ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അയാള്‍ കഥയെഴുതുകയാണ്. സംവിധായകന്‍ സിദ്ദിഖിന്റെ കഥയെ അടിസ്ഥാനമാക്കിയായിരുന്നു ഈ സിനിമയുടെ തിരക്കഥ ഒരുങ്ങിയത്. ഇതില്‍ സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രമായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രമാണ് സാഗർ കോട്ടപ്പുറം.
നല്ല രീതിയിൽ പോയ ആദ്യ പകുതിയായിരുന്നു സിനിമയുടേത്. എന്നാൽ രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ സിനിമ കോമഡി ട്രാക്കിൽ നിന്ന് സീരിയസായി മാറിയിരുന്നു. അത് സിനിമയുടെ മൊത്തം റിസൾട്ടിനെ ബാധിക്കുകയും ചെയ്തു.
എന്നാൽ പടം ചെയുന്ന സമയത്ത് അതിനെ കുറിച്ച് എല്ലാവരും സംസാരിച്ചിരുന്നുവെന്നും പക്ഷെ ഒന്നും നടന്നില്ലെന്നും മോഹൻലാൽ പറയുന്നു. ഒരുപാട് സിനിമകളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും ഷൂട്ട് തുടങ്ങുന്ന സമയത്ത് പകുതി സ്ക്രിപ്റ്റ് മാത്രമേ ആ സിനിമയ്ക്ക് ഉണ്ടായിരുന്നുള്ളൂവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
‘അത് അന്നുതന്നെ തോന്നേണ്ടതായിരുന്നു. റിലീസ് ആയിട്ട് തോന്നിയിട്ട് കാര്യമില്ല. പടം നടക്കുന്ന സമയത്ത് അതിനെ കുറിച്ച് ഒരുപാട് സംസാരിച്ചതാണ്. മാറ്റം വേണമെന്ന് ഞങ്ങൾ എല്ലാർക്കും തോന്നിയിരുന്നു. പക്ഷേ, നടന്നില്ല. ഒരുപാട് സിനിമകൾക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിനെ കുറിച്ച് പിന്നീട് ആലോചിച്ചിട്ട് കാര്യമില്ല.
സാഗർ കോട്ടപ്പുറം കുറേക്കുടി നന്നാക്കാമായിരുന്നുവെന്ന് ഞാൻ മാത്രം ആലോചിച്ചിട്ട് കാര്യവുമില്ല. ഒരുപാട് പേർ ചേർന്നല്ലേ ഒരു സിനിമ ഉണ്ടാവുന്നത്. ഒരു സിനിമ തുടങ്ങുമ്പോൾ നമ്മൾ എപ്പോഴും ആവശ്യപ്പെടുന്നത് അതിൻ്റെ മുഴുവൻ തിരക്കഥയാണ്. ആ സിനിമ തുടങ്ങുമ്പോൾ പകുതി സ്ക്രിപ്റ്റേ ഉണ്ടായിരുന്നുള്ളൂ. കൂടുതൽ രസകരമായ ഒരു രണ്ടാം പകുതിയിലേക്ക് സിനിമ പോവുമെന്ന് എല്ലാവരും വിചാരിച്ചു.
അത് നടന്നില്ല. അതിലാരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അങ്ങനെയൊക്കെയാണ് സിനിമ. ഒരു സിനിമ തുടങ്ങിയാൽ പിന്നെ എങ്ങനെയെങ്കിലും വേഗം തീർത്തേ പറ്റുള്ളൂ. മുടക്കിയിട്ടാൽ നിർമാതാവിന് വലിയ നഷ്ടം സംഭവിക്കും.
ഹിന്ദിയെയും തമിഴിനെയും അപേക്ഷിച്ച് ചെറിയ കൂട്ടം പ്രേക്ഷകരല്ലേ മലയാള സിനിമയ്ക്കുള്ളൂ. അവർ കണ്ടിട്ട് വേണ്ടേ മുടക്കുമുതൽ തിരിച്ചുകിട്ടാൻ. അപ്പോൾ അങ്ങനെ ചില കരുതലുകൾ ആവശ്യമാണ്,’മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal About Ayal Kadhayezuthukayan Movie