| Sunday, 17th August 2025, 10:25 pm

ടീമിലെടുക്കാത്ത ശേഷവും അപമാനം; 'പാകിസ്ഥാനെ ജയിപ്പിക്കാത്തവര്‍ എങ്ങനെ ടീമിലെ പ്രധാനികളാകും?'

സ്പോര്‍ട്സ് ഡെസ്‌ക്

ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും പാകിസ്ഥാന്റെ പ്രധാന താരങ്ങളെന്ന് വിളിക്കരുതെന്ന് മുന്‍ പാക് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസ്. ഇരുവരും നിലവില്‍ പാകിസ്ഥാന്റെ പ്രധാന താരങ്ങളല്ലെന്നും പാകിസ്ഥാനായി മത്സരങ്ങള്‍ വിജയിപ്പിക്കുന്നവരെ മാത്രമേ ടീമിന്റെ പ്രധാന താരങ്ങളായി കണക്കാക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഹഫീസ് വിമര്‍ശിച്ചു.

ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡില്‍ ഇരുവര്‍ക്കും സ്ഥാനമുണ്ടായിരുന്നില്ല. ഇരുവരെയും പുറത്താക്കിയ പി.സി.ബിയുടെ നടപടി ചോദ്യം ചെയ്ത് ആരാധകര്‍ രംഗത്തെത്തിയിരുന്നു. ടീമിലെ പ്രധാനികളായ ബാബറിനെയും റിസ്വാനെയും എങ്ങനെ പുറത്താക്കുമെന്നായിരുന്നു ഇവരുടെ ചോദ്യം. ഇതിനുള്ള മറുപടിയാണ് ഹഫീസ് നല്‍കുന്നത്.

‘അവരെ (ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍) എന്നിവരെ പ്രധാന താരങ്ങളെന്ന് വിളിക്കുന്നത് തീര്‍ത്തും തെറ്റും അന്യായവുമാണ്. നിലവില്‍ മുഹമ്മദ് റിസ്വാനും ബാബര്‍ അസവും ഇന്ത്യയുടെ പ്രധാന താരങ്ങളല്ല. പാകിസ്ഥാനായി മത്സരങ്ങള്‍ വിജയിപ്പിക്കുന്നവരെയാണ് നമുക്ക് ടീമിന്റെ പ്രധാന താരങ്ങളെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുക,’ ഹഫീസ് പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷങ്ങളെടുത്ത് പരിശോധിക്കുകയാണെങ്കില്‍ സല്‍മാന്‍ അലി ആഘ, സയീം അയ്യൂബ്, ഹസന്‍ നവാസ് എന്നിവരാണ് സ്ഥിരതയുള്ള പ്രകടനം നടത്തുന്നത്. എന്തുകൊണ്ട് നമ്മള്‍ അവരെ കുറിച്ച് സംസാരിക്കുന്നില്ല? അവരാണ് നിലവില്‍ പാകിസ്ഥാനായി മത്സരം വിജയിപ്പിക്കുന്ന താരങ്ങള്‍,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാബര്‍ അസവും മുഹമ്മദ് റിസ്വാനും ഇനി ടീമില്‍ സ്ഥാനം നേടുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നും ഹഫീസ് പറഞ്ഞു. ആദ്യം ഒരു നല്ല പ്ലെയറാകുന്നതിനെ കുറിച്ചായിരിക്കണം ചിന്തയെന്നും പ്രധാന താരമാകുന്നത് പിന്നീടായിരിക്കണമെന്നും മുന്‍ ഓള്‍ റൗണ്ടര്‍ കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ പത്തിനാണ് ഏഷ്യാ കപ്പില്‍ പാകിസ്ഥാന്റെ ആദ്യ മത്സരം. ഒമാനാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് നടക്കുന്ന മത്സരത്തില്‍ ആഘാ സല്‍മാനും സംഘവും ഇന്ത്യയെ നേരിടും. സെപ്റ്റംബര്‍ 17ന് നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ യു.എ.ഇയാണ് എതിരാളികള്‍.

ഏഷ്യ കപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ്

സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ തലാത്ത്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സഹിബ്സാദ ഫര്‍ഹാന്‍, സയിം അയ്യൂബ്, സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സൂഫിയാന്‍ മഖീം.

Content Highlight: Mohammed Hafeez slams Babar Azam and Mohammed Rizwan

We use cookies to give you the best possible experience. Learn more