| Tuesday, 24th June 2025, 6:24 pm

പേട്രിയോറ്റ് തന്നെയാണോ ടൈറ്റില്‍? ചര്‍ച്ചകള്‍ക്കിടെ മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് ശ്രീലങ്കന്‍ മാധ്യമങ്ങളോട് പങ്കുവെച്ച് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറെ ആഘോഷിച്ച അനൗണ്‍സ്‌മെന്റുകളിലൊന്നായിരുന്നു കഴിഞ്ഞവര്‍ഷം കാണാന്‍ സാധിച്ചത്. മലയാളസിനിമയുടെ നെടുംതൂണുകളായ മോഹന്‍ലാലും മമ്മൂട്ടിയും ഒരു പ്രൊജക്ടിനായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു പ്രൊജക്ടിനായി ഒന്നിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് MMMN എന്നായിരുന്നു താത്കാലികമായി നല്‍കിയ ടൈറ്റില്‍. ചിത്രത്തിന്റെ മൂന്ന് ഷെഡ്യൂളുകള്‍ അവസാനിച്ചിട്ടും ഒഫിഷ്യല്‍ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. പല പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ ശ്രീലങ്കന്‍ ടൂറിസത്തിന്റെ പേജ് എക്‌സിലൂടെ ടൈറ്റില്‍ ലീക്ക് ചെയ്തത്.

ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനായി ശ്രീലങ്കയിലെത്തിയ മോഹന്‍ലാലിനെ ശ്രീലങ്കന്‍ ടൂറിസം സ്വീകരിച്ച പോസ്റ്റിലൂടെയാണ് ടൈറ്റില്‍ ലീക്കായത്. ‘പേട്രിയറ്റ് എന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിനായി മോഹന്‍ലാല്‍ വീണ്ടും ശ്രീലങ്കയില്‍’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. ഇതോടെ ചിത്രത്തിന്റെ ടൈറ്റില്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ വൈറലായി.

ഇപ്പോഴിതാ ശ്രീലങ്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പേട്രിയറ്റ് എന്ന ടൈറ്റില്‍ തന്നെയാണ് മോഹന്‍ലാലും പറഞ്ഞത്. ഇതോടെ സിനിമയുടെ ടൈറ്റില്‍ അത് തന്നെയാണെന്ന് പലരും സ്ഥിരീകരിച്ചിരിക്കുകയാണ്.

‘രണ്ടാം തവണയാണ് ഈ സിനിമക്കായി ശ്രീലങ്കയിലേക്ക് വരുന്നത്. വളരെ വലിയൊരു സിനിമയാണിത്. വലുതെന്ന് പറയുമ്പോള്‍ അതിന്റെ സ്റ്റാര്‍ കാസ്റ്റാണ് ശ്രദ്ധിക്കേണ്ടത്. ശ്രീ മമ്മൂട്ടിയും ഞാനും മാത്രമല്ല, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഈ സിനിമയുടെ ഭാഗമാണ്. പേട്രിയറ്റ് എന്നാണ് സിനിമയുടെ പേര്,’ മോഹന്‍ലാല്‍ പറയുന്നു.

ചിത്രത്തിന്റെ പുതിയ ഷെഡ്യൂളില്‍ അധികം വൈകാതെ മമ്മൂട്ടി ജോയിന്‍ ചെയ്യും. ദല്‍ഹിയില്‍ നടന്ന മൂന്നാമത്തെ ഷെഡ്യൂളിനിടയില്‍ താരത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുകയും സിനിമയില്‍ നിന്ന് വലിയ ഇടവേളയെടുക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. മൂന്ന് മാസത്തോളം താരം പരിപൂര്‍ണവിശ്രമത്തിലായിരുന്നു. മുടങ്ങിയ പല പ്രൊജക്ടുകളും ഇതോടെ വീണ്ടും ആരംഭിക്കുകയും ചെയ്യും.

Content Highlight: Mohanlal confirmed the title of MMMN project is Patriot

We use cookies to give you the best possible experience. Learn more