| Sunday, 30th August 2026, 8:54 pm

സാക്ഷാല്‍ മുരളീധരനെയും വെട്ടി ബുംറയ്ക്ക് കീഴില്‍ രണ്ടാമന്‍; പാകിസ്ഥാന്‍ തോല്‍ക്കുമ്പോഴും ജയിച്ച് അബ്ബാസ്

ആദർശ് എം.കെ.

പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും പാകിസ്ഥാന്‍ തോല്‍വി മുമ്പില്‍ കാണുകയാണ്. ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയര്‍ ഉയര്‍ത്തിയ 389 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് ഇതിനോടകം തന്നെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടു.

മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിലടക്കം ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് ഒരു വെല്ലുവിളിയും ഉയര്‍ത്താന്‍ സന്ദര്‍ശക ബാറ്റര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ പാക് ബൗളര്‍മാര്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഇതില്‍ ഇടുത്തുപറയേണ്ട പേര് വലംകയ്യന്‍ മീഡിയം പേസര്‍ മുഹമ്മദ് അബ്ബാസിന്റേതാണ്.

മുഹമ്മദ് അബ്ബാസ്

ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്റേതടക്കം നാല് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമായാണ് തിളങ്ങിയത്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ 20 ഓവറില്‍ 73 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 22 ഓവറില്‍ 57 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു ലിസ്റ്റില്‍ ഇതിഹാസ താരം മുത്തയ്യ മുരളീധരനെ മറികടന്നിരിക്കുകയാണ് മുഹമ്മദ് അബ്ബാസ്. ചുരുങ്ങിയത് നൂറ് ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ ഏഷ്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച ബൗളിങ് ശരാശരിയുടെ ലിസ്റ്റിലാണ് ഇപ്പോള്‍ താരം മുരളീധരനെ മറികടന്നിരിക്കുന്നത്.

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഒന്നാമനായി തുടരുന്ന ലിസ്റ്റില്‍ നിലവില്‍ രണ്ടാമനായാണ് അബ്ബാസ് ഇടം പിടിച്ചത്.

ടെസ്റ്റില്‍ ഏറ്റവും മികച്ച ശരാശരിയുള്ള ഏഷ്യന്‍ ബൗളര്‍മാര്‍ (ചുരുങ്ങിയത് 100 വിക്കറ്റ്)

(താരം – ടീം – ശരാശരി എന്നീ ക്രമത്തില്‍)

ജസ്പ്രീത് ബുംറ – ഇന്ത്യ – 19.79

മുഹമ്മദ് അബ്ബാസ് – പാകിസ്ഥാന്‍ – 22.25

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 22.67

ഇമ്രാന്‍ ഖാന്‍ – പാകിസ്ഥാന്‍ – 22.81

വഖാര്‍ യൂനിസ് – പാകിസ്ഥാന്‍ – 23.56

വസീം അക്രം – പാകിസ്ഥാന്‍ – 23.62

ആര്‍. അശ്വിന്‍ – ഇന്ത്യ – 24.00

ഫസല്‍ മഹ്മൂദ് – പാകിസ്ഥാന്‍ – 24.99

മുഹമ്മദ് ആസിഫ് – പാകിസ്ഥാന്‍ – 24.99

നോമന്‍ അലി – പാകിസ്ഥാന്‍ – 25.08

രവീന്ദ്ര ജഡേജ – ഇന്ത്യ – 25.30

മുഹമ്മദ് അബ്ബാസ്

അതേസമയം, പാകിസ്ഥാന്റെ രണ്ടാം ഇന്നിങ്‌സ് 34 ഓവര്‍ പിന്നിടുമ്പോള്‍ 122ന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്. അഞ്ച് വിക്കറ്റ് ശേഷിക്കെ 267 റണ്‍സ് കൂടി വേണം.

ഒന്നര ദിവസം കൂടി ശേഷിക്കെ പാകിസ്ഥാന്റെ മിഡില്‍ ഓര്‍ഡറിനെയും ലോവര്‍ ഓര്‍ഡറിനെയും സംബന്ധിച്ച് വിജയലക്ഷ്യം ഏറെക്കുറെ അപ്രാപ്യമാണ്. അര്‍ധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്ന സൗദ് ഷക്കീലിലാണ് സന്ദര്‍ശകരുടെ ഏക പ്രതീക്ഷ.

94 പന്തില്‍ 68 റണ്‍സുമായാണ് ഷക്കീല്‍ ക്രീസില്‍ തുടരുന്നത്. അഞ്ച് പന്തില്‍ നാല് റണ്‍സുമായി അലി ഉസ്മാനാണ് ഒപ്പമുള്ളത്.

ഷാന്‍ മസൂദ് (72 പന്തില്‍ 26), അസന്‍ അവായിസ് (14 പന്തില്‍ ആറ്), അബ്ദുള്ള ഷഫീഖ് (ബ്രോണ്‍സ് ഡക്ക്), ബാബര്‍ അസം (എട്ട് പന്തില്‍ ആറ്), മുഹമ്മദ് റിസ്വാന്‍ (ഒമ്പത് പന്തില്‍ ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് ഇതിനോടകം നഷ്ടപ്പെട്ടത്.

Content Highlight: Mohammad Abbas has risen to second place on the list of Asian bowlers with the best Test averages.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more