പാകിസ്ഥാനും യു.എ.ഇയുമായുള്ള മത്സരം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ പാകിസ്ഥാന്റെ ബാറ്റിങ് അവസാനിച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് ടീം സ്വന്തമാക്കിയത്.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സാണ് നേടിയത്. 12 റണ്‍സ് നേടിയ ഓപ്പണര്‍ അലിഷാന്‍ ഷറഫുവിനെയാണ് ടീമിന് നഷ്ടമായത്. ഷഹീന്‍ അഫ്രീദിക്കാണ് വിക്കറ്റ്. നിലവില്‍ ക്രീസിലുള്ള സൊഹൈബ് ഖാന്‍ രണ്ട് റണ്‍സും ക്യാപ്റ്റന്‍ മുഹമ്മദ് വസീം എട്ട് റണ്‍സുമാണ് നേടയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും വസീമിന് സാധിച്ചിരിക്കുരയാണ്. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ അസോസിയേറ്റ് താരമാകാനാണ് വസീമിന് സാധിച്ചത്. രോഹിത്തും വിരാടുമൊന്നുമില്ലാത്ത ഈ ലിസ്റ്റില്‍ മലേഷ്യയുടെ വിരണ്‍ദീപ് സിങ്ങിനെ മറികടന്നാണ് താരം ഒന്നാനായത്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ അസോസിയേറ്റ് താരങ്ങള്‍
(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
മുഹമ്മദ് വസീം – യു.എ.ഇ – 85 – 3,018*
വിരണ്‍ദീപ് സിങ് – മലേഷ്യ – 98 – 3,013
സയ്യിദ് അസീസ് – മലേഷ്യ – 105 – 2,680
റിച്ചാര്‍ഡ് ബെറിങ്ടണ്‍ – 93 – 2,335
നിസാഖത് ഖാന്‍ – ഹോങ് കോങ് – 114 – 2,324
മാക്‌സ് ഒ ഡൗഡ് – നെതര്‍ലന്‍ഡ്‌സ് – 84 – 2,309
ജോര്‍ജ് മന്‍സി – സ്‌കോട്ലാന്‍ഡ് – 79 – 2,309
നേരത്തെ ഏഷ്യാ കപ്പില്‍ ഒമാനെതിരെ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് വസീം 3,000 ടി-20 റണ്‍സെന്ന ചരിത്ര നേട്ടം പൂര്‍ത്തിയാക്കിയത്. ഒമാനെതിരെ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെയായിരുന്നു കരിയറിലെ സുപ്രധാന നാഴികക്കല്ല് താരം മറികടന്നത്.
അതേസമയം മത്സരത്തില്‍ ഷഹീന്‍ അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് പാകിസ്ഥാന്‍ യു.എ.ഇയ്‌ക്കെതിരെ തരക്കേടില്ലാത്ത സ്‌കോറിലെത്തിയത്. 14 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 29 റണ്‍സാണ് താരം നേടിയത്. മാത്രമല്ല ടീമിന് വേണ്ടി ഫഖര്‍ സമാന്‍ 36 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 50 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ 20 റണ്‍സിനാണ് മടങ്ങിയത്.
അതേസമയം പാകിസ്ഥാന് വമ്പന്‍ തിരിച്ചടി നല്‍കിക്കൊണ്ടാണ് യു.എ.ഇ മത്സരം തുടങ്ങിയത്. ഓപ്പണിങ് ഓവറിനെത്തിയ യു.എ.ഇയുടെ ജുനൈദ് സിദ്ദിഖ് പാക് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാനെ തന്റെ അഞ്ചാം പന്തില്‍ പറഞ്ഞയച്ചാണ് തുടങ്ങിയത്. അഞ്ച് റണ്‍സിനാണ് താരം കൂടാരം കയറിയത്.
എന്നാല്‍ മൂന്നാം ഓവറില്‍ തിരിച്ചെത്തിയ ജുനൈദ് സയിം അയൂബിനെയും പൂജ്യം റണ്‍സിന് പുറത്താക്കി മിന്നും പ്രകടനം നടത്തി. മൊത്തം നാല് വിക്കറ്റുകള്‍ നേടി യു.എ.ഇയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ജുനൈദ് കാഴ്ചവെച്ചത്. താരത്തിന് പുറമെ സിമ്രന്‍ജീത് സിങ് മൂന്ന് വിക്കറ്റ് നേടിയും തിളങ്ങി. ശേഷിച്ച വിക്കറ്റ് നേടിയത് ധ്രുവ് പരാശരാണ്.
Content Highlight: Mohammad Wasim In Great Record Achievement