ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ വിജയിച്ച് ക്യാപ്പിറ്റല്‍സ് ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ദല്‍ഹി ജയം സ്വന്തമാക്കിയത്. ലഖ്‌നൗ ഉയര്‍ത്തിയ വിജയലക്ഷ്യം 17 പന്ത് ശേഷിക്കെ ക്യാപ്പിറ്റല്‍സ് മറികടക്കുകയായിരുന്നു.
ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ സമീര്‍ റിസ്വിയുടെ കരുത്തിലാണ് ക്യാപ്പിറ്റല്‍സ് അനായാസ വിജയം സ്വന്തമാക്കിയത്.
142 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് ആദ്യ പന്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ കെ.എല്‍. രാഹുലിനെ ക്യാപ്പിറ്റല്‍സിന് നഷ്ടപ്പെട്ടിരുന്നു. മുഹമ്മദ് ഷമിയുടെ പന്തില്‍ മൊഹ്സിന്‍ ഖാന് ക്യാച്ച് സമ്മാനിച്ചായിരുന്നു താരത്തിന്റെ മടക്കം.
ഈ വിക്കറ്റോടെ ഐ.പി.എല്ലില്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ സ്വന്തം റെക്കോഡ് തിരുത്തിയാണ് ഷമി തിളങ്ങിയത്. ഇത് അഞ്ചാം തവണയാണ് ഷമി ഒരു ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ വിക്കറ്റ് വീഴ്ത്തുന്നത്.
(താരം – എത്ര തവണ എന്നീ ക്രമത്തില്‍)
മുഹമ്മദ് ഷമി – 5
ട്രെന്റ് ബോള്‍ട്ട് – 3
പാറ്റ് കമ്മിന്‍സ് – 3
അശോക് ഡിന്‍ഡ – 3
ഭുവനേശ്വര്‍ കുമാര്‍ – 3
പ്രവീണ്‍ കുമാര്‍ – 3
ലസിത് മലിംഗ – 3
ഉമേഷ് യാദവ് – 3
ആല്‍ബി മോര്‍ക്കല്‍ – 2
ഡിര്‍ക് നാനെസ് – 2
ഇര്‍ഫാന്‍ പത്താന്‍ – 2
സഹീര്‍ ഖാന്‍ – 2
ആര്‍. അശ്വിന്‍ – 2
ഹര്‍ഭജന്‍ സിങ് – 2
ജോഫ്രാ ആര്‍ച്ചര്‍ – 2
മുഹമ്മദ് ഷമി
ഇത് രണ്ടാം തവണയാണ് ഷമി ആദ്യ പന്തില്‍ കെ.എല്‍. രാഹുലിനെ മടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2022ല്‍ വാംഖഡെയില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി അന്ന് ലഖ്നൗ ഓപ്പണറായിരുന്ന രാഹുലിനെ ഷമി മടക്കിയിരുന്നു.
Content Highlight: Mohammad Shami tops the list of picking most wickets in 1st ball of a match inning in IPL