രഞ്ജി ട്രോഫിയില്‍ കൊടുങ്കാറ്റായി അസറുദ്ദീന്‍; തൂക്കിയത് ടൂര്‍ണമെന്റിലെ അപൂര്‍വ നേട്ടം!
Ranji Trophy
രഞ്ജി ട്രോഫിയില്‍ കൊടുങ്കാറ്റായി അസറുദ്ദീന്‍; തൂക്കിയത് ടൂര്‍ണമെന്റിലെ അപൂര്‍വ നേട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th February 2025, 2:58 pm

രഞ്ജി ട്രോഫിയിലെ സെമി ഫൈനലില്‍ ഗുജറാത്തും കേരളവും ഏറ്റുമുട്ടുകയാണ്. അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിലവില്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സാണ് നേടിയത്. രണ്ടാം ദിനം മത്സരം മുന്നോട്ടു പോകുമ്പോള്‍ ക്രീസില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസറുദ്ദീനും സല്‍മാന്‍ നിസാറുമാണ് ഉള്ളത്.

മിന്നും സെഞ്ച്വറി നേടിയാണ് അസറുദ്ദീന്‍ ക്രീസില്‍ തുടരുന്നത്. നിലവില്‍ 231 പന്തില്‍ നിന്ന് 14 ഫോര്‍ ഉള്‍പ്പെടെ 120 റണ്‍സാണ് നിലവില്‍ നേടിയത്. നിലവില്‍ 164 ഡോട്ട് ബോളുകള്‍ കളിച്ച് ക്ലാസ് പെര്‍ഫോമന്‍സാണ് താരം കളത്തില്‍ കാഴ്ചവെച്ചത്. ഫസ്റ്റ ക്ലാസ് മത്സരത്തില്‍ താരത്തിന്റെ രണ്ടാമത്തെ സെഞ്ച്വറി നേട്ടമാണിത്.

മാത്രമല്ല തകര്‍പ്പന്‍ സെഞ്ച്വറിയില്‍ അപൂര്‍വ റെക്കോഡ് ഒരു പട്ടികയില്‍ തന്റെ പേരെഴുതിച്ചേര്‍ക്കാനും താരത്തിന് സാധിച്ചു. രഞ്ജി ട്രോഫിയുടെ സെമി ഫൈനല്‍ ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന കേരളത്തിന്റെ ആദ്യത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററാവാനാണ് അസറുദ്ദീന് സാധിച്ചത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ കേരളം തങ്ങളുടെ രണ്ടാമത്തെ സെമി ഫൈനലാണ് കളിക്കുന്നത്.

അസറുദ്ദീന് പുറമെ മിന്നും പ്രകടനമാണ് സല്‍മാന്‍ നിസാര്‍ കാഴ്ചവെക്കുന്നത്. നിലവില്‍ 199 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ താരത്തിന് സാധിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയും സല്‍മാന്‍ തിളങ്ങിയിരുന്നു. ഇരുവരും മികച്ച രീതിയിലാണ് കേരളത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.

ഗുജറാത്തിന് വേണ്ടി അര്‍സന്‍ സാഗ്‌വാല രണ്ട് വിക്കറ്റും പ്രയാജിത്സിങ് ജഡേജ, രവി ബിഷ്‌ണോയി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഭേദപ്പെട്ട രീതിയില്‍ കേരളം തുടങ്ങിയെങ്കിലും ഓപ്പണര്‍മാരെ നഷ്ടപ്പെട്ടപ്പോള്‍ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് സാധിച്ചിരുന്നു. 195 പന്തില്‍ നിന്ന് 8 ഫോര്‍ ഉള്‍പ്പെടെ 69 റണ്‍സ് നേടാന്‍ സച്ചിന്‍ ബേബിക്ക് സാധിച്ചിരുന്നു.

ജലജ് സക്സേനയും താരത്തിനും മികച്ച പിന്തുണ നല്‍കിയിരുന്നു. 83 പന്തില്‍ നിന്ന് നാല് ഫോര്‍ ഉള്‍പ്പെടെ 32 നേടിയാണ് താരം പുറത്തായത്. പിന്നീട് കളത്തില്‍ ഇറങ്ങിയ അസറുദ്ദീനും സല്‍മാനും കേരളത്തെ മുന്നോട്ടു നയിക്കുകയായിരുന്നു.

കേരളത്തിനുവേണ്ടി ഓപ്പണിങ് ഇറങ്ങിയ അക്ഷയ് ചന്ദ്രനും രോഹന്‍ കുന്നുമ്മലും സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. 71 പന്തില്‍നിന്ന് 5 ഫോര്‍ ഉള്‍പ്പെടെ 30 റണ്‍സ് നേടിയാണ് അക്ഷയ് പുറത്തായത്. ആര്യ ദേശായി താരത്തെ റണ്‍ ഔട്ട് ചെയ്യുകയായിരുന്നു.

അതേസമയം രോഹന്‍ 68 പന്തില്‍ നിന്ന് 5 ഫോര്‍ ഉള്‍പ്പെടെ 30 റണ്‍സ് നേടിയപ്പോള്‍ രവി ബിഷ്ണോയി എല്‍.ബി.ഡബ്ല്യൂവിലൂടെ താരത്തെ പുറത്താക്കുകയായിരുന്നു. വരുണ്‍ നായാനാര്‍ 55 പന്തില്‍ നിന്ന് 10 റണ്‍സ് നേടിയാണ് പുറത്തായത്.

Content Highlight: Mohammad Azaruddeen Scripted Great Record Achievement In Ranji Trophy