രോഹിത് ശര്‍മയ്ക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് സൂപ്പര്‍ താരം വിരാട് കോഹ് ലിയും ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. മെയ് 12ന് സോഷ്യല്‍ മീഡിയ ഹാന്‍ഡിലായ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 14 വര്‍ഷത്തെ കരിയറിന് വിരാമമിട്ടാണ് തന്റെ ഇഷ്ട ഫോര്‍മാറ്റില്‍ നിന്ന് താരം പടിയിറങ്ങുന്നത്.
നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മെയ് ഒമ്പതിന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വിരാടും കളി അവസാനിപ്പിക്കുവാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അവ വെറും അഭ്യൂഹങ്ങളായിരിക്കുമെന്ന ആശ്വസിച്ചിരിക്കുന്നതിനിടയിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വിരാടിന്റെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള പടിയിറക്കത്തിന്റെ വാര്‍ത്തകള്‍ അമ്പരപ്പോടെയും വിഷമത്തോടെയുമാണ് ആരാധകര്‍ കേട്ടത്. സീനിയര്‍ താരങ്ങളടക്കം മറ്റും വിരാടിനെ അഭിനന്ദിച്ച് പ്രതികരിച്ചിരുന്നു. ഇപ്പോള്‍ താരത്തെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലി.
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു വിരാടെന്നും ടെസ്റ്റിനായി ഇന്ത്യയില്‍ വളരെയധികം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മോയിന്‍ പറഞ്ഞു. വളരെ മത്സരബുദ്ധിയുള്ളവനും മികച്ച ക്യാപ്റ്റനുമായിരുന്നുവെന്നും വിരാടിന്റെ ശൈലി പലരെയും പ്രചോദിപ്പിച്ചുവെന്നും താരം അഭിപ്രായപ്പെട്ടു.
സച്ചിനുശേഷം എല്ലാവരും കാണാന്‍ ആഗ്രഹിച്ച വ്യക്തിയും സ്റ്റേഡിയങ്ങള്‍ നിറച്ച താരവുമാണ് വിരാടെന്നും താരത്തിന്റെ വിരമിക്കല്‍ ഇന്ത്യയ്ക്ക് മാത്രമല്ല, ക്രിക്കറ്റിന് തന്നെ വലിയൊരു തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൈ സ്‌പോട്‌സില്‍ സംസാരിക്കുകയായിരുന്നു മോയിന്‍ അലി.
‘ടെസ്റ്റ് ക്രിക്കറ്റിനേറ്റ വലിയൊരു തിരിച്ചടിയാണിത്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു അദ്ദേഹം, എപ്പോഴും ഫോര്‍മാറ്റിനെ മുന്നോട്ട് നയിച്ച ഒരു വ്യക്തിയാണ്.
വിരാട് കളിക്കായി, പ്രത്യേകിച്ച് ഇന്ത്യയില്‍, വളരെയധികം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. സച്ചിനുശേഷം എല്ലാവരും കാണാന്‍ ആഗ്രഹിച്ച വ്യക്തിയും സ്റ്റേഡിയങ്ങള്‍ നിറച്ച താരവുമാണ് വിരാട്.
അതിശയകരമായ ഒരു റെക്കോഡുള്ള താരവും കളിക്കുന്നത് കണ്ടിരിക്കാന്‍ തോന്നുന്ന മികച്ച ക്രിക്കറ്റററുമാണ് അദ്ദേഹം. വളരെ മത്സരബുദ്ധിയുള്ളവനും മികച്ച ക്യാപ്റ്റനുമായിരുന്നു. വിരാടിന്റെ ശൈലി പലരെയും പ്രചോദിപ്പിച്ചു. ഇത് ഇന്ത്യയ്ക്ക് മാത്രമല്ല, ക്രിക്കറ്റിന് തന്നെ വലിയൊരു തിരിച്ചടിയാണ്,’ മോയിന്‍ അലി പറഞ്ഞു.
രോഹിത് ശര്‍മയുടെ വിരമിക്കലിനെ കുറിച്ചും മോയിന്‍ അലി സംസാരിച്ചു. ഇംഗ്ലണ്ടില്‍ മുമ്പ് കളിച്ചിട്ടുള്ളതിനാല്‍ രോഹിത്തിനും വിരാടിനും അനുഭവപരിചയമുണ്ടെന്നും രണ്ട് മുന്‍നിര കളിക്കാര്‍ ഇല്ലാത്തത് ഇന്ത്യന്‍ ടീമിന് വലിയൊരു നഷ്ടമാണ് എന്നും അദ്ദേഹം പറഞ്ഞു.
‘രണ്ട് മുന്‍നിര കളിക്കാര്‍, ഇംഗ്ലണ്ടില്‍ മുമ്പ് കളിച്ചിട്ടുള്ളതിനാല്‍ അവര്‍ക്ക് അനുഭവപരിചയമുണ്ട്. കഴിഞ്ഞ തവണ രോഹിത് നന്നായി കളിച്ചത് എനിക്ക് ഓര്‍മയുണ്ട്. അവരുടെ സ്വഭാവം, അവര്‍ നയിക്കുന്ന രീതി മികച്ചതാണ്. ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. അതെ, ടീമിന് വലിയൊരു നഷ്ടം,’ മോയിന്‍ അലി പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
30 സെഞ്ച്വറികളും 31 അധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന നായകന്‍ കൂടിയാണ് വിരാട്.
2014ല്‍ എം.എസ്. ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത കോഹ്ലി എട്ട് വര്‍ഷക്കാലം ഇന്ത്യയെ വിജയകരമായി നയിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ 68 മത്സരങ്ങളില്‍ നിന്ന് ഇന്ത്യയെ 40 ടെസ്റ്റ് വിജയങ്ങളിലേക്ക് ഇന്ത്യയെ നയിക്കാനാണ് കോഹ്ലിക്ക് സാധിച്ചത്. മാത്രമല്ല എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി മാറാനും വിരാടിന് സാധിച്ചു.
Content Highlight: Moeen Ali praises Virat Kohli and says retirement of him and Rohit Sharma is big loss for Indian team