| Monday, 7th July 2025, 5:25 pm

കഥാപാത്രം ആവശ്യപ്പെട്ടതുകൊണ്ടാണ് ഷൂ നക്കുന്ന രംഗം ചെയ്തത്, എന്നെക്കൊണ്ട് പറ്റില്ലെന്ന് പറയാന്‍ ആ സമയത്ത് തോന്നിയില്ല: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നടനാണ് മോഹന്‍ലാല്‍. 47 വര്‍ഷത്തെ സിനിമാജീവിതം കൊണ്ട് ഓരോ മലയാളികളുടെയും മനസില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. വില്ലനായി സിനിമാലോകത്തേക്ക് കടന്നുവന്ന മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളോ സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളോയില്ല. തന്റെ ബോക്‌സ് ഓഫീസ് പ്രകടനത്തെ സംശയത്തോടെ നോക്കിക്കണ്ടവര്‍ക്ക് മറുപടി നല്കാന്‍ ഈ വര്‍ഷം മോഹന്‍ലാലിന് സാധിച്ചു.

താരത്തിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് കാലാപാനി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1996ല്‍ പുറത്തിറങ്ങിയ പിരീയഡ് ഡ്രാമ ചിത്രം അന്നുവരെ വന്നതില്‍ വെച്ച് ഏറ്റവും ചെലവേറിയ സിനിമയായിരുന്നു. തമിഴിലും ഹിന്ദിയിലും പ്രദര്‍ശനത്തിനെത്തിയ കാലാപാനി ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.

കാലാപാനിയില്‍ താന്‍ അവതരിപ്പിച്ച ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം അമരീഷ് പുരിയുടെ മിര്‍സാ ഖാന്റെ ഷൂ നാവ് കൊണ്ട് വൃത്തിയാക്കുന്ന രംഗത്തെക്കുറിച്ച് ഇന്നും പലരും ചോദിക്കാറുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആ കഥാപാത്രം ആവശ്യപ്പെടുന്ന കാര്യമായതിനാലാണ് അങ്ങനെ ചെയ്തതെന്നും അതില്‍ വലിയ പ്രത്യേകത താന്‍ കാണുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഫില്‍മിബീറ്റ് തമിഴിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘കാലാപാനിയെ മലയാളത്തില്‍ നിന്നുള്ള ആദ്യത്തെ പാന്‍ ഇന്ത്യന്‍ സിനിമയെന്ന് വിശേഷിപ്പിക്കാം. അന്ന് അത്രയും വലിയ സിനിമ ഇറങ്ങുകയെന്ന് പറഞ്ഞാല്‍ വലിയ കാര്യമാണ്. ഇന്നും പലരും ചോദിക്കുന്ന കാര്യമാണ് അമരീഷ് പുരിയുടെ ഷൂ നാവ് കൊണ്ട് വൃത്തിയാക്കുന്ന സീന്‍ എങ്ങനെയാണ് ചെയ്തതെന്ന്. അത് വലിയ കാര്യമായി എനിക്ക് തോന്നിയിട്ടില്ല.

കാരണം, അത് ചെയ്തത് ഞാനല്ല, ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രമാണ്. ആ ക്യാരക്ടര്‍ ഡിമാന്‍ഡ് ചെയ്യുന്ന കാര്യമായതുകൊണ്ടാണ് എനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നത്. ആ സീനിന്റെ ഡെപ്തും ആ കഥാപാത്രത്തിന്റെ നിസാഹയാവസ്ഥയും കാണിക്കുക എന്നതായിരുന്നു ആ ചെറിയൊരു ഭാഗം കൊണ്ട് ഉദ്ദശിച്ചത്. അത് പ്രേക്ഷകര്‍ക്കിടയില്‍ വര്‍ക്കായി.

ആ സീനില്‍ ഇങ്ങനെയൊരു കാര്യം ചെയ്യേണ്ടി വരുമെന്ന് പ്രിയദര്‍ശന്‍ എന്നോട് പറയുമ്പോള്‍ എനിക്ക് പറ്റില്ലെന്ന് പറയാമായിരുന്നു. പക്ഷേ, ആ കഥാപാത്രവും സിറ്റുവേഷനും അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടതുകൊണ്ട് ആ സീന്‍ ഒരു മടിയുമില്ലാതെ ചെയ്തു. മോഹന്‍ലാല്‍ അമരീഷ് പുരിയുടെ ഷൂ വൃത്തിയാക്കിയതല്ല, ഗോവര്‍ദ്ധന്‍ മിര്‍സാ ഖാന്റെ ഷൂവാണ് വൃത്തിയാക്കിയത്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal about the shooting experience of Kaalapani Movie

We use cookies to give you the best possible experience. Learn more