| Wednesday, 18th June 2025, 10:04 am

ഫീല്‍ഡ് ഔട്ടിന്റെ വക്കിലെത്തിയപ്പോഴാണ് ആ മോഹന്‍ലാല്‍ ചിത്രം റീമേക്ക് ചെയ്തത്, എനിക്കതൊരു തിരിച്ചുവരവായിരുന്നു: മോഹന്‍ ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കിലെ മുന്‍കാല സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് മോഹന്‍ബാബു. ചെറിയ വേഷങ്ങളും വില്ലന്‍ റോളുകളും ചെയ്ത് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ അതിവേഗം സജീവമാകാന്‍ താരത്തിന് സാധിച്ചു. 70കളുടെ അവസാനത്തില്‍ താരം തെലുങ്കിലെ സൂപ്പര്‍സ്റ്റാറായി മാറി. കരിയറിലെ ഉയര്‍ച്ച താഴ്ച്ചകളെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ ബാബു.

കരിയറില്‍ തിളങ്ങി നിന്നുകൊണ്ടിരിക്കെ ചെറിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് താരം പറഞ്ഞു. കോമഡി താരമായും വില്ലനായുമൊക്കെ വീണ്ടും സിനിമകള്‍ ചെയ്തിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെയിരിക്കെയാണ് മോഹന്‍ലാലിന്റെ ചിത്രം എന്ന സിനിമ കണ്ടതെന്ന് മോഹന്‍ ബാബു പറയുന്നു. ആ സിനിമ തനിക്ക് ഇഷ്ടമായെന്നും അതിന്റെ റീമേക്കിനായി മോഹന്‍ലാലിനെ സമീപിച്ചെന്നും താരം പറഞ്ഞു.

അല്ലുഡു ഗാരു എന്ന പേരില്‍ ആ ചിത്രം താന്‍ തെലുങ്കില്‍ റീമേക്ക് ചെയ്‌തെന്നും വലിയ ഹിറ്റായി മാറിയെന്നും അദ്ദേഹം പറയുന്നു. കരിയറിലെ വലിയൊരു തിരിച്ചുവരവായിരുന്നു അതെന്നും മോഹന്‍ലാലിനെപ്പോലൊരു നടന്‍ ഇന്‍ഡസ്ട്രിയുടെ അനുഗ്രഹമാണെന്നും മോഹന്‍ ബാബു പറഞ്ഞു. കണ്ണപ്പയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വില്ലനായും കോമഡി നടനായുമൊക്കെയാണ് കരിയര്‍ തുടങ്ങിയത്. പതിയെ പതിയെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്താന്‍ സാധിച്ചു. എന്നാല്‍ 1985ല്‍ കരിയര്‍ കീഴ്‌മേല്‍ മറിഞ്ഞു. തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രമായിരുന്നു എനിക്ക്. പല തരത്തിലുള്ള സിനിമകള്‍ ചെയ്‌തെങ്കിലും അതൊന്നും ഫലം കണ്ടില്ല.

അങ്ങനെയിരിക്കെയാണ് മോഹന്‍ലാലിന്റെ ചിത്രം എന്ന സിനിമ കാണാനിടയായത്. എനിക്ക് ആ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. അതിന്റെ റീമേക്ക് റൈറ്റ്‌സിനായി മോഹന്‍ലാലിനെ സമീപിച്ചു. അദ്ദേഹം അത് എനിക്ക് തന്നെ തന്നു. അല്ലുഡു ഗാരു എന്ന പേരില്‍ ആ സിനിമ ഞാന്‍ തെലുങ്കില്‍ ഒരുക്കി. കരിയറിലെ പുതുജീവനായിരുന്നു ആ സിനിമ. മോഹന്‍ലാലിനപ്പോലൊരു നടന്‍ ഏതൊരു ഇന്‍ഡസ്ട്രിയുടെയും അനുഗ്രഹമാണ്,’ മോഹന്‍ ബാബു പറയുന്നു.

മോഹന്‍ ബാബുവിന്റെ മകന്‍ വിഷ്ണു മഞ്ചു നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കണ്ണപ്പ. തെലുങ്കില്‍ നിന്ന് ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ് എന്നിവരുടെ അതിഥിവേഷവും ചിത്രത്തിന്റെ പ്രതീക്ഷ കൂട്ടുന്നു.

Content Highlight: Mohan Babu says Chithram movie remake saved his career

We use cookies to give you the best possible experience. Learn more