ധോണിയോ പന്തോ അല്ല; 'ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍'; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി അസറുദ്ദീന്‍
Sports News
ധോണിയോ പന്തോ അല്ല; 'ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍'; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി അസറുദ്ദീന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th August 2025, 1:06 pm

ഇന്ത്യന്‍ ഇതിഹാസ താരവും 1983 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റുമായിരുന്ന സയ്യിദ് കിര്‍മാണിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍. സയ്യിദ് കിര്‍മാണിയെ പോലെ ഒരു താരം അതിന് ശേഷം പിറവിയെടുത്തിട്ടില്ലെന്നും അസര്‍ പറഞ്ഞു.

സയ്യിദ് കിര്‍മാണിയുടെ ആത്മകഥയായ ‘സ്റ്റംപ്ഡ് (Stumped) – ന്റെ പ്രകാശനത്തിന് ശേഷം എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍.

‘അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ്. ഇതുപോലെ ഒരു വിക്കറ്റ് കീപ്പര്‍ ഇതുവരെ പിറവിയെടുത്തിട്ടില്ല. നാല് സ്പിന്നര്‍മാര്‍ക്കൊപ്പം അദ്ദേഹം വിക്കറ്റിന് പിന്നില്‍ അത്ഭുതാവഹമായ പ്രകടനമാണ് കാഴ്‌വെച്ചത്. 1983 ലോകകപ്പില്‍ അദ്ദേഹം വളരെ മികച്ച ക്യാച്ചുകളും സ്വന്തമാക്കി,’ അസറുദ്ദീന്‍ പറഞ്ഞു.

‘സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തില്‍ കപില്‍ ദേവ് 175 റണ്‍സ് നേടിയപ്പോള്‍ അദ്ദേഹം നിര്‍ണായകമായ 24 റണ്‍സ് സ്വന്തമാക്കി. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ദൈവം അദ്ദേഹത്തിന് ദീര്‍ഘായുസ് നല്‍കട്ടെ. നിങ്ങളെല്ലാവരും ഈ പുസ്തകം വായിക്കണം,’ അസറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

1983 ലോകകപ്പിലെ സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തില്‍ കിര്‍മാണി നേടിയ റണ്‍സിനേക്കാള്‍ ആ റണ്‍സ് പിറവിയെടുത്ത സാഹചര്യമായിരുന്നു പ്രധാനം. ഇന്ത്യയുടെ എട്ട് വിക്കറ്റുകളും വീണ ശേഷമാണ് സയ്യിദ് കിര്‍മാണി ക്രീസിലെത്തുന്നത്.

140/8 എന്ന നിലയില്‍ നിന്നും കപില്‍ ദേവിനൊപ്പം ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 126 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് കിര്‍മാണി പടുത്തുയര്‍ത്തിയത്. ഒരു വശത്ത് നിന്ന് കപില്‍ കൊടുങ്കാറ്റഴിച്ചുവിടുമ്പോള്‍ മറുവശത്ത് ഉറച്ചുനിന്ന കിര്‍മാണി എതിര്‍ ടീം ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കി.

ഇരുവരുടെയും ചെറുത്തുനില്‍പ്പില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 266 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. കപില്‍ 138 പന്തില്‍ പുറത്താകാതെ 175 റണ്‍സ് നേടിയപ്പോള്‍ 56 പന്തില്‍ പുറത്താകാതെ 27 റണ്‍സാണ് കിര്‍മാണി നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേയെ മദന്‍ ലാലിന്റെയും റോജര്‍ ബിന്നിയുടെയും ബൗളിങ് കരുത്തില്‍ ഇന്ത്യ 235ന് പുറത്താക്കി.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടാമത് വിക്കറ്റ് കീപ്പറും കിര്‍മാണിയായിരുന്നു. 12 ക്യാച്ചും രണ്ട് സ്റ്റംപിങ്ങുമടക്കം 14 ഡിസ്മിസ്സലുകളാണ് അദ്ദേഹം നടത്തിയത്. 15 ക്യാച്ചും ഒരു സ്റ്റംപിങ്ങുമായി വിന്‍ഡീസ് ഇതിഹാസം ജെഫ് ഡുജോണാണ് ഒന്നാമതെത്തിയത്.

 

88 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് സയ്യിദ് മുജ്തബ ഹുസൈന്‍ കിര്‍മാണിയെന്ന സയ്യിദ് കിര്‍മാണി. രണ്ട് സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയുമടക്കം 2,759 റണ്‍സാണ് ടെസ്റ്റില്‍ താരം സ്വന്തമാക്കിയത്. 1983 ലോകകപ്പടക്കം 49 ഏകദിനത്തിലും കിര്‍മാണി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.

 

Content Highlight: Mohammed Azharuddin praises Syed Kirmani