ലയാളിക്ക് മറക്കാനാകാത്ത ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് മോഹന്‍ സിതാര. താരാട്ട് പാട്ടുമുതല്‍ റൊമാന്റിക് ഗാനങ്ങള്‍ വരെ അദ്ദേഹത്തിന്റെ കൈയില്‍ ഭദ്രമാണ്. സംഗീതരംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ മോഹന്‍ സിത്താരയെത്തേടി ഈയിടെ പ്രഥമ പി. ജയചന്ദ്രന്‍ സ്മാരക പുരസ്‌കാരവും എത്തിയിരുന്നു.

ഒന്നു മുതല്‍ പൂജ്യം വരെ ഹിറ്റായതോടെയാണ് മോഹന്‍സിത്താര ശ്രദ്ധിക്കപ്പെടുന്നത്. താരാട്ടു പാടി കൊണ്ട് ചലച്ചിത്രലോകത്തേക്ക് കടന്ന് വന്ന അദ്ദേഹം വര്‍ഷങ്ങള്‍ക്കുശേഷം താരാട്ടു പാട്ടുകളുടെ ചട്ടക്കൂടില്‍ നില്‍ക്കാത്ത ‘ഉണ്ണീ വാവാവോ’ എന്ന സാന്ത്വനത്തിലെ മറ്റൊരു ഗാനമൊരുക്കി.

ഇപ്പോഴിതാ മാതൃഭൂമി ദിനപത്രവുമായുള്ള അഭിമുഖത്തില്‍ ഈ വൈവിധ്യം ബോധപൂര്‍വമായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മോഹന്‍ സിത്താര. ഓരോ ഗാനത്തിനും സംവിധായകനും നിര്‍മാതാവും ആവശ്യപ്പെടുന്ന രീതിയില്‍ ഈണം നല്‍കുക മാത്രമാണ് ചെയ്തതെന്ന് മോഹന്‍ സിത്താര പറയുന്നു.

‘ബോധപൂര്‍വമായിരുന്നില്ല ഈ വ്യത്യസ്തത. എന്റെ ആദ്യ സിനിമാഗാനമായ ‘രാരീരാരിരം രാരോ…’ എന്നഗാനം വളരെ വൈകാരികമായി പാടുന്ന ഗാനമാണ്. അതിനുവേണ്ടത് അത്തരമൊരു ഈണവും പശ്ചാത്തലവുമാണ്.

‘ഉണ്ണീ വാവാവോ…’ എന്ന ഗാനത്തില്‍ നിറയുന്നത് മാതാവിന്റെ വാത്സല്യവും സ്‌നേഹവും കുഞ്ഞിന്റെ നിഷ്‌കളങ്കതയും ഒക്കെയാണ്. അതെല്ലാം ഒന്നുചേര്‍ന്നു വരുമ്പോള്‍ പതിവുകള്‍ തെറ്റും. ചിലപ്പോള്‍ ഒരുവേഗം പാട്ടിലുമനുഭവപ്പെടും,’ മോഹന്‍ സിത്താര പറഞ്ഞു.

റിയാലിറ്റിഷോ, റീമിക്‌സ് ഗാനങ്ങള്‍ തുടങ്ങി പുതിയകാലത്തെ സംഗീതത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. നല്ല മനസോടെയാണ് സമീപിക്കുന്നതെങ്കില്‍ ഏറ്റവും മനോഹരമായ സംഗതിയാണ് റിയാലിറ്റിഷോയെന്ന് മോഹന്‍ സിതാര പറയുന്നു. ആരാലും അറിയപ്പെടാതെ എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന പ്രതിഭകളെ കണ്ടെത്താനും കൈപിടിച്ചുയര്‍ത്താനും റിയാലിറ്റിഷോകള്‍ മികച്ച പ്ലാറ്റ്‌ഫോമാണെന്നും  മോഹന്‍ സിതാര പറയുന്നു.

എന്നാല്‍, പലപ്പോഴും മത്സരമനോഭാവവും ചിലരുടെ അകാരണമായ ഇടപെടലുകളുമൊക്കെയായി മികച്ച ലക്ഷ്യങ്ങളില്‍ നിന്ന് പല ഷോകളും മാറിപ്പോകുന്നതായി സംശയമുണ്ടെന്നും റീമിക്‌സ്ഗാനങ്ങള്‍ പുതിയകാ ലം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ഉണ്ടാക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യഥാര്‍ഥ ഗാനങ്ങളോടും സംഗീതത്തോടും നീതിപുലര്‍ത്തുന്നതായിരിക്കണമെന്നും മോഹന്‍ സിത്താര കൂട്ടിച്ചേര്‍ത്തു.

Content Highlight:  Mohan Sithara talks about the lullabies he composed