11 ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്ക് ഇന്ത്യയില്‍ ചെക്ക് വെക്കാന്‍ ഒരേയൊരു ഇറാന്‍ നായകന്‍; മാമാങ്കം കൊഴുക്കുന്നു
Sports News
11 ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്ക് ഇന്ത്യയില്‍ ചെക്ക് വെക്കാന്‍ ഒരേയൊരു ഇറാന്‍ നായകന്‍; മാമാങ്കം കൊഴുക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd September 2025, 4:20 pm

പ്രോ കബഡി ലീഗിന്റെ 12ാം സീസണ്‍ ആവേശത്തോടെ ആരംഭിച്ചിരിക്കുകയാണ്. 12 ടീമുകള്‍ ലോക കബഡിയിലെ തന്നെ ഏറ്റവും പ്രസ്റ്റീജ്യസായ കിരീടത്തിനായി പോരാടുകയാണ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഹരിയാന സ്റ്റീലേഴ്‌സ് കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങുമ്പോള്‍ ഗുജറാത്ത് ജയന്റ്‌സ്, തെലുഗു ടൈറ്റന്‍സ്, യു.പി യോദ്ധാസ്, തമിള്‍ തലൈവാസ് എന്നിവര്‍ തങ്ങളുടെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.

പ്രോ കബഡി ലെജന്‍ഡ്‌സ് എറയും ഗോള്‍ഡന്‍ എറയും കഴിഞ്ഞ് ഇപ്പോള്‍ പുതുതലമുറയുടെ യുഗത്തിലെത്തിയിരിക്കുകയാണ്. ആദ്യ സീസണുകളില്‍ ചരിത്രം രചിച്ച അനൂപ് കുമാര്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ പരിശീലകന്റെ റോളിലെത്തുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പോലെ കബഡിയും അടുത്ത ട്രാന്‍സിഷന്‍ സ്റ്റേജിലേക്കാണ് കടക്കുന്നത്.

 

ഇന്ത്യയുടെ ഭാവി ശോഭനമാക്കാന്‍ പോന്ന യുവരക്തങ്ങളില്‍ പലരും ഇതിനോടകം തന്നെ തങ്ങള്‍ ക്യാപ്റ്റന്‍സി മെറ്റീരിയല്‍ കൂടിയാണെന്നും അടിവരയിടുന്നുണ്ട്. 12ല്‍ 11 ടീമുകളെയും നയിക്കുന്നത് ഇന്ത്യന്‍ താരങ്ങളാണെന്നതും ശ്രദ്ധേയമാണ്.

പി.കെ.എല്‍ 2025 ക്യാപ്റ്റന്‍മാര്‍

(ടീം – ക്യാപ്റ്റന്‍ എന്നീ ക്രമത്തില്‍)

ബംഗാള്‍ വാറിയേഴ്‌സ് – ദേവാംഗ് ദലാല്‍

ബെംഗളൂരു ബുള്‍സ് – അങ്കുശ് രാഥീ

ദബാങ് ദല്‍ഹി കെ.സി – അഷു മാലിക്

ഗുജറാത്ത് ജയന്റ്‌സ് – മുഹമ്മദ്‌റസ ഷാദ്‌ലൂ

ഹരിയാന സ്റ്റീലേഴ്‌സ് – ജയ്ദീപ് ദഹിയ

ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് – നിതിന്‍ റാവല്‍

പാട്‌ന പൈറേറ്റ്‌സ് – അങ്കിത് ജാഗ്‌ലന്‍

പൂണേരി പള്‍ട്ടാന്‍ – അസ്‌ലം ഇനാംദാര്‍

തമിള്‍ തലൈവാസ് – പവന്‍ സെഹ്‌രാവത്

തെലുഗു ടൈറ്റന്‍സ് – വിജയ് മാലിക്

യു മുംബ – സുനില്‍ കുമാര്‍

യു.പി യോദ്ധാസ് – സുമിത് സാങ്‌വാന്‍

ഗുജറാത്ത് ജയന്റ്‌സ് നായകന്‍ മുഹമ്മദ്‌റസ ഷാദ്‌ലൂ മാത്രമാണ് ഈ സീസണിലെ ഏക വിദേശ ക്യാപ്റ്റന്‍. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയക്ക് എന്നും വെല്ലുവിളി സൃഷ്ടിക്കുന്ന ഇറാനില്‍ നിന്നുമാണ് ഷാദ്‌ലൂ പ്രോ കബഡിയുടെ വേദി കീഴടക്കാന്‍ എത്തിയിരിക്കുന്നത്.

