ഹാര്‍മോണിയം കൈയില്‍ത്തന്ന് താരാട്ടുണ്ടാക്കാന്‍ പറഞ്ഞപ്പോള്‍ കഷ്ടപ്പെട്ടു; എന്റെ പ്രവേശം വലിയൊരു ട്വിസ്റ്റ്: മോഹന്‍ സിതാര
Malayalam Cinema
ഹാര്‍മോണിയം കൈയില്‍ത്തന്ന് താരാട്ടുണ്ടാക്കാന്‍ പറഞ്ഞപ്പോള്‍ കഷ്ടപ്പെട്ടു; എന്റെ പ്രവേശം വലിയൊരു ട്വിസ്റ്റ്: മോഹന്‍ സിതാര
ഐറിന്‍ മരിയ ആന്റണി
Monday, 9th March 2026, 5:30 pm

മലയാള സിനിമയിലെ മുന്‍നിര സംഗീത സംവിധായകരിലൊരാളാണ് മോഹന്‍ സിതാര. ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലൂടെ തന്റെ സംഗീത കരിയര്‍ ആരംഭിച്ച മോഹന്‍ സിതാര, തന്റെ നീണ്ട 40വര്‍ഷത്തെ കരിയറില്‍ മറക്കാനാകാത്ത ഒരുപിടി മികച്ച ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. താരാട്ട് പാട്ടുമുതല്‍ റൊമാന്റിക് ഗാനങ്ങള്‍ വരെ അദ്ദേഹത്തിന്റെ കൈയില്‍ ഭദ്രമാണ്.

സംഗീതരംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ മോഹന്‍ സിതാരയെത്തേടി ഈയിടെ പ്രഥമ പി. ജയചന്ദ്രന്‍ സ്മാരക പുരസ്‌കാരവും എത്തിയിരുന്നു. ഇപ്പോഴിതാ മാതൃഭൂമി ദിനപത്രവുമായുള്ള അഭിമുഖത്തില്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു തന്റെ സംഗീത ജീവിതമെന്ന് അദ്ദേഹം പറയുന്നു.

‘ബാല്യകാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. അച്ഛന്‍ കുമാരന്‍ നാടകപ്രവര്‍ത്തകനും ഗായകനുമായിരുന്നു. അതുകൊണ്ടു തന്നെ സംഗീതം പാരമ്പര്യമായി കിട്ടിയതാണ്. സിനിമയില്‍ സംഗീത സംവിധായകനാകും മുമ്പ് ട്രാക്ക് പാടിയും പ്രമുഖ സംഗീത സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ചും ഈരംഗത്ത് ഞാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബാല്യകാലം സംഗീതസമ്പന്നമായിരുന്നു.

ഒട്ടേറെ പ്രതികൂല കാലാവസ്ഥാന്തരങ്ങളോട് മല്ലിട്ടായിരുന്നു ഞാനെന്റെ സംഗീതജീവിതം കെട്ടിപ്പടുത്തത്. മലയാള സിനിമാ രംഗത്തേക്കുള്ള എന്റെ പ്രവേശം തന്നെ വലിയൊരു ട്വിസ്റ്റാണ്. സിത്താര എന്നപേരില്‍ എനിക്കൊരു ഗാനമേള ട്രൂപ്പുണ്ടായിരുന്നു. പരിപാടികള്‍ക്കിടെ വ്യത്യസ്തതയ്ക്കായി മിമിക്രി അവതരിപ്പിക്കാന്‍ വന്ന ആളായിരുന്നു ഇന്നത്തെ സംവിധായകന്‍ ടി.കെ. രാജീവ്കുമാര്‍. അദ്ദേഹത്തിലൂടെ നവോദയയിലും പിന്നീട് അവരുടെ ചിത്രത്തില്‍ സംഗീത സംവിധായകനുമായി മാറുകയായിരുന്നു ഞാന്‍,’ മോഹന്‍ സിതാര പറയുന്നു.

1986-ല്‍, സംഗീത സംവിധായകനാക്കാം എന്നൊന്നും പറയാതെയാണ് രാജീവ് തന്നെ എറണാകുളത്തേക്ക് വിളിപ്പിച്ചതെന്നും നവോദയ നിര്‍മിക്കുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ പരിചയപ്പെട്ടപ്പോള്‍ അവര്‍ ഒരു താരാട്ടുപാട്ടിനു പറ്റിയ ഈണമുണ്ടാക്കാന്‍ പറഞ്ഞുവെന്നും മോഹന്‍ സിതാര പറഞ്ഞു.

അപ്പച്ചന്റെ (നിര്‍മാതാവ്) മകന്‍ ജിജോയാണ് ഹാര്‍മോണിയം കൈയില്‍ത്തന്ന് താരാട്ടുണ്ടാക്കാന്‍ പറഞ്ഞതെന്നും വളരെ കഷ്ടപ്പെട്ടുപോയെങ്കിലും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ താന്‍ രണ്ട് ഈണങ്ങള്‍ അവരെ കേള്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ഈണം ഇഷ്ടപ്പെട്ടുവെന്നും അത് സിനിമയില്‍ ഉപയോഗിക്കാന്‍ പോവുകയാണെന്നും അവര്‍ പറഞ്ഞപ്പോഴാണ് താന്‍ സംഗീത സംവിധായകനാകാന്‍ പോകുകയാണെന്ന കാര്യമറിയുന്നതെന്നും മോഹന്‍ സിതാര കൂട്ടിച്ചേര്‍ത്തു.

രഘുനാഥ് പലേരി ആദ്യമായി സംവിധാനം ചെയ്ത ഒന്നു മുതല്‍ പൂജ്യം വരെ 1986ലാണ് പുറത്തിറങ്ങിയത്. നവോദയ സ്റ്റുഡിയോസിന്റെ ബാനറില്‍ നവോദയ അപ്പച്ച നിര്‍മിച്ച ഈ സിനിമയില്‍ ആശ ജയറാമും ഗീതു മോഹന്‍ദാസും പ്രധാന വേഷങ്ങളിലെത്തുന്നത്. മോഹന്‍ലാലിന്റെ ശബ്ദം സിനിമയിലൂടനീളമുണ്ടെങ്കിലും ചിത്രത്തിന്റെ അവസാന ഭാഗത്ത് മാത്രമാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.

Content Highlight:  Mohan sithara says that his musical career was full of difficulties 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.