ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാതെ പോയതിന് പിന്നാലെ കരിബീയന്‍ പ്രീമിയര്‍ ലീഗ് (സി.പി.എല്‍) കളിക്കാനൊരുങ്ങി പാക് സൂപ്പര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ മുഹമ്മദ് റിസ്വാന്‍. സി.പി.എല്ലില്‍ സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്‌സിന് വേണ്ടിയാണ് റിസ്വാന്‍ കളത്തിലിറങ്ങുന്നത്.
അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം ഫസല്‍ഹഖ് ഫാറൂഖിയുടെ പകരക്കാരനായാണ് റിസ്വാന്‍ ടീമിനൊപ്പം ചേരുന്നത്. ഏഷ്യാ കപ്പിന് മുന്നോടിയായി നടക്കുന്ന ട്രൈനേഷന്‍ സീരീസിന്റെ ഭാഗമായാണ് ഫസല്‍ഹഖ് ഫാറൂഖി സി.പി.എല്ലില്‍ നിന്നും മടങ്ങുന്നത്. അഫ്ഗാനിസ്ഥാന് പുറമെ യു.എ.ഇ, പാകിസ്ഥാന്‍ ടീമുകളാണ് ട്രൈനേഷന്‍ സീരീസിലെ മറ്റ് ടീമുകള്‍.
ഫസല്‍ഹഖ് ഫാറൂഖി
വിവിധ ടി-20 ലീഗുകളില്‍ കളിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് റിസ്വാന്‍ സി.പി.എല്ലിന്റെ ഭാഗമാകുന്നത്. പാകിസ്ഥാന്‍ പേസര്‍മാരായ നസീം ഷായും അബ്ബാസ് അഫ്രിദിയും നിലവില്‍ എസ്.കെ.എന്‍ പേട്രിയറ്റ്‌സിനൊപ്പമുണ്ട്.
നിലവില്‍ പേട്രിയറ്റ്‌സുമായി കരാറിലെത്തിയതോടെ റിസ്വാന്‍ തന്റെ രണ്ട് ഓവര്‍സീസ് ടി-20 ലീഗ് ക്വാട്ടയും ഉപയോഗിച്ചിരിക്കുകയാണ്.
പി.സി.ബിയുമായി കരാറിലുള്ള ചില താരങ്ങളെ വര്‍ഷത്തില്‍ രണ്ട് വിവിധ ഓവര്‍സീസ് ടി-20 ലീഗുകള്‍ കളിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുവദിക്കാറുണ്ട്. ഓസ്‌ട്രേലിയന്‍ ഫ്രാഞ്ചൈസി ടി-20 ലീഗായ ബിഗ് ബാഷ് ലീഗി (ബി.ബി.എല്‍)ല്‍ ആണ് താരം മുമ്പ് കളിച്ചിരുന്നത്.
സി.പി.എല്ലില്‍ റിസ്വാന് കൂട്ടായി വേറെയും പാക് താരങ്ങളുണ്ട്. ആന്‍ഡിഗ്വ ആന്‍ഡ് ബാര്‍ബുഡ ഫാല്‍ക്കണ്‍സിനായി കളിക്കുന്ന ഇമാദ് വസീം, ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സിന്റെ മുഹമ്മദ് ആമിര്‍, ജമൈക്ക താല്ലവാസിന്റെ സല്‍മാന്‍ ഇര്‍ഷാദ് എന്നിവരാണ് സി.പി.എല്ലിലെ മറ്റ് പാക് താരങ്ങള്‍.
ടൂര്‍ണമെന്റില്‍ നാളെ നടക്കുന്ന സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്‌സ് – ബാര്‍ബഡോസ് റോയല്‍സ് മത്സരത്തില്‍ റിസ്വാന്‍ കളത്തിലിറങ്ങുമെന്നാണ് വിശ്വസിക്കുന്നത്. തുടര്‍ തോല്‍വികളില്‍ വീര്‍പ്പുമുട്ടുന്ന പേട്രിയറ്റ്‌സിന് റിസ്വാന്റെ വരവ് ആശ്വാസമായേക്കും.
കളിച്ച നാല് മത്സരത്തില്‍ മൂന്നിലും പരാജയപ്പെട്ട പേട്രിയറ്റ്‌സ് നിലവില്‍ നാലാം സ്ഥാനത്താണ്. ഒരു മത്സരം മാത്രം കളിച്ച് പരാജയപ്പെട്ട ബാര്‍ബഡോസ് റോയല്‍സ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.