മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ.
ബോയിങ് ബോയിങ്, കിലുക്കം, വന്ദനം, തേന്മാവിൻ കൊമ്പത്ത് തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ തിയേറ്ററിലേക്ക് വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ച മരക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രം വലിയ ഹൈപ്പോടെയാണ് തിയേറ്ററിൽ എത്തിയത്. എന്നാൽ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.
പതിവ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ പ്രിയദർശൻ സിനിമയായിരുന്നു ഒപ്പം. തിയേറ്ററിൽ വലിയ വിജയമായി മാറിയ സിനിമയിൽ മോഹൻലാൽ, സമുദ്രക്കനി, അനുശ്രീ, നെടുമുടി വേണു തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്.
ചിത്രത്തിലെ പ്രധാന ഹൈലൈറ്റിൽ ഒന്നാണ് സിനിമയുടെ ക്ലൈമാക്സ് ഫൈറ്റ്. ആ ആക്ഷൻ രംഗം കൺവിൻസ് ആക്കുന്നതിൽ തുടക്കം മുതൽ ശ്രദ്ധിച്ചിരുന്നുവെന്ന് പറയുകയാണ് മോഹൻലാൽ. തുടക്കത്തിൽ മീൻ പിടിക്കുന്ന രംഗങ്ങളും കളരിപരിശീലനവുമെല്ലാം അതിനായി ബോധപൂർവ്വം ഉൾപ്പെടുത്തിയതാണെന്നും മോഹൻലാൽ പറഞ്ഞു.
‘വ്യത്യസ്‌തമായ സിനിമകൾ ചെയ്യുമ്പോൾ ആദ്യം നമുക്ക് ചില സംശയങ്ങളുണ്ടാകും, എന്നാൽ യുക്തിപരമായ വിശകലനങ്ങളാകും പലപ്പോഴും തീരുമാനങ്ങളിലേക്കെത്തിക്കുന്നത്. ‘ഒപ്പ‘ത്തിൻ്റെ ചിത്രീകരണം ആരംഭിച്ചപ്പോഴും കണ്ണുകാണാതെ അവിടെയുമിവിടെയും തപ്പിനടക്കുന്ന നായകനായിരുന്നെങ്കിൽ, ആ കഥാപാത്രം വിജയിക്കാതെപോയേനെ.
ക്ലൈമാക്‌സിലെ സംഘട്ടനം വിശ്വാസയോഗ്യമാക്കാൻ തുടക്കംമുതൽ പലരംഗങ്ങളും കഥയിലേക്ക് കൊണ്ടുവന്നിരുന്നു. നായകൻ്റെ കുട്ടിക്കാലത്തെ കളരിപരിശീലനവും മീൻപിടിത്തവുമെല്ലാം ബോധപൂർവം ഉൾപ്പെടുത്തിയതാണ്. സിനിമയുടെ അണിയറയിൽ അഭിനേതാക്കളെക്കാൾ വെല്ലുവിളി പലപ്പോഴും സംവിധായകർക്കായിരിക്കും. കാഴ്‌ചശക്തിയില്ലാത്ത ഒരാളുടെ ഇടപെടലുകൾ വിശ്വസനീയമായ രീതിയിൽ ചിത്രീകരിക്കുകയെന്നത് സംവിധായകന്റെ ഉത്തരവാദിത്തമാണ്. അന്ധകഥാപാത്രങ്ങളുടെ ലുക്ക്‌പോയൻ്റ് സാധാരണ ഗ്രാമറിൽ ചിത്രീകരിക്കാൻ കഴിയില്ല,’ മോഹൻലാൽ പറയുന്നു.
2019 ൽ ഇറങ്ങിയ ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗമായ എമ്പുരാനാണ് ഇനി റിലീസാവാനുള്ള മോഹൻലാൽ ചിത്രം. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ആണ് മറ്റൊരു സിനിമ. ഈ വർഷം ആദ്യം റിലീസ് തീരുമാനിച്ച തുടരും ചില കാരണങ്ങളാൽ റിലീസ് മാറ്റി വെക്കുകയായിരുന്നു. എന്നാൽ മെയ് മാസത്തിൽ തുടരും പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
Content Highlight: Mohanlal About Climax Of Oppam Movie