ന്യൂദല്‍ഹി: തന്റെ വിലയിരുത്തലനുസരിച്ച് നരേന്ദ്ര മോദി ഒരു വര്‍ഷത്തിനകം രാജ്യത്തെ പ്രധാനമന്ത്രി സ്ഥാനത്തുണ്ടാവില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി നിയന്ത്രിച്ചിരുന്ന സംവിധാനം ഇപ്പോള്‍ ഇളകി മറിഞ്ഞ് ആന്തരികമായി തകര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ദിരാഭവനില്‍ ആദിവാസി കോണ്‍ഗ്രസ് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയേയും കാബിനറ്റ് മന്ത്രിമാരെയും കുറിച്ചുള്ള വിവരങ്ങള്‍ ഭരണ സംവിധാനത്തിലുള്ളവര്‍ തന്നെ തനിക്ക് ചോര്‍ത്തി നല്‍കുകയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം കടുത്തൊരു ‘സാമ്പത്തിക സുനാമി’യെ അഭിമുഖീകരിക്കാന്‍ പോകുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര സാമ്പത്തിക ആഘാതങ്ങളില്‍ നിന്ന് ഇന്ത്യയെ സംരക്ഷിച്ചിരുന്ന സുരക്ഷാ സംവിധാനങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ എടുത്തുമാറ്റിയതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു വശത്ത് ഒരു വലിയ സാമ്പത്തിക പ്രതിസന്ധി വരുന്നു. വിലകള്‍ കുതിച്ചുയരുന്നു. ഇതൊരു തുടക്കം മാത്രമാണ്. നിങ്ങളുടെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കും. ഇപ്പോള്‍ അത് സംഭവിച്ച് കൊണ്ടിരിക്കുകയാണ്, അതാര്‍ക്കും തടയാന്‍ കഴിയില്ല.
മറുവശത്ത് ഇന്ത്യയുടെ സംവിധാനത്തില്‍ സ്ഥാനപരമായ കലാപം നടക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണമായും നിയന്ത്രിക്കപ്പെടുകയാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
പൊതുജനങ്ങളില്‍ നിന്നുള്ള സമ്മര്‍ദം തടയാന്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും, എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ ഭരണകൂടത്തിന്റെ കൈകളില്‍ നിന്ന് നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിംഗ് രീതികളില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും, സാമ്പത്തിക പ്രതിസന്ധി കാരണം ജനങ്ങള്‍ തെരുവിലിറങ്ങുകയും ചെയ്താല്‍ നാളെ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും കടുത്ത ആശങ്കയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ഒരിക്കല്‍ നിയന്ത്രിച്ചിരുന്ന സംവിധാനം തകരുകയാണെന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്ന് നരേന്ദ്ര മോദിക്ക് തന്നെ അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Content Highlight: Modi will step down within a year; I am getting government secrets leaked: Rahul Gandhi