കരിയറില്‍ ഇവന്റെ ആദ്യ നേട്ടം; ഇംഗ്ലണ്ടില്‍ ആറാടിയ സിറാജ് ഒന്നാമന്‍!
Sports News
കരിയറില്‍ ഇവന്റെ ആദ്യ നേട്ടം; ഇംഗ്ലണ്ടില്‍ ആറാടിയ സിറാജ് ഒന്നാമന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th September 2025, 2:38 pm

ഐ.സി.സിയുടെ ഓഗസ്റ്റ് മാസത്തെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജ്. ഇന്ത്യയുടെ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിലെ മിന്നും പ്രകടനത്തിനാണ് സിറാജ് അവാര്‍ഡിന് അര്‍ഹനായത്. ടെന്‍ഡുല്‍ക്കര്‍- ആന്‍ഡേവ്‌സന്‍ ട്രോഫിയിലെ ഒമ്പത് ഇന്നിങ്‌സില്‍ നിന്ന് 23 വിക്കറ്റ് നേടി വിക്കറ്റ് വേട്ടയില്‍ സിറാജാണ് മുന്നില്‍.

ബുംറയുടെ വിടവിലും പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇതാദ്യമായാണ് സിറാജിന് ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ലഭിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് താരം ജെയ്ഡന്‍ സീല്‍സിനെയും ന്യൂസിലാന്‍ഡിന്റെ മാറ്റ് ഹെന്റിയെയും മറികടന്നാണ് സിറാജ് വമ്പന്‍ നേട്ടം സ്വന്തമാക്കിയത്.

‘ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് ആയി തെരഞ്ഞെടുക്കപ്പെട്ടത് ഒരു വലിയ ബഹുമതിയാണ്. ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്സണ്‍ ട്രോഫി ഒരു അവിസ്മരണീയ പരമ്പരയായിരുന്നു, ഞാന്‍ പങ്കെടുത്ത ഏറ്റവും തീവ്രമായ മത്സരങ്ങളില്‍ ഒന്നായിരുന്നു അത്. ‘ചില പ്രധാന സ്‌പെല്ലുകളില്‍ നിന്ന് എനിക്ക് രാജ്യത്തിന് വേണ്ടി സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.

പ്രത്യേകിച്ച് നിര്‍ണായക നിമിഷങ്ങളില്‍. അവരുടെ (ഇംഗ്ലണ്ടിന്റ) സ്വന്തം നാട്ടില്‍ മികച്ച ബാറ്റിങ് നിരയ്ക്കെതിരെ പന്തെറിയുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. പക്ഷെ ഞാന്‍ ഏറ്റവും മികച്ചത് പുറത്തെടുത്തു. ഈ അവാര്‍ഡ് എന്നെപ്പോലെ തന്നെ എന്റെ സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും അവകാശപ്പെട്ടതാണ്, കാരണം അവരുടെ നിരന്തരമായ പ്രോത്സാഹനവും വിശ്വാസവുമാണ് എന്നെ മുന്നോട്ട് നയിച്ചത്,’ സിറാജ് പറഞ്ഞു.

റെഡ് ബോളില്‍ ഇന്ത്യയ്ക്ക് വേണ്ടി 41 മത്സരം കളിച്ച സിറാജ് 123 വിക്കറ്റുകളാണ് നേടിയത്. 6/15 എന്ന മികച്ച ബൗളിങ് പ്രകടനമാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്. 31.05 എന്ന ആവറേജും 3.57 എന്ന എക്കോണമിയുമാണ് ബൗളിങ്ങില്‍ താരത്തിനുള്ളത്. ഏഴ് ഫോര്‍ഫറും അഞ്ച് ഫൈഫറുമാണ് താരം സ്വന്തമാക്കിയത്.

Content Highlight: Mohammad Siraj Achieve ICC Player Of The Month Award In August