അന്ന് സഹീറും ഇശാന്തും, ഇന്ന് ബുംറയും സിറാജും; 16 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ ഇങ്ങനെയും സംഭവിച്ചു!
Sports News
അന്ന് സഹീറും ഇശാന്തും, ഇന്ന് ബുംറയും സിറാജും; 16 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ ഇങ്ങനെയും സംഭവിച്ചു!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 24th November 2025, 8:10 am

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 489 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്.

നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒമ്പത് റണ്‍സാണ് നേടിയത്. യശസ്വി ജെയ്‌സ്വാള്‍ ഏഴ് റണ്‍സും രണ്ട് റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസിലുള്ളത്.

ആദ്യ ഇന്നിങ്സില്‍ ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങി. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 32 ഓവറുകളാണ് ബുംറ ആദ്യ ഇന്നിങ്സില്‍ എറിഞ്ഞത്. മാത്രമല്ല 10 മെയ്ഡന്‍ ഓവറുകളടക്കമാണ് ബുംറ പ്രോട്ടിയാസ് ബാറ്റര്‍മാരെ കുഴപ്പിച്ചത്. 75 റണ്‍സ് മാത്രം വിട്ടുനല്‍കിയ ബുംറ 2.34 എന്ന എക്കോണമിയിലാണ് പന്തെറിഞ്ഞത്.

സിറാജ് അഞ്ച് മെയ്ഡന്‍ ഓവറുകളടക്കം 30 ഓവറുകളും എറിഞ്ഞു. 106 റണ്‍സ് വിട്ടുകൊടുത്ത സിറാജ് 3.53 എന്ന എക്കോണമിയിലാണ് പന്തെറിഞ്ഞത്. ഇതോടെ ബുംറയും സിറാജും ഒരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ മണ്ണില്‍ നടന്ന ടെസ്റ്റിലെ ഒരു ഇന്നിങ്‌സില്‍ 30+ ഓവറുകള്‍ എറിയുന്ന രണ്ട് പേസര്‍മാരാകാനാണ് സിറാജിനും ബുംറയ്ക്കും സാധിച്ചത്.

16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ പേസര്‍മാര്‍ ഹോം ടെസ്റ്റില്‍ 30+ ഓവറുകള്‍ എറിയുന്നത്. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെ അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ പേസര്‍മാരായ സഹീര്‍ഖാനും ഇശാന്ത് ശര്‍മയുമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ താരങ്ങള്‍. സഹീര്‍ ഖാന്‍ 36 ഓവറും ഇശാന്ത് 33 ഓവറുകളുമായിരുന്നു അന്ന് എറിഞ്ഞത്.

അതേസമയം ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ സെനുറാന്‍ മുത്തുസാമിയും ഫിഫ്റ്റി നേടിയ മാര്‍ക്കോ യാന്‍സെനുമാണ് പ്രോട്ടിയാസിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. മുത്തുസാമി 206 പന്തില്‍ രണ്ട് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടിയാണ് മടങ്ങിയത്. മുഹമ്മദ് സിറാജാണ് താരത്തെ പറഞ്ഞയച്ചത്.

യാന്‍സന്‍ 91 പന്തില്‍ ഏഴ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 93 റണ്‍സും നേടി പുറത്തായി. പ്രോട്ടിയാസ് നിരയില്‍ ഒമ്പതാമനായി ഇറങ്ങിയാണ് യാന്‍സന്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് ഏവരേയും അമ്പരപ്പിച്ചത്. കുല്‍ദീപ് യാദവാണ് താരത്തിന്റെ വിക്കറ്റ് നേടിയത്.

Content Highlight: Mohammad Siraj And Jasprit Bumrah In Record Achievement