ലാലാണ്. മോഹന്‍ ലാലിന്റെ സാന്നിധ്യം നല്‍കുന്ന മിനിമം ഗ്യാരന്റിയുടെ ഉറപ്പിലാണ് ആളുകള്‍ സിനിമയ്ക്ക് ടിക്കറ്റെടുത്തിരിക്കുക. ഒരു കംപ്ലീറ്റ് ആക്ടറുടെ വിശ്വരൂപമൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും ശരാശരിയോട് അടുത്ത് നില്‍ക്കുന്ന അഭിനയവും യുക്തിക്ക് നിരക്കുന്ന ഒരു കഥയും അവരുടെ മിനിമം പ്രതീക്ഷകളല്ലേ?

സിനിമാ നിര്‍മ്മാണ കമ്പനിയുടെ പേര് തൊട്ട് അതിലെ ഓരോ രംഗവും കട്ട കോമഡിയാണ്. നമ്മെ ചിരിയില്‍ നിന്ന് അകറ്റി ക്കൊണ്ടു പോകുന്ന രംഗവൈകല്യങ്ങള്‍.

ഒരു സിനിമയായി മാറാനുള്ള ദയനീയമായ പരിശ്രമങ്ങളാണ് അതിലെ ഓരോ രംഗവും. അത്യാവശ്യം നന്നായി അഭിനയിക്കാനറിയാമെന്ന് പല സിനിമകളിലൂടെയും തെളിയിച്ചിട്ടുള്ള ഉര്‍വ്വശി, ഗൗതമി, ജോയ് മാത്യു എന്നിവരെ വെറും കോമാളികളാക്കി മാറ്റാന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ നേട്ടം.

പ്രണയം

യൂത്ത് ആഹ്ലാദിക്കുകയാണെന്ന് വരുത്താന്‍ “ഹേ, ഹെ ഹേ എന്ന ഒരു ശബ്ദം പുറപ്പെടുവിച്ചാല്‍ മതിയെന്ന് ഈ സിനിമയുടെ സംവിധായകന് ആരോ പറഞ്ഞു കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും അത് വളരെ ക്രൂരവും പൈശാചികവുമായിപ്പോയി. ഒരു ചങ്ങലകൊണ്ട് സീറ്റില്‍ പിടിച്ച് കെട്ടിയിടാതെ ഒരു പ്രേക്ഷകനെയും ഈ സിനിമയിലെ പ്രണയരംഗങ്ങള്‍ കാണിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ചുരുക്കത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളോട് മത്സരിക്കാനുള്ള ധീരമായ ശ്രമങ്ങള്‍ ഈ സിനിമയിലെ പ്രണയരംഗങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട് എന്നു മാത്രം പറയാം.


എന്തായാലും ഒരു വിസ്മയം ഇപ്പോഴും ബാക്കിയുണ്ട്. മോഹന്‍ലാല്‍ ഈ സിനിമയില്‍ എങ്ങനെ അഭിനയിച്ചു എന്ന വിസ്മയം.  തിരക്കഥ വായിച്ചു നോക്കുന്ന പരിപാടിയൊക്കെ അദ്ദേഹം ഇപ്പോള്‍ ഉപേക്ഷിച്ചിട്ടുണ്ടാകുമോ? എന്തായാലും  വാരാഹി ( പന്നി ) പ്രൊഡക്ഷന്‍സിന് നിര്‍മ്മിക്കാന്‍ പറ്റിയ സിനിമ ഇതു തന്നെയാണെന്ന് തോന്നുന്നു.


കുടുംബം

ഉദാത്തമായ കുടുംബസങ്കല്‍പങ്ങളാണ് ഈ സിനിമ മുന്നോട്ടുവെക്കുന്നത് എന്നു പറയാതെ വയ്യ. സിനിമയില്‍ ഗൗതമിക്കും മോഹന്‍ലാലിനും രണ്ടു കുട്ടികളാണുള്ളത്. ഇവരൊരിക്കലും കുടുംബത്ത് കയറുന്നതേയില്ല.  ഗൗതമിയെ മാത്രം വല്ലപ്പോഴും അടുക്കളയില്‍ കാണാം. താന്‍ ജോലി ചെയ്യുന്ന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ബൈക്കില്‍ പുറപ്പെടുന്ന മോഹന്‍ ലാല്‍ ഒരിക്കലും വീട്ടിലെത്തിച്ചേരുന്നില്ല.

കൊക്കൂണില്‍ നിന്ന് പുറത്തു പോയ പൂമ്പാറ്റയെപ്പോലെ സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ പാറിപ്പറക്കാന്‍ തുടങ്ങിയ ഒരു പെണ്‍കുട്ടി സ്‌കൂളിലും തെരുവിലുമായി അലഞ്ഞു നടക്കുകയാണ്. ഓമനയും നന്‍മയുടെ നിറകുടവുമായ അവള്‍ക്ക് മോഹന്‍ലാലുമായുള്ള ബന്ധം സംവിധായകന്‍ വളരെ തന്ത്രപൂര്‍വ്വം നമ്മളില്‍ നിന്ന് മറച്ചു പിടിച്ചിരിക്കുകയാണ്. കാരണം സിനിമയുടെ അവസാനം വികാരനിര്‍ഭരമായ ഒരു കുടുംബ സംഗമം അദ്ദേഹം നമുക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.

