സൗത്ത് ആഫ്രിക്ക, നമീബിയ, സിംബാബ്‌വേ എന്നീ രാജ്യങ്ങളിലാണ് 2027ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി സൂപ്പര്‍ താരം രോഹിത് ശര്‍മ കളിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് പറയുന്നത്.
രോഹിത്തിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഓപ്പണറായി താരം മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് കൈഫ് വിശ്വസിക്കുന്നത്. മാത്രമല്ല പൂര്‍ണമായും ഒരു യുവ ടീമായി ഇന്ത്യയ്ക്ക് സൗത്ത് ആഫ്രിക്കയിലേക്ക് പോകാന്‍ സാധിക്കില്ലെന്നും പരിചയസമ്പന്നനായ ഒരു ബാറ്റര്‍ ഇന്ത്യയ്ക്ക് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അവന്‍ തീര്‍ച്ചയായും കളിക്കും. നോക്കൂ, ക്യാപ്റ്റന്‍ സ്ഥാനം അവനില്‍ നിന്ന് എടുത്തിട്ടുണ്ടാകാം, പക്ഷേ ഒരു ഓപ്പണര്‍ എന്ന നിലയില്‍ രോഹിത് ശര്‍മ തന്റെ ജോലി ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് ഒരു പരിചയസമ്പന്നനായ ബാറ്റര്‍ ആവശ്യമാണ്. പൂര്‍ണമായും ഒരു യുവ ടീമുമായി നിങ്ങള്‍ക്ക് സൗത്ത് ആഫ്രിക്കയിലേക്ക് പോകാന്‍ കഴിയില്ല.
ചിലപ്പോള്‍ അത്തരം സീമിങ് സാഹചര്യങ്ങളില്‍ പന്ത് വളരെയധികം നീങ്ങുകയും പിച്ചുകള്‍ ബൗണ്‍സി ആകുകയും ചെയ്യും. നിങ്ങള്‍ അവിടെ പുതിയ കളിക്കാരെ മാത്രം എടുത്താല്‍ അവര്‍ പെട്ടന്ന് തന്നെ പുറത്താകും,’ മുഹമ്മദ് കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
അടുത്തിടെ ഓസ്ട്രേലിയക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പുറത്ത് വിട്ടിരുന്നു. രോഹിത്തും വിരാടും ടീമില്‍ ഇടം നേടിയിരുന്നു. എന്നിരുന്നാലും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റിയിരുന്നു. പകരം ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചത്. ഒക്ടോബര്‍ 19നാണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ രോഹിത്തും വിരാടും മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
രോഹിത് 273 ഏകദിന മത്സരങ്ങളില്‍ നിന്ന് 11168 റണ്‍സ് നേടി. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 48.8 എന്ന ആവറേജുമാണ് താരത്തിനുള്ളത്. മാത്രമല്ല 92.8 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ രോഹിത് 32 സെഞ്ച്വറികളാണ് ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. മാത്രമല്ല 58 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.