| Thursday, 30th January 2025, 11:13 am

എമ്പുരാന്‍ വളരെ വലിയ സിനിമ; ഒരുപക്ഷെ ഇന്ത്യയിലെ ഏറ്റവും എക്‌സ്‌പെന്‍സീവ് ചിത്രമാകാം: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍. മൂന്ന് ഭാഗങ്ങളിലായി പുറത്തിറങ്ങുമെന്ന് അറിയിച്ച ചിത്രത്തിന്റെ ആദ്യഭാഗം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു.

എമ്പുരാന്റെ ആദ്യ ഗ്ലിംപ്സ് കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന എമ്പുരാന്‍ എന്ന ചിത്രത്തില്‍ ഖുറേഷി അബ്രാം എന്ന അധോലോക നായകനായാണ് മോഹന്‍ലാല്‍ എത്തുന്നത്.

ഇപ്പോള്‍ തന്റെ പുതിയ സിനിമ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മോഹന്‍ലാല്‍. ഈ വര്‍ഷം മലയാളത്തില്‍ തനിക്ക് മൂന്ന് ചിത്രങ്ങളാണ് ഉള്ളതെന്ന് മോഹന്‍ലാല്‍ പറയുന്നു. തുടരും എന്ന ചിത്രമാണ് ആദ്യത്തേതെന്നും പിന്നെയുള്ളത് എമ്പുരാന്‍ ആണെന്നും മോഹന്‍ലാല്‍ പറയുന്നു.
ലൂസിഫറിന്റെ രണ്ടാം ഭാഗമെന്ന് എമ്പുരാനെ വിശേഷിപ്പിക്കാമെന്നും ഒരുപക്ഷെ എമ്പുരാന്‍ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വലിയ സ്ഥലങ്ങളില്‍ പോയാണ് എമ്പുരാന്‍ ചിത്രീകരിച്ചിട്ടുള്ളതെന്നും വിദേശികള്‍ ഒരുപാട് പേര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മുടക്കിയ കാശില്‍ മാത്രമല്ലാതെ കോണ്‍ടെന്റ് കൊണ്ടും മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാണ് എമ്പുരാന്‍ എന്നും അദ്ദേഹം പറയുന്നു. മന്ത്രി സജി ചെറിയാനുമായി നടന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘എന്റെ പുതിയ സിനിമ വിശേഷം എന്ന് പറയുന്നത്, എന്റെ മൂന്ന് ചിത്രങ്ങളാണ് ഇനി പ്രദര്‍ശനത്തിന് വരുന്നത്. ആദ്യത്തേത് തുടരും എന്ന ചിത്രമാണ്. പിന്നെയുള്ളത് ലൂസിഫറിന്റെ രണ്ടാം ഭാഗമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന എമ്പുരാന്‍ ആണ്. അതൊരുപക്ഷേ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ചെലവെന്നത് ഞാന്‍ സാമ്പത്തികം കൊണ്ട് പറയുന്നതല്ല.

അത്രയും വലിയ ഒരുപാട് സ്ഥലങ്ങള്‍ എല്ലാം പോയി ഷൂട്ട് ചെയ്ത സിനിമയാണ്. ദുബായ്, യു.കെ, അമേരിക്ക തുടങ്ങിയ ഒരുപാട് നാടുകളില്‍ ഇത് ഷൂട്ട് ചെയ്തിട്ടുണ്ട്. വലിയൊരു സിനിമയാണ്. അന്യ ഭാഷയില്‍ നിന്നും ഒരുപാട് അഭിനേതാക്കളുണ്ട്. ബ്രിട്ടീഷ് അഭിനേതാക്കള്‍ ആ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അമേരിക്കയിലും മറ്റുമുള്ളവരും എല്ലാം അഭിനയിച്ചിട്ടുണ്ട്. കാരണം ഇത് പുറം രാജ്യങ്ങളില്‍ നടക്കുന്ന കഥയാണ്.

ലൂസിഫര്‍ കേരളത്തില്‍ നടക്കുന്ന കഥ ആണെങ്കില്‍ എമ്പുരാന്‍ ഈ ഖുറേഷി അബ്രാം ആരാണെന്ന് കാണിക്കുന്ന സിനിമയാണ്. ആശിര്‍വാദ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമയാണ്. മുടക്കിയ കാശ് മാത്രമല്ല കോണ്‍ടെന്റ് നോക്കിയാലും വളരെ വലുതാണ് എമ്പുരാന്‍. അത് കഴിഞ്ഞ് ഞാന്‍ ചെയ്യുന്ന സത്യന്‍ അന്തിക്കാടിന്റെ കൂടെ ഒരു സിനിമയാണ്. പിന്നെ എന്റെ രണ്ട് തെലുങ്ക് സിനിമകള്‍ റിലീസ് ആകാന്‍ ഉണ്ട്,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohalal talks about Empuraan Movie

We use cookies to give you the best possible experience. Learn more