ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് അടുത്തിടെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്.
വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്. രോഹിത് ശര്‍മയുടേയും വിരാട് കോഹ്ലി യുടേയും അപ്രതീക്ഷിത വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.
ഐ.പി.എല്‍ 2025ലെ പ്രകടനം കണക്കിലെടുത്ത് ഇംഗ്ലണ്ടിനെതിരെയുള്ള സ്‌ക്വാഡില്‍ യുവ താരം സായി സുദര്‍ശനെ ഉള്‍പ്പെടുത്തിയപ്പോള്‍ ശ്രേയസ് അയ്യരെ പരിഗണിക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സായിയുടെ ഐ.പി.എല്‍ ഫോം പരിഗണിച്ചാണ് സെലക്ഷന്‍ പാനല്‍ താരത്തെ തെരഞ്ഞെടുത്തതെങ്കില്‍ അയ്യരേയും പരിഗണിക്കേണ്ടിയിരുന്നെന്നും കൈഫ് പറഞ്ഞു.
‘സായ് സുദര്‍ശന്‍ ഒരു നല്ല കളിക്കാരനാണെന്നതില്‍ സംശയമില്ല. പക്ഷേ, മികച്ച ഐ.പി.എല്‍ സീസണിന് ശേഷമാണ് അദ്ദേഹത്തെ ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുത്തത്. അയ്യര്‍ വളരെക്കാലമായി റണ്‍സ് നേടുന്നുണ്ട്. 2023ലെ ഏകദിന ലോകകപ്പില്‍ അദ്ദേഹം 500ല്‍ കൂടുതല്‍ റണ്‍സ് നേടി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായിരുന്നു അവന്‍.
2025ലെ ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനായി അദ്ദേഹം 500 റണ്‍സ് മറികടന്നു. ഫ്രാഞ്ചൈസിയെ വിജയകരമായാണ് അദ്ദേഹം നയിക്കുന്നത്. ഒരു കളിക്കാരന് വൈറ്റ്-ബോള്‍ പ്രകടനം പരിഗണിക്കപ്പെടുന്നു, പക്ഷേ മറ്റൊരാള്‍ക്ക് അത് പരിഗണിക്കപ്പെടുന്നില്ല,’ മുഹമ്മദ് കൈഫ് പറഞ്ഞു.
2024ന് ശേഷം അയ്യര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ചിട്ടില്ല. ശേഷം രഞ്ജി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ഇരട്ടസെഞ്ച്വറി അടക്കം 480 റണ്‍സ് നേടാന്‍ അയ്യര്‍ക്ക് സാധിച്ചു. മാത്രമല്ല റെഡ് ബോളില്‍ ഇന്ത്യയ്ക്ക് വേണ്ടി 2021ല്‍ അരങ്ങേറ്റം കുറിച്ച ശ്രേയസ് 14 മത്സരങ്ങളിലെ 25 ഇന്നിങ്‌സില്‍ നിന്ന് 811 റണ്‍സാണ് നേടിയത്. 105 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 35.3 ആവറേജിലും 63 സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ പ്രകടനം.