പാകിസ്ഥാന്‍ സെമിയിലെത്തുന്നത് തടയാന്‍ ഇന്ത്യ മനഃപൂര്‍വം പിച്ചൊരുക്കി; ആരോപണവുമായി ഹഫീസ്
Cricket
പാകിസ്ഥാന്‍ സെമിയിലെത്തുന്നത് തടയാന്‍ ഇന്ത്യ മനഃപൂര്‍വം പിച്ചൊരുക്കി; ആരോപണവുമായി ഹഫീസ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd October 2023, 4:31 pm

ഏകദിന ലോകകപ്പില്‍ കുറച്ചു ദിവസങ്ങളായി ഇന്ത്യ-പാകിസ്ഥാന്‍ വിവാദങ്ങള്‍ ശക്തമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസ്.

ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ക്കുള്ള പിച്ചുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മനഃപൂര്‍വം  നല്‍കിയതാണെന്നാണ്ഹഫീസ് പറഞ്ഞത്.

പാകിസ്ഥാനായി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച പിച്ച് നല്‍കുന്നു. ഇന്ത്യ-ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിന് ഉപയോഗിച്ച പിച്ച് പാകിസ്ഥാന്റെ മത്സരത്തിന് വേണ്ടി മാറ്റി വെച്ചിരുന്നു. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ പാകിസ്ഥാന് കളിക്കാതിരുന്നതിനാല്‍ മറ്റ് മത്സരങ്ങളില്‍ ഇത് ഉപയോഗിക്കില്ല,’ ഹഫീസ് സ്‌പോര്‍ട്‌സ് എച്ച് ഡിയില്‍ പറഞ്ഞു.

ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും മത്സരം നടന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 199 റണ്‍സിന് പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യന്‍ ടീം തുടക്കത്തില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാല്‍ മത്സരം ഇന്ത്യ വിജയിക്കുകയായിരുന്നു. ഇതേ ഗ്രൗണ്ടിലാണ് പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുന്നത്.

നെതര്‍ലാന്‍ഡ്സിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ചുകൊണ്ട് ഗംഭീരതുടക്കമാണ് ലോകകപ്പില്‍ പാക് ടീമിന് ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീട് നടന്ന മത്സരങ്ങളില്‍ ഇന്ത്യയോടും ഓസ്‌ട്രേലിയയോടും പാകിസ്ഥാന്‍ തോല്‍ക്കുകയായിരുന്നു.

നിലവില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചാല്‍ മാത്രമേ പാക് ടീമിന് സെമിഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സാധിക്കൂ.

Content Highlight: Mohammad Hafeez made allegations against the Indian Cricket Board.