| Friday, 17th January 2025, 7:17 pm

മറ്റൊരു നടനും ആ ഡയലോഗ് പറഞ്ഞ് ഫലിപ്പിക്കാനാകില്ല: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാലുപതിറ്റാണ്ടായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ വില്ലൻ കഥാപാത്രമായി കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് ഏറെ ആരാധകരുള്ള ഒരു നായകനാണ്. മലയാളത്തിലും വിവിധ ഭാഷകളിലും മികച്ച അഭിനേതാക്കളോടൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ സാധിച്ച മലയാളികളെ ഒരുപാട് ചിരിപ്പിച്ച കുതിരവട്ടം പപ്പു എന്ന നടനെ കുറിച്ച് സംസാരിക്കുകയാണ്.

തേന്മാവിൻ കൊമ്പത്ത്, അധിപൻ, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകളിലെ ഇരുവരുടെയും കോമ്പോ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. പപ്പു സെറ്റിൽ ഉണ്ടെങ്കിൽ ചിരിയുടെ പൂരമായിരിക്കുമെന്നും അഹിംസ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തെ അടുത്തറിയുന്നതെന്നും മോഹൻലാൽ പറയുന്നു.

അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ നല്ല സുഖമായിരുന്നുവെന്നും ഡയലോഗുകൾ എങ്ങനെ അവതരിപ്പിക്കണമെന്ന് കൃത്യമായി അറിയുന്ന ആളായിരുന്നു കുതിരവട്ടം പപ്പുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

‘പ്രായഭേദമില്ലാതെ സൗഹൃദം പങ്കിട്ടിരുന്ന ആളായിരുന്നു പപ്പുവേട്ടൻ. അദ്ദേഹം സെറ്റിലുണ്ടെങ്കിൽ ചിരിയുടെ പൂരമായിരിക്കും. അഭ്രപാളിയിലൂടെ മാത്രം അനുഭവിച്ച ആ ചിരി ഞാൻ നേരിൽ അറിയുന്നത് അഹിംസയിൽ അഭിനയിക്കുമ്പോഴാണ്. സിനിമയിലായാലും നാടകത്തിലായാലും പ്രേക്ഷകരെ നന്നായി ചിരിപ്പിച്ചവർക്കെല്ലാം പറയാനുണ്ടാകും കണ്ണീരിൻ്റെ ഒരു ഭൂതകാലം.

പപ്പുവേട്ടനൊപ്പം അഭിനയിക്കുമ്പോൾ വല്ലാത്തൊരു സുഖമുണ്ടായിരുന്നു. ഒരു ഡയലോഗ് ഏത് അവസ്ഥയിൽ എങ്ങനെ പ്രസൻ്റ് ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അത് സിനിമയിൽ നിന്ന് പഠിച്ചതല്ല, ജീവിതംകൊണ്ട് നേടിയതാണ്. ഐ.വി.ശശിയുടെയും സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയുമൊക്കെ സിനിമകളിൽ പപ്പുവേട്ടൻ നിറഞ്ഞാടി.

‘തേന്മാവിൻ കൊമ്പത്ത്’ എന്ന സിനിമയിൽ പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ഒരു ദൃശ്യമുണ്ട്. ‘ടാക്…സി വിളിക്കെടാ….’ ഒരുപക്ഷേ, പപ്പുവേട്ടനല്ലാതെ മറ്റൊരു നടനും അത് പറഞ്ഞ് ഫലിപ്പിക്കാനാകില്ല. ‘വെള്ളാനകളുടെ നാടി’ൽ ‘ആ ചെറിയേ സ്‌പാനറൊന്നു നോക്കട്ടെ…’ എന്നും ‘മണിച്ചിത്രത്താഴി’ൽ ‘ചെവിയിലൂടെ ഒരു കിളി പറന്നുപോയതു പോലെ…’ എന്നും പറയുമ്പോൾ പപ്പുവെന്ന നടന് മാത്രം സാധ്യമായ അഭിനയലോകമാണ് പ്രേക്ഷകർ കണ്ടത്,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal About Kuthiravattam Pappu

We use cookies to give you the best possible experience. Learn more