| Sunday, 9th February 2025, 6:06 pm

വെള്ളത്തിന്റെ ശക്തിയിൽ ഞാൻ തെറിച്ചുപോയേനെ, നടുക്കത്തോടെ ഓർക്കുന്ന അപകടം; പ്രിയദർശൻ ചിത്രത്തെ കുറിച്ച് മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാലരപ്പതിറ്റാണ്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. വില്ലനായി അരങ്ങേറിയ മോഹന്‍ലാല്‍ പിന്നീട് മലയാളസിനിമയുടെ താരസിംഹാസനം അലങ്കരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മോഹന്‍ലാല്‍  ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

മോഹൻലാലിനെ ജനപ്രിയനാക്കുന്നതിൽ വലിയ പങ്കുവഹിച്ച സംവിധായകൻ പ്രിയദർശൻ. കരിയറിന്റെ തുടക്കകാലത്ത് ഇരുവരും ഒന്നിച്ച ചിത്രമായിരുന്നു കടത്തനാടൻ അമ്പാടി. ചരിത്ര സിനിമയായി ഒരുക്കിയ സിനിമയിൽ വമ്പൻ താരനിര തന്നെ ഒന്നിച്ചിരുന്നു. ചിത്രത്തിലെ ഒരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.

ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ഒരു അപകടം സംഭവിച്ചുവെന്നും കഷ്ടിച്ചാണ് അതിൽ നിന്ന് രക്ഷപ്പെട്ടതെന്നും മോഹൻലാൽ പറയുന്നു. കടത്തനാടൻ അമ്പാടി കുതിരപ്പുറത്ത് വരുന്ന ഒരു സീനിൽ വെള്ളം ചീറ്റാനായി ഒരു ടാങ്ക് സെറ്റ് ചെയ്തിരുന്നുവെന്നും എന്നാൽ കൃത്യ സമയത്ത് അത് വർക്കായില്ലെന്നും മോഹൻലാൽ പറയുന്നു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കടത്തനാടൻ അമ്പാടിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടം നടുക്കത്തോടെയാണ് ഓർക്കുന്നത്. സിനിമയുടെ ഒരു രംഗത്തിൽ അമ്പാടി ഓടിവരുമ്പോൾ പിൻവശത്തുനിന്ന് വെള്ളം ചീറ്റിവരണം, അതിനായി അന്ന് സെറ്റിൽ വലിയൊരു ടാങ്ക് നിർമിച്ച് അതിൽ വെള്ളം നിറച്ചു ടാങ്കിൻ്റെ ഒരുഭാഗത്തുള്ള ഇരുമ്പു ഷട്ടർ പൊക്കുമ്പോൾ വെള്ളം ഇരച്ച് പുറത്തേക്ക് വരുന്ന തരത്തിലാണ് കാര്യങ്ങൾ ഒരുക്കിയത്. സംവിധായകൻ ആക്ഷൻ പറഞ്ഞു. ഞാൻ ഓടാൻ തുടങ്ങി. പക്ഷേ, ടാങ്കിന്റെ ഷട്ടർ പൊങ്ങിയില്ല. വെള്ളത്തിൻ്റെ മർദംകൊണ്ട് ഷട്ടറിന്റെ ഇരുമ്പുഷീറ്റുകൾ വളഞ്ഞുപോകുകയായിരുന്നു. പിന്നീട് എഞ്ചിനിയറെ കൊണ്ടുവന്നപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് ആരാണ് ഇത്തരത്തിലൊരു ടാങ്ക് നിർമിച്ചത് എന്നാണ്.

ഷട്ടർ തുറന്നിരുന്നെങ്കിൽ വെള്ളത്തിൻ്റെ കുത്തൊഴുക്ക് വിചാരിച്ചതിലും എത്രയോ ശക്തമായിരിക്കും. മുൻപിലോടുന്ന ഞാൻ വെള്ളത്തിന്റെ പ്രഹരത്തിൽ തെറിച്ചുപോകുമായിരുന്നു. മിക്കവാറും അന്നുതന്നെ കാര്യങ്ങൾ അവസാനിച്ചിരിക്കും. ഇന്ന് അങ്ങനെയുള്ള പ്രതിസന്ധികളൊന്നുമില്ല. അത്തരം രംഗങ്ങളെല്ലാം ഒരു ബുദ്ധിമുട്ടും കൂടാതെ ചിത്രീകരിക്കാൻ സിനിമയ്ക്ക് കഴിയും,’മോഹൻലാൽ പറയുന്നു.

2019 ൽ ഇറങ്ങിയ ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗമായ എമ്പുരാനാണ് ഇനി റിലീസാവാനുള്ള മോഹൻലാൽ ചിത്രം. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ആണ് മറ്റൊരു സിനിമ. ഈ വർഷം ആദ്യം റിലീസ് തീരുമാനിച്ച തുടരും ചില കാരണങ്ങളാൽ റിലീസ് മാറ്റി വെക്കുകയായിരുന്നു. എന്നാൽ മെയ് മാസത്തിൽ തുടരും പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

Content Highlight: Mohanlal About Shooting Memories Of Kadathanadan Ambadi Movie

We use cookies to give you the best possible experience. Learn more