കങ്കാരുക്കളെ വിറപ്പിച്ചവരില്‍ തലപ്പത്ത്; എന്നിട്ടും അവസരമില്ലാതെ ഷമി!
Sports News
കങ്കാരുക്കളെ വിറപ്പിച്ചവരില്‍ തലപ്പത്ത്; എന്നിട്ടും അവസരമില്ലാതെ ഷമി!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th October 2025, 8:34 am

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് (ഒക്ടോബര്‍ 19) തുടക്കമാവുകയാണ്. പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയയിലെ പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

പുതിയ ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലെത്തുന്നു എന്നതിനൊപ്പം സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തില്‍ ഇറങ്ങുന്നുവെന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്.

ഈ പരമ്പരയ്ക്കായി നേരത്തെ തന്നെ ഒരു കരുത്തുറ്റ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ ഏറെ വിമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഫാസ്റ്റ് ബൗളര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ട് ഏറെ കാലമായി. താരം അവസാനമായി ഏകദിനത്തില്‍ ഒരു മത്സരം കളിച്ചത് ഈ വര്‍ഷം മാര്‍ച്ചിലാണ്.

ഏകദിനത്തില്‍ മാത്രമല്ല, മറ്റ് ഫോര്‍മാറ്റുകളിലും ഷമിക്ക് അവസരങ്ങള്‍ ലഭിച്ചിട്ട് മാസങ്ങളായി. താരത്തെ ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിനത്തില്‍ അവസരം നല്‍കാതിരുന്നതാണ് കാരണം ഷമി ഫിറ്റല്ല എന്നായിരുന്നു അഗര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍, ഇതിന് ബൗള്‍ കൊണ്ട് താരം കിടിലന്‍ മറുപടിയാണ് കഴിഞ്ഞ ദിവസം രഞ്ജി ട്രോഫിയില്‍ നല്‍കിയത്.

ഷമി രഞ്ജി ട്രോഫിയില്‍ ബംഗാളിനായി ഇറങ്ങി ഏഴ് വിക്കറ്റുകള്‍ നേടിയിരുന്നു. ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ മൂന്ന് വിക്കറ്റുകളും രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റുകളും നേടിയാണ് താരം തിളങ്ങിയത്.

ഈ പ്രകടനത്തിനപ്പുറം, കരുത്തരായ ഓസ്ട്രേലിയക്ക് എതിരെ മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ് ഷമി. ഏകദിന ദ്വിരാഷ്ട്ര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരങ്ങളില്‍ തലപ്പത്താണ് 35 കാരന്‍. 21 ഇന്നിങ്‌സില്‍ നിന്ന് 37 വിക്കറ്റ് നേടിയാണ് താരം ഈ ലിസ്റ്റില്‍ മുന്നിലുള്ളത്. എന്നിട്ടും താരത്തിന് ഓസ്ട്രേലിയക്ക് എതിരെ അവസരം ലഭിച്ചില്ലെന്നാണ് ശ്രദ്ധേയം.

ഇന്ത്യ – ഓസ്‌ട്രേലിയ ദ്വിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – വിക്കറ്റുകള്‍ എന്ന ക്രമത്തില്‍)

മുഹമ്മദ് ഷമി – ഇന്ത്യ – 21 – 37

ആദം സാംപ – ഓസ്‌ട്രേലിയ – 20 – 34

രവീന്ദ്ര ജഡേജ – ഇന്ത്യ – 35 – 33

മിച്ചല്‍ ജോണ്‍സന്‍ – ഓസ്‌ട്രേലിയ – 17 – 30

കുല്‍ദീപ് യാദവ് – ഇന്ത്യ – 19 – 29

Content Highlight: Mohammed Shami top the list of most wickets in India vs Australia bilateral ODI series