ചാമ്പ്യന്‍സ് ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ സൗത്ത് ആഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുകയാണ്. പാകിസ്ഥാനിലെ നാഷണല്‍ ബാങ്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രോട്ടിയാസിന്റെ ബാറ്റിങ് അവസാനിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് ആണ് നേടിയത്. നിലവില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സാണ് നേടിയത്. മത്സരത്തില്‍ പ്രോട്ടിയാസ് ബൗളിങ് ശക്തി പ്രാപിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് മുഹമ്മദ് നബിയാണ്. ടോണി ഡി സോസിയെ 11 റണ്‍സിനാണ് താരം പറഞ്ഞയച്ചത്. പ്രോട്ടിയാസ് 28 റണ്‍സ് നേടിയിരിക്കെയാണ് നബി തന്റെ മാജിക്കല്‍ ട്രൈക്കിന് എത്തിയത്. മത്സരത്തിലെ അഞ്ചാം ഓവറിന് എത്തിയ നബി തന്റെ ആദ്യ ഓവറിലെ ഒന്നാം പന്തിലാണ് സോസിയെ പറഞ്ഞയച്ചത്.
ഇതോടെ അഫ്ഗാന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് നേടാനും നബിക്ക് സാധിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യമായി വിക്കറ്റ് വീഴ്ത്തുന്ന അഫ്ഗാന്‍ ബൗളറാകാനാണ് നബിക്ക് സാധിച്ചത്. ശേഷം ക്യാപ്റ്റന്‍ തെംബ ബാവുമയെയും നബി പുറത്താക്കി. നൂര്‍ അഹമ്മദ് റാസിയെയും പുറത്താക്കി. ഫസല്‍ ഹഖ് ഫറൂഖി, അസ്മത്തുള്ള ഒമര്‍സായി എന്നിവര്‍ ഓരോ വിക്കറ്റുകളും നേടിയിരുന്നു.
നിലവില്‍ ബാറ്റിങ് തുടരുന്ന അഫ്ഗാനിസ്ഥാന് വേണ്ടി ക്രീസിലുള്ളത് 18 റണ്‍സ് നേടിയ റഹ്‌മത് ഷായും 17 റണ്‍സ് നേടിയ അസ്മത്തുള്ള ഒമര്‍സായിയുമാണ്.
പ്രോട്ടിയാസിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണ്‍ റിയാന്‍ റിക്കില്‍ടണ്‍ ആണ്. 106 പന്തില്‍ നിന്ന് ഒരു സിക്‌സും 7 ഫോറും ഉള്‍പ്പെടെ 103 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ 76 പന്തില്‍ നിന്ന് 5 ഫോര്‍ ഉള്‍പ്പെടെ 58 റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്. മാത്രമല്ല ടീമിനുവേണ്ടി നാലാമനായി ഇറങ്ങിയ റാസി വാണ്ടര്‍ ഡസന്‍ 46 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 52 റണ്‍സും നേടി അര്‍ധ സെഞ്ച്വറി നേടിയാണ് പുറത്തായത്.