രോഹിത് ശര്‍മയ്ക്ക് പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും വിരമിക്കല് പ്രഖ്യാപിച്ചത്. മെയ് 12ന് സോഷ്യല്‍ മീഡിയ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 14 വര്‍ഷത്തെ കരിയറിന് വിരാമമിട്ടാണ് താരം പടിയിറങ്ങുന്നത്.
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര മുന്നിലുള്ളപ്പോഴാണ് ഇരുവരും വിരമിക്കല്‍ അറിയിച്ചത്. അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. ഇപ്പോള്‍ ഇംഗ്ലണ്ട് താരം മൊയിന്‍ അലി രോഹിത്തിനെക്കുറിച്ചും വിരാടിനെക്കുറിച്ചും സംസാരിക്കുകയാണ്.
ടെസ്റ്റില്‍ നിന്ന് ഇരുവരും വിരമിച്ചത് ഇംഗ്ലണ്ടിന് വലിയ പോസിറ്റീവാണെന്നും രണ്ട് മികച്ച താരങ്ങളേയും ക്യാപ്റ്റന്‍മാരെയുമാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടതെന്നും അലി പറഞ്ഞു. മാത്രമല്ല ഇരുവരും വിരമിച്ചത് ടെസ്റ്റ് ക്രിക്കറ്റിനേറ്റ അടിയാണെന്നും മൊയീന്‍ അലി പറഞ്ഞു. സച്ചിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കാണാന്‍ വന്നത് വിരാടിനെയാണെന്നും അലി കൂട്ടിച്ചേര്‍ത്തു.
‘തീര്‍ച്ചയായും, ഇംഗ്ലണ്ടിന് ഇത് വലിയൊരു ഉത്തേജനമാണെന്ന് ഞാന്‍ കരുതുന്നു. ഇംഗ്ലണ്ടില്‍ പര്യടനത്തിന് വന്ന അനുഭവപരിചയമുള്ള മികച്ച രണ്ട് കളിക്കാരാണ് അവര്‍.
കഴിഞ്ഞ തവണ രോഹിത് നന്നായി കളിച്ചത് എനിക്ക് ഓര്‍മയുണ്ട്. അവരുടെ സ്വഭാവം, ക്യാപ്റ്റന്‍ എന്ന നിലയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അവര്‍ രണ്ട് പേരും ഇന്ത്യയെ നയിച്ച പരിചയവും എല്ലാം മികച്ചതാണ്, അതിനാല്‍ രോഹിത്തിന്റെയും വിരാടിന്റെയും കാര്യത്തില്‍ ടീമിന് വലിയ നഷ്ടമാണ് സംഭവിച്ചത്.
മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിനേറ്റ ഏറ്റവും വലിയൊരു തിരിച്ചടിയാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ എപ്പോഴും ടീമിനെ മുന്നോട്ട് നയിച്ച ഒരേയൊരു പയനിയര്‍ വിരാട് ആയിരുന്നു. അദ്ദേഹം കളിക്കുവേണ്ടി, പ്രത്യേകിച്ച് ഇന്ത്യയില്‍, വളരെയധികം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. സച്ചിനുശേഷം എല്ലാവരും കാണാന്‍ വന്ന വ്യക്തി അദ്ദേഹമാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം സ്‌റ്റേഡിയങ്ങള്‍ നിറച്ചു,’ അലി പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന നായകന്‍ കൂടിയാണ് വിരാട്.
ഇന്ത്യയ്ക്ക് വേണ്ടി 2013ല്‍ അരങ്ങേറ്റം നടത്തി 116 ഇന്നിങ്‌സില്‍ നിന്ന് 4301 റണ്‍സാണ് രോഹിത് നേടിയത്. 40.6 ആവറേജില്‍ 212 എന്ന ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെയാണ് രോഹിത് റണ്‍സ് സ്‌കോര്‍ ചെയ്തത്. ഫോര്‍മാറ്റില്‍ 12 സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും നേടാന്‍ രോഹിത്തിന് സാധിച്ചിരുന്നു.
Content Highlight: Moeen Ali Talking About Virat Kohli And Rohit Sharma