സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം ഗുവാഹത്തില്‍ പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 489 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് പ്രോട്ടിയാസ് നേടിയത്. മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒന്നടങ്കം പരാജയപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.
മുഹമ്മദ് സിറാജ് അഞ്ച് മെയ്ഡന്‍ ഓവറുകളടക്കം 30 ഓവറുകളാണ് ഇന്നിങ്‌സില്‍ എറിഞ്ഞത്. 106 റണ്‍സ് വിട്ടുകൊടുത്ത സിറാജ് 3.53 എന്ന എക്കോണമിയിലാണ് പന്തെറിഞ്ഞത്. ഇതോടെ ഒരു മോശം ലിസ്റ്റില്‍ താരം ഒന്നാമനായിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്നിങ്‌സുകളില്‍ ഏറ്റവും കൂടുതല്‍ തവണ 100+ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ താരമായിരിക്കുകയാണ് സിറാജ്. ആറ് തവണയാണ് താരം 100+ റണ്‍സ് നേടിയത്. 83 ഇന്നിങ്‌സില്‍ നിന്നാണ് താരം ഈ അനാവിശ്യ ലിസ്റ്റില്‍ ഒന്നാമനായത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്നിങ്‌സുകളില്‍ ഏറ്റവും കൂടുതല്‍ തവണ 100+ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ താരം, എണ്ണം, ഇന്നിങ്‌സ്
മുഹമ്മദ് സിറാജ് -6 – 83
രവീന്ദ്ര ജഡേജ – 5 – 88
ആര്‍. അശ്വിന്‍ – 3 – 78
പ്രസിദ്ധ് കൃഷ്ണ – 2 – 11
അതേസമയം നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ വമ്പന്‍ തകര്‍ച്ചയാണ് നേരിടുന്നത്. നിലവില്‍ ലഞ്ചിന് പിരിഞ്ഞപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് മാത്രമാണ് ഇന്ത്യ സ്‌കോര്‍ ചെയ്തത്. നിലവില്‍ വാഷിങ്ടണ്‍ സുന്ദര്‍ 66 പന്തില്‍ 33 റണ്‍സും കുല്‍ദീപ് യാദവ് 82 പന്തില്‍ 14 റണ്‍സുമാണ് നേടിയത്.
ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ നിഷ്പ്രയാസം കീഴടക്കിയാണ് പ്രോട്ടിയാസ് ബൗളര്‍മാര്‍ ഇന്ത്യന്‍ മണ്ണില്‍ തിളങ്ങിയത്. കെ.എല്‍. രാഹുല്‍ 63 പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെ 22 റണ്‍സ് നേടി കേശവ് മഹാരാജിന് ഇരയായപ്പോള്‍ സായി സുദര്‍ശന്‍ 4 പന്തില്‍ 15 റണ്‍സ് നേടി പുറത്തായി. സൈമണ്‍ ഹാര്‍മറാണ് താരത്തെ കുരുക്കിയത്.
പിന്നീടെത്തിയ ധ്രുവ് ജുറേല്‍ 11 പന്തുകള്‍ നേരിട്ട് പൂജ്യം റണ്‍സിനാണ് മടങ്ങിയത്. മാര്‍ക്കോ യാന്‍സനാണ് ജുറേലിനെ പറഞ്ഞയച്ചത്. അധികം വൈകാതെ ക്യാപ്റ്റന്‍ റിഷബ് പന്തിനെ ഏഴ് റണ്‍സിന് പുറത്താക്കി യാന്‍സന്‍ വീണ്ടും തിളങ്ങി.
ടീമിന് വേണ്ടി കുറച്ചെങ്കിലും പിടിച്ചുനിന്നത് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളാണ്. 97 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 58 റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്.
അതേസമയം ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ സെനുറാന്‍ മുത്തുസാമിയും ഫിഫ്റ്റി നേടിയ മാര്‍ക്കോ യാന്‍സെനുമാണ് പ്രോട്ടിയാസിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. മുത്തുസാമി 206 പന്തില്‍ രണ്ട് സിക്സും 10 ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടിയാണ് മടങ്ങിയത്. മുഹമ്മദ് സിറാജാണ് താരത്തെ പറഞ്ഞയച്ചത്.
യാന്‍സന്‍ 91 പന്തില്‍ ഏഴ് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 93 റണ്‍സും നേടി പുറത്തായി. പ്രോട്ടിയാസ് നിരയില്‍ ഒമ്പതാമനായി ഇറങ്ങിയാണ് യാന്‍സന്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് ഏവരേയും അമ്പരപ്പിച്ചത്. കുല്‍ദീപ് യാദവാണ് താരത്തിന്റെ വിക്കറ്റ് നേടിയത്.
Content Highlight: Mohammad Siraj In A Unwanted List In WTC