ഇരട്ടത്താപ്പ് പാടില്ല, ഗില്ലിനെ ഒഴിവാക്കി സഞ്ജുവിന് അവസരം നല്‍കണം; രൂക്ഷ വിമര്‍ശനവുമായി മുഹമ്മദ് കൈഫ്
Sports News
ഇരട്ടത്താപ്പ് പാടില്ല, ഗില്ലിനെ ഒഴിവാക്കി സഞ്ജുവിന് അവസരം നല്‍കണം; രൂക്ഷ വിമര്‍ശനവുമായി മുഹമ്മദ് കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th December 2025, 12:11 pm

ഇന്ത്യന്‍ ടി-20 വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മോശം പ്രകടനത്തിന് പിന്നാലെയാണ് കൈഫ് രംഗത്ത് വന്നത്. ഗില്ലിനെ മാറ്റാന്‍ സമയമായെന്നും മലയാളി സൂപ്പകര്‍ താരം സഞ്ജു സാംസണിന് അവസരം നല്‍കണെമെന്നും മുന്‍ താരം പറഞ്ഞു.

‘ഗില്‍ എല്ലാം പരീക്ഷിച്ചുനോക്കി. സ്ലിപ്പിലും, വലിയ ഷോട്ട് അടിക്കാന്‍ ശ്രമിച്ചും അവന്‍ പുറത്തായി. അദ്ദേഹത്തിന് ഒരു ഇടവേള നല്‍കാനും മറ്റ് കളിക്കാരെ പരീക്ഷിക്കാനും സമയമായി. സഞ്ജു സാംസണ്‍ ഒരു മികച്ച കളിക്കാരനാണ്, സഞ്ജു അവസരം അര്‍ഹിക്കുന്നു. ഇരട്ടത്താപ്പ് പാടില്ല, മുന്‍കാലങ്ങളില്‍ വൈസ് ക്യാപ്റ്റന്‍മാരെ ഒഴിവാക്കിയിട്ടുണ്ട്. ഗില്ലിനെ ബെഞ്ച് ചെയ്ത് മറ്റൊരാള്‍ക്ക് അവസരം നല്‍കുന്നത് ടീമിന്റെ മികച്ച താത്പര്യമാണെങ്കില്‍, അതില്‍ ഒരു തെറ്റുമില്ല.

സഞ്ജു സാംസണ്‍, ശുഭ്മന്‍ ഗില്‍, Photo: BCCI,x.com

മാറ്റങ്ങള്‍ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജെയ്സ്വാളിനെ പുറത്താക്കി, സഞ്ജുവിനെ ബെഞ്ചില്‍ ഇരുത്തി, അവര്‍ക്ക് സ്ഥിരമായ അവസരങ്ങളും നല്‍കിയില്ല. അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് മൂന്ന് ടി-20 സെഞ്ച്വറികള്‍ സഞ്ജു നേടി, ഇതുവരെ ഒരിക്കലും നേടാത്ത റെക്കോഡ്. ചില കളിക്കാര്‍ കുറച്ച് മത്സരങ്ങള്‍ മാത്രമേ ടീമിന്റെ ഭാഗമാകൂ, മറ്റുള്ളവര്‍ക്ക് ടീമില്‍ അവരുടെ സ്ഥാനം ഉറപ്പാക്കാന്‍ വേണ്ടി ദീര്‍ഘനേരം റണ്‍സ് നേടാന്‍ അവസരം ലഭിക്കുന്നു. സമ്മര്‍ദം വര്‍ദ്ധിച്ചു, ഒരു മാറ്റത്തിനുള്ള സമയമാണിത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രോട്ടിയാസിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗില്‍ മോശം പ്രകടനമാണ് നടത്തിയത്. ആദ്യ മത്സരത്തില്‍ നാല് റണ്‍സും രണ്ടാം മത്സരത്തില്‍ പൂജ്യം റണ്‍സിനുമാണ് ഗില്‍ കൂടാരം കയറിയത്.

ഓപ്പണര്‍ എന്ന നിലയില്‍ ഗില്‍ നിലവില്‍ 35 ഇന്നിങ്‌സില്‍ നിന്ന് 841 റണ്‍സാണ് നേടിയത്. 28.03 എന്ന ആവറേജും 140.40 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ഗില്ലിനുള്ളത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഗില്‍ നേടി.

എന്നാല്‍ നേരത്തെ ഓപ്പണറായി തിളങ്ങിയ സഞ്ജു സാംസണ്‍ 17 ഇന്നിങ്സില്‍ നിന്ന് 522 റണ്‍സാണ് നേടിയത്. 32.62 എന്ന ആവറേജും 178.76 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് സഞ്ജുവിനുള്ളത്. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് താരം സ്വന്തമാക്കിയത്. ഗില്ലിനേക്കാളും മികച്ച സ്റ്റാറ്റ്‌സ് സഞ്ജുവിനുണ്ടായിട്ടും ടീമില്‍ താരത്തെ എടുക്കാക്കതില്‍ വലിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

അതേസമയം സൗത്ത് ആഫ്രിക്കയ്ക്കെതിരായ മൂന്നാം മത്സരം നാളെ (ഞായര്‍) ഹിമാചല്‍ പ്രദേശിലെ എച്ച്.പി.സി.എ സ്റ്റേഡിയത്തിലാണ് നടക്കുക. നിലവില്‍ പരമ്പരയില്‍ 1-1 എന്ന നിലയിലാണ് ഇരു ടീമുകളും. ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിന് പ്രോട്ടിയാസും വിജയിക്കുകയായിരുന്നു.

Content Highlight: Mohammad Kaif Criticize Shubhman Gill