ഈ തലമുറയ്ക്ക് അവന്‍ വലിയ പ്രചോദനമാണ്, യുവ താരങ്ങള്‍ അവനെ മാതൃകയാക്കണം: മുഹമ്മദ് ആമിര്‍
Sports News
ഈ തലമുറയ്ക്ക് അവന്‍ വലിയ പ്രചോദനമാണ്, യുവ താരങ്ങള്‍ അവനെ മാതൃകയാക്കണം: മുഹമ്മദ് ആമിര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th February 2025, 4:04 pm

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാനും ബംഗ്ലാദേശുമാണ് ഏറ്റുമുട്ടുന്നത്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കാനിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെ ഇരു ടീമുകളും എ ഗ്രൂപ്പില്‍ നിന്ന് പുറത്തായിരുന്നു.

ഇതോടെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ ഇരുവരും അഭിമാന വിജയമാണ് ലക്ഷ്യം വെക്കുന്നത്. ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

പാകിസ്ഥാനെതിരെ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്. വിരാട് ഫുട്ബോള്‍ താരമായ റൊണാള്‍ഡോയെപ്പോലെ സമ്പൂര്‍ണ പാക്കേജാണെന്നും യുവ താരങ്ങള്‍ വിരാടിന്റെ പാത പിന്തുടരണമെന്നും ആമിര്‍ പറഞ്ഞു. പാകിസ്ഥാനില്‍ പോലും പല താരങ്ങള്‍ക്ക് മാതൃകയാണ് വിരാട് എന്നും താരം പറഞ്ഞു.

‘എന്തുകൊണ്ടാണ് ആളുകള്‍ റൊണാള്‍ഡോയെും മെസിയെയും സ്നേഹിക്കുന്നത്? ഞാന്‍ റൊണാള്‍ഡോയെക്കുറിച്ച് പറയുകയാണെങ്കില്‍ അവന്റെ ജീവിതശൈലി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കഠിനാധ്വാനം, ശാരീരികക്ഷമത എന്നിവയാണ് ഞാന്‍ സംസാരിക്കുക. അവന്‍ ഒരു സമ്പൂര്‍ണ പാക്കേജാണ്. അതുപോലെ വിരാട് കോഹ്ലിയും ഒരു സമ്പൂര്‍ണ പാക്കേജാണ് തന്നെയാണ്.

പാകിസ്ഥാനില്‍ പോലും പലര്‍ക്കും അദ്ദേഹം മാതൃകയാകുന്നത് എന്തുകൊണ്ട്? രാജ്യം ഒരു പ്രശ്നമല്ല. അഫ്ഗാനിസ്ഥാനില്‍ നിന്നോ, പാകിസ്ഥാനില്‍ നിന്നോ, ഇന്ത്യയില്‍ നിന്നോ, ഇംഗ്ലണ്ടില്‍ നിന്നോ ആരായാലും ഒരു മാതൃകയാവാം,

ഈ തലമുറയ്ക്ക് വിരാട് കോഹ്‌ലി വലിയ പ്രചോദനമാണ്. ക്രിക്കറ്റര്‍ ആകാന്‍ ആഗ്രഹിക്കുന്ന, ബാറ്ററാകാന്‍ ആഗ്രഹിക്കുന്ന എല്ലാ യുവാക്കളും വിരാട് കോഹ്ലിയുടെ പാത പിന്തുടരണം,’ മുഹമ്മദ് ആമിര്‍ പറഞ്ഞു.

 

Content Highlight: Mohammad Amir Talking About Virat Kohli