അന്താരാഷ്ട്ര ക്രിക്കറ്റിലെ അടുത്ത ‘ഫാബ് ഫോറി’നെ തെരഞ്ഞെടുത്തത് മുന്‍ ഇംഗ്ലണ്ട് താരങ്ങളായ മോയിന്‍ അലിയും ആദില്‍ റഷീദും. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി, ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്, ന്യൂസിലാന്‍ഡ് താരം കൈയ്ന്‍ വില്യംസണ്‍, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരെയാണ് ‘ഫാബ് ഫോര്‍’ എന്ന് വിശേഷിപ്പിക്കുന്നത്.
ഇവരുടെ പിന്‍ഗാമികളെയാണ് മോയിന്‍ അലിയും ആദില്‍ റഷീദും ചേര്‍ന്ന് തെരഞ്ഞെടുത്തത്. ഇരുവരുടെയും ലിസ്റ്റിലുള്ളത് രണ്ട് വീതം ഇന്ത്യന്‍ താരങ്ങളും ഇംഗ്ലണ്ട് താരങ്ങളുമാണ്. ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ശുഭ്മന്‍ ഗില്ലും ഇംഗ്ലണ്ട് ടി – 20 ക്യാപ്റ്റന്‍ ഹാരി ബ്രൂക്കുമാണ് ആദ്യ രണ്ട് പേര്‍.
പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാളുമെത്തുന്നു. താരത്തിന്റെ പേര് നിര്‍ദേശിച്ചത് മോയിന്‍ അലിയാണ്. ജെയ്സ്വാള്‍ ഇന്ത്യയിലും വിദേശത്തും മികച്ച പ്രകടനങ്ങളാണ് നടത്തുന്നതെന്നും മോയിന്‍ അലി പറഞ്ഞു.
‘ഇന്ത്യയില്‍ ബുദ്ധിമുട്ടുള്ള പിച്ചില്‍ അവന്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. കൂടാതെ, മുമ്പ് ഓസ്ട്രേലിയയിലും ഇപ്പോള്‍ ഇംഗ്ലണ്ടിലും റണ്‍സ് സ്‌കോര്‍ ചെയ്യുന്നു. അവനെതിരെ ബൗള്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ജെയ്സ്വാളില്‍ നമുക്ക് ഒരു കുറവും കണ്ടെത്താന്‍ കഴിയില്ല,’ മോയിന്‍ ബിയേര്‍ഡ് ബിഫോര്‍ വിക്കറ്റ് എന്ന പോഡ്കാസ്റ്റില്‍ പറഞ്ഞു.
ഇവരുടെ ലിസ്റ്റില്‍ നാലാമതായി എത്തുന്നത് ഒരു സര്‍പ്രൈസ് താരമാണ്. ഇംഗ്ലണ്ട് യുവതാരം ജേക്കബ് ബേഥലിനെയാണ് രണ്ട് പേരും തെരഞ്ഞെടുത്തത്. അടുത്ത അഞ്ച് – ആറ് വര്‍ഷത്തില്‍ താരം മികച്ച പ്രകടനം നടത്തുമെന്നും ഫാബ് ഫോറില്‍ ഒരാളായി മാറുമെന്നും ആദില്‍ റഷീദ് പറഞ്ഞു.
ഇതുവരെ താരം സെഞ്ച്വറികള്‍ ഒന്നും നേടിയിട്ടില്ലെങ്കിലും ബാറ്റ് ചെയ്യുന്ന രീതി മികച്ചതാണെന്നും മോയിന്‍ അലി പറഞ്ഞു.
‘ഈ ചോയ്‌സ് വളരെ വിചിത്രമാണ്. പക്ഷെ, അവന്റെ ബാറ്റിങ് മികച്ചതാണ്. മികച്ച പ്രൊഫഷണല്‍ കൂടിയാണ് അവന്‍. അവന് ഒരുപാട് പരിക്ക് പറ്റുന്നുവെന്നതാണ് ആകെയുള്ള ഒരു പ്രശ്‌നം. പക്ഷേ, അവന് സ്വാഭാവികമായി കഴിവുള്ളയാളാണ്. കൂടാതെ, ബേഥല്‍ വളരെ ചെറുപ്പവുമാണ്. അവന്റെ ടെക്നിക്ക് എനിക്ക് ഇഷ്ടമാണ്,’ മോയിന്‍ കൂട്ടിച്ചേര്‍ത്തു.