മുഹമ്മദ്‌റസ ഷാദ്‌ലൂ

ഫസല്‍ അത്രാചാലി, മെറാജ് ഷെയ്ഖ്, മുഹമ്മദ് ഇസ്മായില്‍ നബിബക്ഷ്, അബൂജാര്‍ മെഗാനി എന്നിവരുടെ പിന്‍ഗാമിയായിയെത്തിയ ഷാദ്‌ലൂ പി.കെ.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിദേശ താരങ്ങളില്‍ പ്രധാനിയാണ്.

ക്യാപ്റ്റന്‍സിയില്‍ ഇറാനിയന്‍ ഇതിഹാസം ഫസല്‍ അത്രാചാലിയും നബിബക്ഷും തന്നെയായിരിക്കും ഷാദ്‌ലൂവിന്റെ റോള്‍ മോഡലുകള്‍. ഇറാന്‍ ദേശീയ ടീമിന് പുറമെ പ്രോ കബഡിയില്‍ യു മുംബ, ഗുജറാത്ത് ജയന്റ്‌സ് (ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സ്), പൂണേരി പള്‍ട്ടാന്‍, ബംഗാള്‍ വാറിയേഴ്‌സ് എന്നീ ടീമുകളെ ഫസല്‍ അത്രാചാലി നയിച്ചിട്ടുണ്ട്.

ഫസല്‍ അത്രാചാലി,

 

സീസണില്‍ അഞ്ചില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെയും സീസണ്‍ പൂണേരി പള്‍ട്ടാന്‍സിനെ അവരുടെ ആദ്യ ഫൈനലിലേക്കും ഫസല്‍ നയിച്ചു. എന്നാല്‍ അഞ്ചാം സീസണില്‍ പാട്‌ന പൈറേറ്റ്‌സിനോടും 11ാം സീസണില്‍ ഹരിയാന സ്റ്റീലേഴ്‌സിനോടും പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ അത്രാചാലിക്ക് നേടാന്‍ സാധിക്കാതെ പോയ കിരീടം നബിബക്ഷ് സ്വന്തമാക്കിയിട്ടുണ്ട്. സീസണ്‍ ഏഴില്‍ ബംഗാള്‍ വാറിയേഴ്‌സിനൊപ്പം. സീസണില്‍ മനീന്ദര്‍ സിങ്ങായിരുന്നു വാറിയേഴ്‌സിന്റെ ക്യാപ്റ്റന്‍. എന്നാല്‍ ഫൈനലിന് മുമ്പ് മനീന്ദറിന് പരിക്കേല്‍ക്കുകയും നബിബക്ഷിനെ തേടി ക്യാപ്റ്റന്‍സിയെത്തുകയുമായിരുന്നു.

മുഹമ്മദ് ഇസ്മായില്‍ നബിബക്ഷ്

മത്സരത്തിന്റെ 40 മിനിട്ടും ആവേശം അലതല്ലിയ ഫൈനലില്‍ ദബാംഗ് ദല്‍ഹി കെ.സിയെ പരാജയപ്പെടുത്തി നബിബക്ഷിന് കീഴില്‍ വാറിയേഴ്‌സ് കപ്പുയര്‍ത്തുകയായിരുന്നു. (39-34). ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ വാറിയേഴ്‌സിന്റെ ഏക പി.കെ.എല്‍ കിരീടം കൂടിയാണിത്. പി.കെ.എല്‍ ചരിത്രത്തില്‍ കിരീടമുയര്‍ത്തിയ ഏക വിദേശ ക്യാപ്റ്റന്‍ എന്ന റെക്കോഡും ഇതോടെ നബിബക്ഷ് സ്വന്തമാക്കി.

നബിബക്ഷിന്റെ വഴിയെ ഇത്തവണ ഗുജറാത്ത് ജയന്റ്‌സിനെ കിരീടത്തിലേക്ക് നയിക്കാന്‍ തന്നെയാകും ഷാദ്‌ലൂ ഒരുങ്ങുന്നത്. അങ്ങനെയെങ്കില്‍ പി.കെ.എല്‍ കീഴടക്കുന്ന രണ്ടാമത് വിദേശ ക്യാപ്റ്റനായും ഷാദ്‌ലൂ മാറും.

 

Content Highlight: Mohammadreza Shadloui is the only overseas captain in PKL 2025