കരിയറിനെ തന്നെ തിരുത്തിക്കുറിച്ച ഇരട്ട റെക്കോഡ്; സിറാജിന് മുമ്പില്‍ പ്രോട്ടിയാസ് വെറും പൊട്ടാസ്
Sports News
കരിയറിനെ തന്നെ തിരുത്തിക്കുറിച്ച ഇരട്ട റെക്കോഡ്; സിറാജിന് മുമ്പില്‍ പ്രോട്ടിയാസ് വെറും പൊട്ടാസ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd January 2024, 6:53 pm

മുഹമ്മദ് സിറാജിന്റെ ബൗളിങ് കരുത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഏര്‍ളി അഡ്വാന്റേജ് നേടിയിരിക്കുകയാണ്. കേപ് ടൗണിലെ ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ആറ് വിക്കറ്റ് വീഴ്ത്തിയാണ് സിറാജ് തരംഗമായത്.

മൂന്ന് മെയ്ഡന്‍ അടക്കം ഒമ്പത് ഓവര്‍ പന്തെറിഞ്ഞ് 15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. ഏയ്ഡന്‍ മര്‍ക്രം, ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍, ടോണി ഡി സോര്‍സി, ഡേവിഡ് ബെഡ്ഡിങ്ഹാം, മാര്‍കോ യാന്‍സെന്‍, കൈല്‍ വെരായ്നെ എന്നിവരെയാണ് സിറാജ് മടക്കിയത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ സിറാജിന്റെ മൂന്നാമത് ഫൈഫര്‍ നേട്ടമാണിത്. മുമ്പ് വിന്‍ഡീസിനും ഓസ്‌ട്രേലിയക്കും എതിരെയാണ് സിറാജ് ഇതിന് മുമ്പ് അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റെഡ് ബോള്‍ ഫിഗറും ഇതുതന്നെ.

സിറാജിന്റെ ഏറ്റവും മികച്ച ടെസ്റ്റ് പ്രകടനങ്ങള്‍

(എതിരാളികള്‍ – വേദി – വര്‍ഷം – ബൗളിങ് പ്രകടനം എന്നീ ക്രമത്തില്‍)

സൗത്ത് ആഫ്രിക്ക – കേപ് ടൗണ്‍ – 2023 – 6/15

വെസ്റ്റ് ഇന്‍ഡീസ് – ട്രിനിഡാഡ് – 2023 – 5/60

ഓസ്‌ട്രേലിയ – ബ്രിസ്‌ബെയ്ന്‍ – 2021 – 5/73

ഇംഗ്ലണ്ട് – ലോര്‍ഡ്‌സ് – 2021 – 4/35

ഇംഗ്ലണ്ട് – എഡ്ജ്ബാസ്റ്റണ്‍ – 2022 – 4/66

 

ഇതിന് പുറമെ ഒരു ടെസ്റ്റ് മാച്ചിന്റെ ആദ്യ സെഷനില്‍ തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയിലും സിറാജ് ഇടം പിടിച്ചിരിക്കുകയാണ്. സ്റ്റുവര്‍ട്ട് ബ്രോഡ്, ഡെയ്ല്‍ സ്റ്റെയ്ന്‍, ഷെയ്ന്‍ ബോണ്ട് എന്നിവരടങ്ങുന്ന പട്ടികയിലാണ് ഇപ്പോള്‍ സിറാജ് തന്റെ പേരും എഴുതിച്ചേര്‍ത്തത്.

ഒരു ടെസ്റ്റ് മത്സരത്തില്‍ ലഞ്ചിന് മുമ്പ് ഫൈഫര്‍ തികച്ച താരങ്ങള്‍

(താരം – രാജ്യം – എതിരാളികള്‍ – ബൗളിങ് പ്രകടനം – വര്‍ഷം എന്നീ ക്രമത്തില്‍)

ക്രിസ് മാര്‍ട്ടിന്‍ – ന്യൂസിലാന്‍ഡ് – ശ്രീലങ്ക – 5/29 – 2005

ഷെയ്ന്‍ ബോണ്ട് – ന്യൂസിലാന്‍ഡ് – സിംബാബ്‌വേ – 5/11 – 2005

ഡേല്‍ സ്‌റ്റെയ്ന്‍ – സൗത്ത് ആഫ്രിക്ക – ഇന്ത്യ – 5/23 – 2008

വെര്‍നോണ്‍ ഫിലാണ്ടര്‍ – സൗത്ത് ആഫ്രിക്ക – ന്യൂസിലാന്‍ഡ് – 5/17 – 2013

സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ – 8/15 – 2015

ട്രെന്റ് ബോള്‍ട്ട് – ന്യൂസിലാന്‍ഡ് – ഇംഗ്ലണ്ട് – 6/32 – 2018

കെമര്‍ റോച്ച് – വെസ്റ്റ് ഇന്‍ഡീസ് – ബംഗ്ലാദേശ് – 5/8 – 2018

ടിം മുര്‍താ – അയര്‍ലന്‍ഡ് – ഇംഗ്ലണ്ട് – 5/13 – 2019

മുഹമ്മദ് സിറാജ് – ഇന്ത്യ – സൗത്ത് ആഫ്രിക്ക – 6/15 – 2024

 

ടെസ്റ്റ് കരിയറിലെ 67ാം വിക്കറ്റാണ് സിറാജ് ന്യൂലാന്‍ഡ്‌സില്‍ സ്വന്തമാക്കിയത്. 23 ടെസ്റ്റിലെ 41 ഇന്നിങ്‌സില്‍ നിന്നുമാണ് സിറാജിന്റെ വിക്കറ്റ് നേട്ടം. 3.27 എന്ന എക്കോണമിയില്‍ പന്തെറിയുന്ന സിറാജിന് 51.84 എന്ന സ്‌ട്രൈക്ക് റേറ്റും 28.21 എന്ന ശരാശരിയുമാണുള്ളത്.

അതേസമയം, ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ 114ന് നാല് എന്ന നിലയിലാണ് ഇന്ത്യ.

 

Content highlight: Mohammed Siraj’s brilliant innings against South Africa