സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി റെക്കോഡ് അവന്‍ മറികടക്കും; സൂപ്പര്‍ താരത്തെക്കുറിച്ച് മുഹമ്മദ് കൈഫ്
Sports News
സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി റെക്കോഡ് അവന്‍ മറികടക്കും; സൂപ്പര്‍ താരത്തെക്കുറിച്ച് മുഹമ്മദ് കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th October 2025, 1:15 pm

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ മികച്ച പ്രകടനമാണ് നടത്തിയത്. 258 പന്തില്‍ നിന്ന് 175 റണ്‍സാണ് താരം നേടിയത്. 22 ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. തഗെനരെയ്ന്‍ ചന്ദര്‍പോളിന്റെ കൈകൊണ്ട് റണ്‍ ഔട്ട് ആവുകയായിരുന്നു താരം. ജെയ്‌സ്വാള്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുമെന്ന് കരുതിയെങ്കിലും വിക്കറ്റ് നഷ്ടപ്പെട്ടത് ആരാധകര്‍ക്ക് ഏറെ നിരാശ സമ്മാനിച്ചിരുന്നു.

ഇപ്പോള്‍ ജെയ്‌സ്വാളിനെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സെഞ്ച്വറികള്‍ നേടാനും പുതിയ സ്‌കോറുകള്‍ സൃഷ്ടിക്കാനും സാധിക്കുന്ന ക്ഷമയുള്ള ഒരു ബാറ്ററാണ് യശസ്വി ജെയ്സ്വാളെന്ന് കൈഫ് പറഞ്ഞു. മാത്രമല്ല ജെയ്‌സ്വാളിന്റെ മികച്ച സ്‌ട്രൈക്ക് റേറ്റ് ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്നും വിരേന്ദര്‍ സെവാഗിന്റെ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറികളുടെ റെക്കോഡ് മറികടക്കാനും സാധിക്കുമെന്ന് കൈഫ് കൂട്ടിച്ചേര്‍ത്തു.

‘സെഞ്ച്വറികള്‍ നേടാനും പുതിയ സ്‌കോറുകള്‍ സൃഷ്ടിക്കാനും സാധിക്കുന്ന ക്ഷമയുള്ള ഒരു ബാറ്ററാണ് യശസ്വി ജെയ്സ്വാള്‍. ആദ്യത്തെ 26 മത്സരങ്ങളില്‍ സച്ചിന്റെയും വിരാടിന്റെയും കണക്കുകള്‍ പോലെ തന്നെ അദ്ദേഹത്തിന്റെ കണക്കുകളും മികച്ചതാണ്. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്ത അദ്ദേഹത്തിന്റെ സെഞ്ച്വറികള്‍ ഇന്ത്യയെ വിജയത്തിന്റെ പാതയിലേക്ക് നയിച്ചു. സെവാഗ് 300റണ്‍സ് റെക്കോര്‍ഡ് ജെയ്സ്വാള്‍ തകര്‍ക്കും’ കൈഫ് എക്സില്‍ എഴുതി.

2004ല്‍ മുള്‍ട്ടാനില്‍ പാകിസ്ഥാനെതിരെ 309ഉം 2008ല്‍ ചെന്നൈയില്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരെ 319ഉം റണ്‍സ് നേടിയാണ് സെവാഗ് ഇന്ത്യക്ക് വേണ്ടി റെക്കോഡിട്ടത്. ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ ജെയ്സ്വാള്‍ ഇതിനകം ഏഴ് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

അതേസമയം വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 248 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്. മത്സരത്തിലെ രണ്ടാം ദിനം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Content Highlight: Mohammad kaif Talking About Yashasvi Jaiswal