ഈ കുടുംബത്തിലെ ഒരേയൊരു സല്‍പ്പുത്രനെ മുകളില്‍ പറഞ്ഞ പ്രണയരംഗത്തില്‍ നാം കണ്ടിട്ടുണ്ട്. സുന്ദരനും സുമുഖനും സര്‍വ്വോപരി പഠിപ്പിസ്റ്റുമായ അവന്‍  പ്രണയം തകര്‍ന്ന് പരവശനായി ഒടുവില്‍ സിഗപ്പൂരിലേക്ക് പറക്കുന്ന അമ്മയെ കാണാന്‍ എയര്‍പോര്‍ട്ടിലേക്ക് ഒരു പാച്ചിലുണ്ട്. അതൊന്ന് കാണണം.

വ്യത്യസ്തമായ നാലു ഭാഗങ്ങളായിട്ടാണ്  ഈ സിനിമ സജജീകരിച്ചിരിക്കുന്നത്. ഓരോ ഭാഗത്തിനും മോഹന്‍ലാലിന്റെ കുടുംബാംഗങ്ങള്‍ നായകത്വം വഹിക്കുന്നു. ഇവര്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും പരസ്പരം കണ്ടുമുട്ടുന്നില്ല. സിംഗപ്പൂരില്‍ ജോലി കിട്ടിപ്പോകുന്ന അമ്മയെ യാത്രയാക്കാന്‍ ഓരോരുത്തരായി ഓടിക്കിതച്ച് എയര്‍പോര്‍ട്ടില്‍ എത്തുകയാണ്. അപ്പോഴാണ് അവര്‍ ഒരു കുടുംബമാണ് എന്ന ഞെട്ടിക്കുന്ന വിവരം നാമറിയുന്നത്. കൊള്ളാവുന്ന ഒരുദ്യോഗത്തിന് സിംഗപ്പൂരിലേക്ക് പോകുന്ന ഭാര്യയെ  അതിനനുവദിക്കാതെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോയി പ്രേക്ഷകന്റെ പൊതുബോധത്തെ ആവും വിധം തൃപ്തിപ്പെടുത്തി ഒരു ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് സിനിമ കൃതകൃത്യതയടയുന്നു.

ഹോളിവുഡ് സിനിമ തെലുങ്കിലേക്ക് ഡബ്ബ് ചെയ്തതിനു ശേഷം തെലുങ്കില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയതു പോലെ മനോഹരമായിട്ടുണ്ട് ഇതിലെ ശബ്ദ സന്നിവേശം. ഒരു നല്ല ആര്‍ട്ടിസ്റ്റിനെ വച്ച് ഇതൊന്നും ചെയ്യില്ല എന്ന് സംവിധായകന് വാശിയുണ്ടായിരുന്നു എന്നു തോന്നുന്നു.  തെലുങ്ക്, തമിഴ് സിനിമകള്‍ എത്ര നന്നായിരുന്നു എന്നു തിരിച്ചറിയാന്‍ ഈ സിനിമ ഉപകരിച്ചു എന്നു പറയാതെ വയ്യ.

എന്തായാലും ഒരു വിസ്മയം ഇപ്പോഴും ബാക്കിയുണ്ട്. മോഹന്‍ലാല്‍ ഈ സിനിമയില്‍ എങ്ങനെ അഭിനയിച്ചു എന്ന വിസ്മയം.  തിരക്കഥ വായിച്ചു നോക്കുന്ന പരിപാടിയൊക്കെ അദ്ദേഹം ഇപ്പോള്‍ ഉപേക്ഷിച്ചിട്ടുണ്ടാകുമോ? എന്തായാലും  വാരാഹി ( പന്നി ) പ്രൊഡക്ഷന്‍സിന് നിര്‍മ്മിക്കാന്‍ പറ്റിയ സിനിമ ഇതു തന്നെയാണെന്ന് തോന്നുന്നു.

വാല്‍

സിനിമ കണ്ടു കഴിഞ്ഞ് ടിക്കറ്റിന്റെ പാതിത്തുണ്ടുമായി വരുന്ന പ്രേക്ഷകര്‍ക്ക് ടിക്കറ്റ് ചാര്‍ജിന്റെ പകുതിയെങ്കിലും തിരിച്ചു കൊടുക്കാനുള്ള സംവിധാനം ഉണ്ടാകണം. പ്രേക്ഷകന്റെ അധ്വാനത്തിനും പണത്തിനും ഒരു മൂല്യവുമില്ലെന്ന് വരുന്നത് അത്ര നല്ല കാര്യമാണോ? പഞ്ചസാര കാണിച്ച് അവരെ മുളക് പൊടി തീറ്റിക്കുന്നത് ശരിയാണോ സിനിമാക്കാരേ?

നാസിര്‍ കെ.സി.
അധ്യാപകന്‍, കണ്ണൂര്‍ സ്വദേശി