രാജ്യത്തിന് വേണ്ടി കളിക്കാനുള്ള ആഗ്രഹം ഒരിക്കലും അവസാനിക്കില്ല, അതിന് വേണ്ടി എത്ര തവണ പരിക്കുപറ്റിയാലും പ്രശ്‌നമില്ല: ഷമി
Sports News
രാജ്യത്തിന് വേണ്ടി കളിക്കാനുള്ള ആഗ്രഹം ഒരിക്കലും അവസാനിക്കില്ല, അതിന് വേണ്ടി എത്ര തവണ പരിക്കുപറ്റിയാലും പ്രശ്‌നമില്ല: ഷമി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st January 2025, 7:00 pm

ഏറെ കാത്തിരിപ്പിനൊടുവിലാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയെ നായകനാക്കി 15 അംഗ സ്‌ക്വാഡ് ആണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

വൈസ് ക്യാപ്റ്റനായി യുവതാരം ശുഭ്മന്‍ ഗില്ലിനെയാണ് അപെക്സ് ബോര്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടി-20 ഏകദിന സ്‌ക്വാഡും പുറത്ത് വിട്ടിരുന്നു.

ആരാധകരെ സംബന്ധിച്ച് വമ്പന്‍ സര്‍പ്രൈസായത് പേസ് മാസ്റ്റര്‍ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവായിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിയിലും സ്‌ക്വാഡില്‍ ഇടം നേടാന്‍ ഷമിക്ക് സാധിച്ചു.

ഇപ്പോള്‍ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുകയാണ് ഷമി. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതാണ് തന്റെ അടങ്ങാത്ത ആഗ്രഹമെന്നും ആ ആഗ്രഹം ഉള്ള കാലത്തോളം എല്ലായിപ്പോഴും തിരിച്ചുവരാന്‍ ഫൈറ്റ് ചെയ്യുമെന്നും ഷമി പറഞ്ഞു. അതിന് എത്രതവണ പരിക്ക് പറ്റുന്നതും പ്രശ്‌നമല്ലെന്നും ഷമി പറഞ്ഞു.

തിരിച്ചുവരവിനെക്കുറിച്ച് ഷമി പറഞ്ഞത്

‘രാജ്യത്തിന് വേണ്ടി കളിക്കാനുള്ള എന്റെ അടങ്ങാത്ത ആഗ്രഹം അവസാനിക്കില്ലെന്നതാണ് ആദ്യത്തെ കാര്യം. നിങ്ങള്‍ക്ക് എത്രത്തോളം ആഗ്രഹിക്കുന്നുണ്ടോ അത്രത്തോളം നിങ്ങള്‍ തിരിച്ചുവരാന്‍ ഫൈറ്റ് ചെയ്യും, അതിന് വേണ്ടി എത്ര തവണ പരിക്കുപറ്റുന്നതും ഒരു പ്രശ്‌നമായിരിക്കില്ല,’ ഷമി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

2023 ലോകകപ്പില്‍ കാലിന് പരിക്ക് പറ്റിയതിനെതുടര്‍ന്ന് ഏറെ കാലം ക്രിക്കറ്റില്‍ നിന്ന് ഷമിക്ക് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ താരം തിരിച്ചുവരുമെന്ന് കരുതിയെങ്കിലും സയിദ് മുഷ്താഖ് അലി ട്രോഫില്‍ ബംഗാളിന് വേണ്ടി കളിക്കാനാണ് താരത്തിന് സാധിച്ചത്. തിരിച്ചുവരവിന് വേണ്ടി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി 64 ടെസ്റ്റ് മത്സരത്തിലെ 122 ഇന്നിങ്‌സില്‍ നിന്ന് 229 വിക്കറ്റുകള്‍ നേടാന്‍ ഷമിക്ക് സാധിച്ചിട്ടുണ്ട്. ഏകദിനത്തിലെ 101 മത്സരങ്ങളില്‍ നിന്ന് 195 വിക്കറ്റുകളും ടി-20യില്‍ 23 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകളും ഷമി തന്റെ അക്കൗണ്ടിലാക്കിയിട്ടുണ്ട്.

 

Content Highlight: Mohammad Shami Talking About His Comeback In International Cricket After Injury